ഈ കാലവും കടന്നു പോകും…..
ഏതു കാലം? എത്ര കാലം?
ഇതു പോലുള്ള കാലം ഒരു കാലത്തും ഉണ്ടാവാതിരിക്കട്ടെ!

ഒമാനിലെ സാമൂഹ്യ പ്രവർത്തകനും കേരള പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടറും ഇന്ത്യൻ സോഷ്യൽ ക്ലബ് ന്റെ കമ്മ്യൂണിറ്റി വെൽഫെറെ സെക്രട്ടറിയും ആയ ജാബിർ മാളിയേക്കൽ ഫേസ്ബുക്കിൽ എഴുതുന്നു

എന്തൊരു വല്ലാത്ത കാലം.
കൽപേശിൻ്റെ ഭാര്യയുടെ ഗർഭം മുപ്പത്തിരണ്ടാമത്തെ ആഴ്ചയായിരുന്നു. ഭാര്യക്കും ഭർത്താവിനും കോവിഡ് രോഗം ബാധിച്ചു. ഭാര്യയുടെ അവസ്ഥ മോശമായി. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൻ്റെ അടുത്ത ദിവസം പ്രസവിച്ചു. കുഞ്ഞ് സുഖമായിരിക്കുന്നു. പക്ഷേ തള്ള ഇപ്പോഴും ICU വിൽ അപകടാവസ്ഥയിൽ തന്നെ. സ്വയം രോഗാവസ്ഥയിലുള്ള കൽപേശ് വിളിക്കുന്നു. “സർ എൻ്റെ ഭാര്യയുടെ അവസ്ഥയെക്കുറിച്ച് ഒന്നു അന്വേഷിച്ച് അറിയിക്കാമോ?”. ആശുപത്രിയിൽ ജോലി ചെയ്യുന്ന നല്ലവരായ സുഹൃത്തുക്കൾ കൃത്യമായി വിവരം തരുന്നുണ്ട്. പക്ഷേ ഇതെങ്ങിനെ കൽപേശിനോട് പറയും?
“സാറേ, ഞങ്ങളുടെ അടുത്ത ഫളാറ്റിൽ താമസിക്കുന്ന പ്രമോദ് കോവിഡ് പോസിറ്റീവ് ആയിരുന്നു. കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. വൈകുന്നേരം മുതൽ ശ്വാസം കഴിക്കാനാവുന്നില്ല. മൂന്നു ആശുപത്രിയിൽ പോയി. എവിടെയും സ്ഥലമില്ല. ങ്ങള് വിചാരിച്ചാ നടക്കും. ഏതെങ്കിലുമിടത്ത് സംഘടിപ്പിച്ചു തരാമോ?”. അന്നത് ഇത്തരത്തിൽ പത്താമത്തെ അഭ്യർത്ഥനയാണെന്ന് പറഞ്ഞില്ല. പല ടെലിഫോൺ കോളുകൾക്കു ശേഷം ഒരു ആശുപത്രിയിൽ സ്ഥലം കിട്ടി. പുലർച്ചെ അഞ്ചര മണിക്ക് വീണ്ടും ഫോൺ . “സാർ ആശുപത്രിയിൽ നിന്നും നല്ല സഹകരണം തന്നെ കിട്ടി.. എന്നാൽ പ്രമോദിനെ രക്ഷപ്പെടുത്താനായില്ല. പക്ഷേ ഭാര്യയെ എങ്ങിനെ അറിയിക്കും? അവർക്കും പോസിറ്റീവാ.. കുട്ടിക്ക് രണ്ടു വയസ്സാകുന്നതേ ഉള്ളൂ…”
നാട്ടിൽ നിന്നും രമ്യയുടെ ഫോൺ. “സർ, എൻ്റെ ഭർത്താവ് രാജേഷ്……. ആശുപത്രിയിലുണ്ട്. ഒരു വിവരവും അറിയുന്നില്ല. ഒന്നു വിളിച്ചു നോക്കാമോ?” ചികിത്സിക്കുന്ന ഡോക്ടറെ വിളിച്ചു “critical ആണല്ലോ ജാബിർക്കാ? രക്ഷപ്പെടുന്ന കാര്യം സംശയമാണ്”.
