വീഴ്ചയിൽ കൈക്ക് പരുക്കേറ്റ്‌ ജോലിക്ക്‌ പോകാൻ കഴിയാതെ പരിസരവാസികളുടെ സഹായത്തിൽ കഴിഞ്ഞു കൊണ്ടിരുന്ന മലയാളി വനിത ഹരിപ്പാട് സ്വദേശിനിക്ക് കൈത്താങ്ങായി റൂവി  കെഎംസിസി

റൂവി കെഎംസിസി നേതാവ് മുഹമ്മദ് വാണിമേൽ ഫേസ്ബുക്കിൽ എഴുതുന്നു 

വീട്ടു ജോലിക്കും മറ്റുമായി ഒമാനിൽ പ്രവാസം തേടിയിരുന്ന ഒട്ടേറെ മലയാളി വനിതകൾ കോവിഡ്‌കാല പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയാതെ ഇതുവരേ നാടണഞ്ഞിട്ടുണ്ട്‌. ജോലി നഷ്ടപ്പെട്ടവരും നാട്ടിൽ പോകാൻ മതിയായ രേഖകൾ കൈവശമില്ലാത്തവരുമായ ഒട്ടേറെ പ്രവാസികൾ പൊതുമാപ്പ്‌ വഴിയും അല്ലാതെയും ഇന്ത്യയിലേക്ക്‌ തിരികെ പോകാൻ റുവി കെ എം സി സിയുടെ സഹായം തേടി വരികയും ഒന്നൊഴിയാതെ കയറ്റി അയക്കുകയും ചെയ്തു.

പലരുടെയും ജീവിതാവസ്ഥകൾ കേട്ടാൽ അതിശയപ്പെട്ടു പോവുക പതിവാണ്‌. വീടകങ്ങളിൽ ഭർത്താവിന്റെ സംരക്ഷണത്തിൽ കഴിയുന്ന അമ്മയും തൊഴിൽ തേടി പുറത്തേക്ക്‌ പോകുന്ന അമ്മമാരും രണ്ടും രണ്ടാണ്‌. എത്ര കടപ്പെട്ടാലും തല കുനിച്ചാലും പകരമാവില്ല നമുക്കവരോട്. എന്തെല്ലാം വ്യഥകൾ തരണം ചെയ്താണ്‌ അവർ മറ്റുള്ളവർക്ക്‌ തണൽ നൽകുന്നത്‌.

 

നാട്ടിൽ സ്വന്തമായി വീടോ, സഹായത്തിന്‌ ഉറ്റ ബന്ധുക്കളോ ഇല്ലാത്ത കാരണത്താലാണ്‌ കഴിയുന്നത്രയും ഒമാനിൽ തന്നെ ജോലി ചെയ്ത്‌ ജീവിതം മുന്നോട്ട്‌ കൊണ്ടു പോകാമെന്ന് കരുതിയത്‌ എന്നാണ്‌ കഴിഞ്ഞ വാരം പരിചയപ്പെട്ട സാറാമ്മ പറഞ്ഞത്‌. ആകെ അവർക്കുള്ള സൗകര്യം ജോലിയുണ്ട്‌ എന്നത്‌ മാത്രമായിരുന്നു. അറുപത്തി രണ്ട്‌ കഴിഞ്ഞും തുടരുന്ന അവരുടെ ലക്ഷ്യം കണക്കുകൂട്ടലുകൾക്കപ്പുറത്തേക്ക്‌ പ്രതിസന്ധികൾ തകർത്തു കളഞ്ഞതോടെയാണ്‌ ഞങ്ങളെ ബന്ധപ്പെടുന്നത്‌.

അവരുടെ നിസ്സഹായ അവസ്ഥ ഹരിപ്പാട്‌ എം.എൽ.എയും മുൻ പ്രതിപക്ഷ നേതാവുമായ ശ്രീ.രമേശ്‌ ചെന്നിത്തലയെ ബന്ധപ്പെടുത്തി‌ ശിഷ്ടകാലം നാട്ടിൽ കഴിയാനുള്ള അടിയന്തിര സഹായങ്ങൾ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി ചെയ്തിട്ടുണ്ട്‌. ഇന്നലെ അവർ സന്തോഷത്തോടെ നാട്ടിലേക്ക്‌ തിരിച്ചു.

വീഴ്ചയിൽ കൈക്ക് പരുക്കേറ്റ്‌ ജോലിക്ക്‌ പോകാൻ കഴിയാതെ പരിസരവാസികളുടെ സഹായത്തിൽ കഴിഞ്ഞു കൊണ്ടിരുന്ന മലയാളി വനിതയെ സഹായിക്കണമെന്ന അഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്യേഷണത്തിലൂടെയാണ്‌ സാറാമ്മ എന്ന ധീര വനിതയെ പ്രവാസം പരിചയപ്പെടുത്തി തന്നത്‌. ഹരിപ്പാട്‌ ഒമാൻ കൂട്ടായ്മയുടെ സഹായവും സാറാമ്മയുടെ മടക്കയാത്രക്ക്‌ ഏറെ സഹായകമായിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *