ഖത്തറിൽ ഓൺ അറൈവൽ വിസക്കാർക്ക് ക്വാറൻറീൻ നിർബന്ധമില്ലായിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി മുതൽ ഇന്ത്യക്കാർക്ക് 10 ദിവസ ക്വാറന്‍റീൻ നിർബന്ധമാക്കിയതായി സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. അങ്ങനെ ആണെങ്കിൽ ഹോട്ടൽ താമസം ഡിസ്കവർ ഖത്തർ പോർട്ടൽ വഴി ബുക്ക് ചെയ്യുകയും വേണം. 14 ദിവസം ഖത്തറിൽ തങ്ങിയശേഷമാണ് ഒമാനിലേക്ക് വരാൻ കഴിയുക. 14 ദിവസത്തെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് ഉൾപ്പെടെ ലക്ഷം രൂപയിലധികം ചെലവ് വരും.

https://www.discoverqatar.qa/welcome-home/

അതെ സമയം ക്വാറൻറീൻ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പരക്കുന്ന വാർത്തകൾ വ്യാജമാണെന്നും ഫുൾ വാക്സിൻ എടുത്ത ഇന്ത്യൻ പൗരന്മാർക്ക് ഉള്ള ക്വാറൻറീൻ പോളിസിയിൽ മാറ്റം ഒന്നും വന്നിട്ടില്ലെന്നും ഖത്തറിലെ ഇന്ത്യൻ എംബസി ഒഫീഷ്യൽ ട്വിട്ടർ സന്ദേശത്തിൽ പറയുന്നു.

https://twitter.com/IndEmbDoha/status/1418838804157378566?s=20

ഇന്ത്യയിൽ നിന്നും ഖത്തറിലേക്കുള്ള യാത്രാമാർഗം തുറന്നതോടെ അതുവഴി ഒമാനിലെത്താൻ ഖത്തറിൽ എത്തിയിരിക്കുന്നത് നിരവധി മലയാളികൾ. 14 ദിവസം ഖത്തറിൽ തങ്ങിയവരുടെ ആദ്യ ബാച്ച് മറ്റ് തടസങ്ങളില്ലെങ്കിൽ അടുത്തയാഴ്ച ഒമാനിൽ എത്തുമെന്ന് കരുതുന്നു. ഓൺ അറൈവൽ വിസ പുനഃസ്ഥാപിച്ചതോടെയാണ് ഒമാൻകാർക്ക് ഖത്തർ ഇടത്താവളമായത്. ഈ ഇടത്താവളം പ്രയോജനപ്പെടുത്തി നിരവധി സൗദി, യു.എ.ഇ യാത്രക്കാരും ഖത്തറിൽ എത്തിയിട്ടുണ്ട്.

അതെ സമയം ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് സന്ദർശക വിസയിൽ വരുന്ന വാക്സീൻ എടുത്ത യാത്രക്കാർക്കും ഹോട്ടൽ ക്വാറന്റീൻ വേണമെന്ന നിർദ്ദേശം യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇഹ്തിരാസ് പോർട്ടൽ വഴി യാത്രക്കായി പ്രീ-രജിസ്റ്റർ ചെയ്യുമ്പോഴാണ് റെഡ് ലിസ്റ്റിൽ നിന്നുള്ള രാജ്യക്കാർ ഡിസ്കവർ ഖത്തറിൽ ഹോട്ടൽ ക്വാറന്റീൻ ബുക്ക് ചെയ്യണമെന്ന നിർദ്ദേശമടങ്ങുന്ന ഇമെയിൽ ലഭിക്കുന്നത്. ജൂലൈ 12 ന് പ്രാബല്യത്തിൽ വന്ന പുതിയ ട്രാവൽ നയമനുസരിച്ച്, വാക്സീനേഷൻ പൂർത്തിയാക്കിയ സന്ദർശക വിസയിലുള്ള യാത്രക്കാർക്കും ക്വാറന്റീൻ വേണ്ട എന്ന ഇളവ് നിലനിൽക്കെയാണ് ഇത്. ഇന്നലെയും ഇന്നുമായി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ച പലർക്കും ഇത് ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഖത്തറിന്റെ യാത്രാനയം സംബദ്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭ്യമാകുന്ന ആരോഗ്യമന്ത്രാലയത്തിന്റെ സോഴ്സുകളിൽ ഒന്നും ഇതിനെക്കുറിച്ച് അറിയിപ്പുകൾ ഇല്ലെന്നതും ആശയക്കുഴപ്പം കൂട്ടുന്നു.

 

ഇമെയിലിൽ, യാത്രക്കുള്ള അപ്പ്രൂവൽ കാണിക്കുന്നതിനൊപ്പം പേജിന് താഴെയായാണ് റെഡ് ലിസ്റ്റിൽ നിന്നുള്ള രാജ്യക്കാർക്ക് ക്വാറന്റീൻ ആവശ്യപ്പെട്ട് കൊണ്ട് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇഹ്തിറാസ് ഹെൽപ്ലൈനിൽ വിളിച്ച യാത്രക്കാർക്ക് ഇഹ്തിരാസ് റെജിസ്ട്രേഷനിൽ കാണിക്കുന്നത് എന്താണോ അത് പോലെ തന്നെ ചെയ്യുക എന്നതായിരുന്നു നിർദ്ദേശം. എന്നാൽ ട്രാവൽ നയത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെത്തിയ ശേഷം ഡിസ്കവർ ഹെൽപ്ലൈനുമായി ബന്ധപ്പെട്ട് റീഫണ്ടിന് ശ്രമിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഈ ആശയക്കുഴപ്പത്തിന് ഒരു ആശ്വാസം ആണ് ഇന്ത്യൻ എംബസി യുടെ ട്വിറ്റർ പോസ്റ്റിലൂടെ ലഭിച്ചിരിക്കുന്നത്.