രോഗത്തോട് പൊരുതി രാജേഷ് ഇന്നലെ പരാജയപ്പെട്ടു. രമ്യയുടെ സഹോദരൻ രാവിലെ വിളിച്ചു. “രാജേഷിൻ്റെ അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കും അവസാനമായി ഒന്നു കാണാൻ മൃതദേഹമെങ്കിലും ഒന്നു എത്തിച്ചു തരുമോ സർ?”
“Dear Sir, I am a friend of your cousin Mr. Shamsuddin’s daughter. I am a first year student studying in Bangaluru University . My father Mr.Paul is admitted in……hospital and is in a very critical condition due to covid . I am a single child for my parents and my mother is alone in Oman. Since the regular flight service has been stopped I am not able to come back to Muscat now and be at the side of my mother. Please help me in getting the required help to reach Muscat”. രണ്ടു ദിവസം കഴിഞ്ഞുള്ള mail. “Sir, my father expired yesterday. Please, please, please help me in reaching Muscat so that I could see my father for one last time and be with my
mother”
2020ലെ ലോക് ഡൗൺ സമയത്ത് നാട്ടിൽ അത്യാവശ്യമായി പോകാൻ സാധിക്കാത്തവരുടെ രോദനമായിരുന്നു മനസ്സിനെ വല്ലാതെ അലട്ടിയത്.
കോവിഡിൻ്റെ രണ്ടാം തരംഗം അതിലും വലിയ മാനസിക സംഘർഷമാണ് സൃഷ്ടിക്കുന്നത്.
ആശുപത്രിയിൽ പ്രവേശനം ലഭിക്കാനുള്ള നെട്ടോട്ടം. ആരോഗ്യസ്ഥിതി വഷളാവുമ്പോൾ മെച്ചപ്പെട്ട സൗകര്യം ലഭിക്കുന്നിടത്തേക്ക് മാറ്റാനുള്ള പരക്കം പാച്ചിൽ. ഇവയൊന്നും ലഭിക്കാതിരിക്കുമ്പോഴുള്ള കേണു കൊണ്ടുള്ള അപേക്ഷ. Admit ചെയ്യപ്പെട്ടവരുടെ അവസ്ഥ അറിയാതെയുള്ള പിടച്ചിൽ. അതിനായുള്ള ബന്ധപ്പെടലുകൾ…
സഹായിക്കാൻ പരമാവധി ശ്രമിക്കുമ്പോഴും ലഭ്യമാക്കി കൊടുക്കുമ്പോഴും വല്ലാത്ത നിസ്സഹായാവസ്ഥ.
എല്ലാം കഴിഞ്ഞ് ആശുപത്രി വിടുന്ന ഘട്ടത്തിൽ അതി ഭീമമായ ബില്ലടക്കാൻ പ്രാപ്തിയില്ലാത്ത ദൈന്യത. അതിനു കാശു സംഘടിപ്പിച്ചു കൊടുക്കൽ. ലജ്ജ നഷ്ടപ്പെട്ടു ആശുപത്രി അധികൃതരുടെ മുമ്പിൽ discount നായുള്ള കൈ നീട്ടൽ.
എല്ലാം ചെയ്തിട്ടും മരണം തട്ടിയെടുക്കുമ്പോൾ ഉറ്റവരുടെ മുഖത്തേക്ക് നോക്കുമ്പോൾ, അവരുടെ വിതുമ്പലുകൾ കേൾക്കുമ്പോൾ, ആശ്വപ്പിക്കാൻ വാക്കുകൾ കിട്ടാതെ നെഞ്ചു തകർക്കുന്ന വേദന…..
