നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് വീണ്ടും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതിനെതിരെ പ്രവാസികളില്‍ നിന്നുള്ള പ്രതിഷേധം ശക്തമാകുന്നു. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പടെ സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്.

ഒന്നും രണ്ടും ഡോസ് വാക്സിനുകൾ പോരാത്തതിന് ബൂസ്റ്റര്‍ ഡോസ് അടക്കം സ്വീകരിച്ചവരാണ് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പ്രവാസികളില്‍ ഭൂരിഭാഗവും. പി സി ആര്‍ നെഗറ്റീവ് ഫലവുമായാണ് നാട്ടിലെത്തുന്നത്. കൂടാതെ കേരളത്തിലെ വിമാനത്താവളങ്ങളിലും കൊവിഡ് പരിശോധന നടത്തുന്നു. എന്നാല്‍, ഇതിന് ശേഷം വീണ്ടും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രവാസികളെ അവമതിക്കുന്നതാണെന്നും പ്രവാസ ലോകം ഒന്നടങ്കം പറയുന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ പ്രതിഷേധ പരിപാടികൾ വിവിധ പ്രവാസി സംഘടനകൾ സംഘടിപ്പിച്ചു. ഓൾ കേരള പ്രവാസി അസോസിയേഷൻ ഇന്ന് പ്രതിഷേധ ദിനമായി ആചരിച്ചു. വിവിധ രാജ്യങ്ങളിലെ പ്രവാസികളുടെ പ്രതികരണങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവച്ചു.

കൊവിഡിന്റെ തുടക്കത്തില്‍ കേരളത്തില്‍ പ്രവാസികളോടുണ്ടായ സമീപനത്തില്‍ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 28 ദിവസം വരെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇത് നിരവധി ദുരിതങ്ങളാണ് പ്രവാസികള്‍ക്ക് സമ്മാനിച്ചത്. ബന്ധപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാണാന്‍ പോലും പ്രവാസികള്‍ക്ക് അവകാശങ്ങള്‍ നിഷേധിച്ചിരുന്നു. സമാന സാഹചര്യത്തിലേക്കാണ് വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടെത്തിക്കുകയെന്ന് പ്രവാസികള്‍ ആശങ്കപ്പെടുന്നു.

അതേസമയം, പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോഴും കേരളത്തില്‍ സര്‍ക്കാര്‍ തലത്തിലും പൊതു ഇടങ്ങളിലും ഉള്‍പ്പടെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നതായും പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *