ഒമാനിലെ ഏക മൃഗശാലയായ അൽ നഅ്മാൻ സൂവിന് ആകർഷണമായി പൂർണ വളർച്ചയെത്തിയ സിംഹവും. അലക്സ് എന്നു പേരിട്ടിരിക്കുന്ന സിംഹം കാഴ്ചക്കാരെ ഏറെ ആകർഷിക്കുന്നുണ്ട്. സന്ദർശക കൂട്ടത്തിനടുത്തേക്ക് എത്തുന്ന ഇൗ എട്ടു വയസ്സുകാരൻ പൊതുവെ ശാന്തനായാണ് കാണപ്പെടുന്നത് . അലക്സ് അടക്കം മൂന്നു സിംഹങ്ങളാണ് ഇവിടെയുള്ളത്. മറ്റ് രണ്ടെണ്ണം മൂന്നു വയസ്സ് മാത്രം പ്രായമുള്ളതാണ്.
രണ്ടു സിംഹങ്ങൾ ഏതാനും വർഷം മുമ്പ് മരിച്ചിരുന്നു. അലക്സ് കൂട്ടുകാർക്ക് ഒപ്പം സന്തുഷ്ടനാണെന്നു മൃഗ ശാലയുടെ ഉടമ അഹമദ് അൽ ബലൂഷി പറയുന്നു. അടുത്ത സുഹൃത്ത് സമ്മാനമായി നൽകിയ അലക്സിനെ കഴിഞ്ഞ ആഴ്ചയാണ് മൃഗശാലയിൽ എത്തിച്ചത്. കുട്ടികൾ അലക്സിനെ ഏറെ ഇഷ്ടപ്പെടുന്നു. കാഴ്ചക്കാർ അതിെൻറ ഗാംഭീര്യത്തെയും നിറത്തെയും പ്രശംസിക്കുന്നുമുണ്ടെന്ന് ഉടമ പറയുന്നു. ഡോക്ടർ എല്ലാ സമയവും അലക്സിനൊപ്പമുണ്ട്. ദിവസവും ആറു മുതൽ എട്ടു കിലോ വരെ മാംസമാണ് സിംഹം കഴിക്കുന്നത്. അലക്സ് വന്ന ശേഷം സന്ദർശകരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ പോയ മൃഗങ്ങളെയും മൃഗശാലയും കാണാത്തവർക്ക് നല്ലൊരു അവസരമാണ് അൽ നഅ്മാൻ സൂ. വിവിധ തരം മൃഗങ്ങളും അവരുടെ ജീവിതപരിസരവും അടുത്തറിയാൻ മൃഗശാല സഹായകമാവും. കടുവകൾ, ഒട്ടകപ്പക്ഷികൾ, ചിമ്പാൻസി, കുറുക്കന്മാർ, കഴുതപ്പുലി, മുള്ളൻപന്നി, ഉടുമ്പ്, മുയൽ, കുരങ്ങ്, മാൻ അടക്കം നിരവധി മൃഗങ്ങൾ ഈ മൃഗ ശാലയിൽ ഉണ്ട് . പല നിറത്തിലും വർഗ്ഗത്തിലും ഉള്ള പക്ഷികൾ, പാമ്പുകൾ തുടങ്ങി വിവിധ ജീവി വൈഭവത്തിന്റെ ഒരു കേന്ദ്രം തന്നെയാണ് ഇത്. ദിനേന വിവിധ രാജ്യക്കാരായ സന്ദർശകരാണ് ഈ മൃഗശാല സന്ദർശിക്കുന്നത്
ചിത്രത്തിന് കടപ്പാട് :- മാധ്യമം ഓൺലൈൻ