ടി.വിയിലും മറ്റും മാത്രം കണ്ടിരുന്നത് നേരിട്ട് കാണുന്നു. വാർത്തകളിൽ മാത്രം കേട്ടിരുന്നത് നേരിട്ട് കേൾക്കുന്നു. സർക്കാർ സംവിധാനങ്ങൾ അവരുടെ പരിധിക്കപ്പുറവും ചെയ്യുന്നു. ആരും പ്രതീക്ഷിച്ചിരുന്നതോ പ്രവചിച്ചിരുന്നതോ അല്ല നടക്കുന്നത്. അതിൻ്റെ അങ്കലാപ്പ് എല്ലാവർക്കുമുണ്ട്. എന്നിട്ടും അവർ അതൊന്നും വക വെക്കാതെ, എല്ലാം മറന്ന് കൊണ്ട് അക്ഷീണം പ്രവർത്തിക്കുന്നു. “ജാബിർക്കാ ങ്ങള് പറഞ്ഞ രോഗിക്ക് ഖോലയിൽ ശരിയാക്കി കൊടുത്തിരുന്നു കേട്ടാ. പുലർച്ചെ രണ്ടു മണിയായി ആശുപത്രിയിൽ നിന്നിറങ്ങാൻ. അതാ വിളിക്കാൻ പറ്റാഞ്ഞെ”. ഡോക്ടർ ബഷീറിൻ്റെ ഫോണാണ്.
“ജാബിർക്കാ അയാൾക്ക് വലിയ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ഞാൻ ഫോണിൽ മരുന്നു പറഞ്ഞു കൊടുത്തിട്ടുണ്ട്” ഡോ.ആരിഫാണ്. “You know the situation Jabirkka. We are over worked. But don’t worry. The case you’ve referred has been attended” Dr. Nigel ൻ്റെ നിസ്സഹായാവസ്ഥ.
“സാറേ, സാർ പറഞ്ഞ patient ഇന്നലെ planned for intubation ആയിരുന്നു. പക്ഷേ വൈകിട്ട് bradycardia ആയി arrest അടിച്ചു”. ഞാൻ സഹായിച്ചിട്ടുള്ളതിനെക്കാൾ എന്നെ സഹായിച്ച ബീന സിസ്റ്ററുടെ വോയ്സ് മെസ്സേജ്.
“We have no space, but don’t worry Jabir Sir. We will arrange somewhere else. Please ask Mr. Suhail Khan to contact Srinath”. നാട്ടിലാനുള്ളതെന്നതൊന്നും Farhan നെ സംബന്ധിച്ചൊരു പ്രശ്നമല്ല. സകല പ്രതിബന്ധങ്ങളെയും അവഗണിച്ചു കൊണ്ടു ഓടിയെത്തുന്ന ഈ മുൻ നിര ആരോഗ്യ പ്രവർത്തകരോട് ഏത് രീതിയിലാണ് നന്ദി അറിയിക്കുക? അവരുടെ ത്യാഗസന്നദ്ധതയെ എന്തുവാക്കുകൾ ഉപയോഗിച്ചാണ് വാഴ്ത്തുക? വചനങ്ങൾ അപ്രസക്തമാകുന്ന വല്ലാത്ത കാലം.
കോവിഡ് പ്രതിസന്ധി സമ്പൂർണ്ണ ലോക് ഡൗൺ സമയത്ത് മറ്റൊരു രീതിയിലും എന്നെ വല്ലാതെ ബാധിച്ചിരുന്നു.
ഭക്ഷണക്കിറ്റിനും മരുന്നിന്നും അവശ്യവസ്തുക്കൾക്കും വേണ്ടിയുള്ള കോളുകൾക്കൊപ്പം നാട്ടിലെത്താനുള്ള തത്രപ്പാടിൽ രേഖകൾ WhatsApp ൽ അയക്കുന്ന എണ്ണമറ്റാത്ത കോളുകൾ…. അവരെയെല്ലാം സമാധാനിപ്പിച്ച്, എല്ലാ ഡാറ്റകളും തയ്യാറാക്കി, തുടർ നടപടികൾക്കു വേണ്ടി എമ്പസ്സിയ്ക്കും അധികാരികൾക്കും സമർപ്പിക്കുമ്പോഴേക്കും നേരം പുലരും. പള്ളികളിൽ പ്രാർത്ഥന ഇല്ല. പക്ഷേ സുബഹി വാങ്ക് വിളി കേൾക്കാം. “അസ്സലാത്തു ഖൈറും മിനൻ നൗം”.. ഉറക്കമേ ഇല്ലാത്തവൻ പ്രത്യേകിച്ച് ഉണരേണ്ടതില്ലല്ലോ?
Work at home ആണെങ്കിലും നയാ പൈസ പ്രിമീയം ഇനത്തിൽ ലഭിക്കാത്ത പകലുകൾ. ഇൻഷുറൻസ് കമ്പനികൾക്ക് കൊടുക്കാൻ ഒന്നും ലഭിക്കുന്നില്ല. അവർ കമ്മീഷൻ നൽകുന്നില്ല. ശമ്പളം മുടങ്ങുന്നു. പങ്കാളി നാട്ടിൽ പെട്ടു പോയിരിക്കുന്നു. അദ്ദേഹത്തിനും ഒന്നും ചെയ്യാനാവില്ല. ഇപ്പോഴിതാ അടച്ചു പൂട്ടേണ്ട സാഹചര്യമായിരിക്കുന്നു.
പരിവേദനങ്ങളുമായി സമീപിക്കുന്നവർക്ക് ഇതൊന്നുമറിയേണ്ട. അവരോട് പറഞ്ഞിട്ടും കാര്യമില്ല. തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നവുമായിട്ടാണ് അവരുടെ വരവ്. മരണത്തെ മുഖാമുഖം നേരിട്ടു കണ്ടു കൊണ്ടുള്ള വരവ്. ഉറ്റവരെ നഷ്ടപ്പെട്ടതിൻ്റെ വേദനയുമായുള്ള വരവ്. ഇൻഷുറൻസ് കമ്പനികൾ പിടിമുറുക്കുന്നതൊക്കെ അവരെന്തിനറിയണം?
ജിന്നിന് ചുറ്റും ശൈത്താൻമാർ താണ്ഡവമാടുകയാണെന്ന് അവരോടെന്തിനു പറയണം?
എന്നാൽ അവരോടൊപ്പം നില്ക്കുന്നത്, അവരുടെ കണ്ണീരൊപ്പാൻ ശ്രമിക്കുന്നത് സ്വയം ആശ്വസിക്കാനല്ലെന്നും ജീവിത നിയോഗമാണെന്നും അവർ അറിയണമെന്നുണ്ട് അവരോട് പറയണമെന്നുണ്ട്.
ചുറ്റിലും മരണമാണ്. എല്ലാവരും കരുതിയിരിക്കേണ്ട കാലം. പക്ഷേ ഭയമൊന്നുമില്ല. പെട്ടികളിലൊന്നിൽ ഇടം പിടിക്കേണ്ടി വന്നാലോ ബലദിയ നിർദ്ദേശിക്കുന്നിടത്ത് സംസ്കരിക്കപ്പെടേണ്ടി വന്നാലോ ആര് ചെയ്യണമെന്നും ആരെക്കൊണ്ട് ചെയ്യിക്കരുതെന്നും ഷഹനാക്കറിയാം.
ഈ കാലവും കടന്നു പോകും…..
ഏതു കാലം? എത്ര കാലം?
ഇതു പോലുള്ള കാലം ഒരു കാലത്തും ഉണ്ടാവാതിരിക്കട്ടെ!

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

Leave a Reply

Your email address will not be published. Required fields are marked *