▫️എയര്‍ ബബിള്‍ കരാറുകള്‍ ഈ മാസം 28ന് അവസാനിക്കും
അടുത്ത മാസം 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിച്ചേക്കുമെന്ന് സൂചന. വിദേശത്ത് നിന്ന് എത്തുന്നതിനും പുറപെടുന്നതിനും രാജ്യത്തെ വിമാനത്താവളങ്ങളിൽ സ്റ്റാൻഡേർഡ് ഓപറേറ്റിംഗ് നടപടിക്രമങ്ങൾ പാലിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് സാധാരണ നിലവിൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സിവിൽ ഏവിയേഷൻ മന്ത്രാലയം പരിഗണിക്കുന്നത്. ആരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും.
അന്താരാഷ്ട്ര യാത്രാ വിമാനങ്ങളുടെ നിരോധനം ഫെബ്രുവരി 28ന് അവസാനിക്കും. ഒമാൻ ഉൾപ്പെടെ രാജ്യങ്ങളുമായുള്ള എയർ ബബിൾ കരാറും ഈ മാസം അവസാനം വരെയാണ്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 മാർച് 23 മുതലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചത്. തുടർന്ന് വന്ദേ ഭാരതും ഇതിന് ശേഷം എയർ ബബിൾ കരാറും ആയി കുറഞ്ഞ സർവീസുകൾ മാത്രം പുനഃസ്ഥാപിക്കുകയായിരുന്നു.
കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഇന്ത്യയിലെത്തുന്നവർക്ക് ആർ ടി പി സി ആർ പരിശോധനയും ക്വാറന്റൈൻ ഒഴിവാക്കിയിരുന്നു. നടപടികൾ ലഘൂകരിച്ചതോടെ കൂടുതൽ പേർ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. എങ്കിലും കുറഞ്ഞ വിമാന സർവീസുകൾ കാരണം ഉയർന്ന ടിക്കറ്റ് നിരക്ക് തുടരുന്നത് പലരെയും യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ്.