 

 

ഖത്തറിൽ വിസിറ്റിങ്ങ് വിസയിൽ എത്തുന്ന എല്ലാവരും 5000 ഖത്തർ റിയാൽ കയ്യിലോ തത്തുല്യമായ തുകയുള്ള അന്താരാഷ്ട്ര കാർഡോ മറ്റു കറൻസികളോ കരുതണം. നേരത്തെ തന്നെ ഖത്തറിൽ പ്രാബല്യത്തിലുള്ള നിയമമാണിത്. സന്ദർശകർക്ക് ഖത്തറിലെ ചെലവുകൾക്കായുള്ള തുക എന്ന നിലയിലാണ് ഇത് നിര്ബന്ധമാക്കിയത്. എന്നാൽ കർശന പരിശോധനകൾ ഉണ്ടാകാത്തത് കാരണം പ്രധാന നിബന്ധനകളുടെ കൂട്ടത്തിൽ ഇത് പരാമർശിക്കപ്പെടാറില്ല. എന്നാൽ ഇന്നലെ ഖത്തറിലെത്തിയ നിരവധി മലയാളികൾക്ക് തുക കൈവശം ഇല്ലാത്തതിനാൽ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടതും തുടർന്ന് നാട്ടിലേക്ക് തിരികെ മടങ്ങേണ്ടി വരികയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നിബന്ധന വീണ്ടും സജീവമായത്. റാൻഡം പരിശോധനയാണ് പലപ്പോഴും നടക്കുന്നത്. അതിനാൽ തന്നെ എല്ലാവരും പരിശോധിക്കപ്പെട്ടില്ലെങ്കിലും പരിശോധിക്കപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഖത്തറിലെ ചെലവുകൾക്കായി നിശ്ചിത തുക പലരും കരുതാറുമുണ്ട്.

ഓണ്-അറൈവൽ വിസക്കാർക്ക് ഉൾപ്പെടെ എല്ലാ സന്ദർശക വിസ ഹോൾഡേഴ്‌സിനും ഈ നിബന്ധന നിർബന്ധമാണ്. 

ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് കഴിഞ്ഞ ഏപ്രിൽ അവസാനം മുതലാണ് ഒമാൻ വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് നീണ്ടതോടെ അർമേനിയ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ വഴി കുറച്ച് പേർ ഒമാനിൽ തിരികെയെത്തിയിരുന്നു. കൂടുതൽ പേരും ആഗസ്റ്റ് ആദ്യത്തോടെ യാത്രാ വിലക്ക് നീക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടിൽ തുടരുന്നത്. യാത്രാ വിലക്ക് നീക്കാത്ത പക്ഷം എളുപ്പ വഴിയെന്ന നിലയിൽ ഖത്തർ വഴി ഒമാനിലേക്ക് കൂടുതൽ പ്രവാസികൾ എത്തുമെന്നാണ് കരുതുന്നത്. നിരവധി ട്രാവൽ ഏജൻസികൾ ഖത്തർ വഴിയുള്ള പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്.

 

ഖത്തറിൽ ഓൺ അറൈവൽ വിസക്ക് വാക്സിനേഷൻ നിർബന്ധമാണ്. ഖത്തറിലെ ഇഹ്തെറാസ് മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യണം. അതേസമയം, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും വാക്സിൻ എടുക്കാത്തവർക്കും ഖത്തറിലേക്ക് പ്രവേശന അനുമതിയില്ല. ഇത് പ്രവാസികളെ വലക്കുന്നുണ്ട്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചാലും 14 ദിവസം കഴിഞ്ഞ് മാത്രമേ യാത്രക്ക് അനുമതി ലഭിക്കൂ. ഓൺ അറൈവൽ വിസ നിയമപ്രകാരം അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലാത്തതിനാൽ ദോഹയിലിറങ്ങിയ 17 മലയാളികളെ നാട്ടിലേക്ക് തിരിച്ചയച്ചതും ആശങ്കക്കിടയാക്കി. 5000 ഖത്തർ റിയാൽ (529 ഒമാനി റിയാൽ) കൈവശമോ തത്തുല്യമായ തുക ബാങ്ക് അക്കൗണ്ടിലോ കരുതണമെന്നാണ് നിബന്ധന. ഇത് പാലിക്കാത്ത കോഴിക്കോട്ടുനിന്നെത്തിയ യാത്രക്കാരെയാണ് 10 മണിക്കൂറോളം തടഞ്ഞുവെച്ചശേഷം നാട്ടിലേക്ക് മടക്കിയയച്ചത്.

 

ഓണ്-അറൈവൽ വിസയിലെത്തുന്നവർക്ക് നിശ്ചിത ദിവസത്തെക്കുള്ള ഹോട്ടൽ ബുക്കിംഗ് രേഖകളും 6 മാസം കാലാവധിയുള്ള പാസ്പോർട്ടും ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *