മസ്‌കറ്റ്:- കോവിഡ് ഉയര്‍ത്തിയ ആരോഗ്യ ഭീഷണി കാരണം എട്ടുമാസമായി അടഞ്ഞുകിടന്നിരുന്ന പള്ളികള്‍ നാളെ തുറക്കുന്നു. കര്‍ശന ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പള്ളികള്‍ തുറക്കുക. 400 പേര്‍ക്കോ അതില്‍ കൂടുതല്‍ പേര്‍ക്കോ പ്രാര്‍ഥന നടത്താന്‍ സൗകര്യമുള്ള 3000 പള്ളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തുറക്കാന്‍ അനുമതി. പള്ളികള്‍ തുറക്കുന്നതിനായുള്ള പെര്‍മിറ്റിന് ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. തുറക്കുന്നതിന്റെ ഭാഗമായി അണുനശീകരണം നടത്തുക, ഒന്നര മീറ്റര്‍ അകലത്തില്‍ പ്രാര്‍ഥന സ്ഥലം അടയാളപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നു. മുന്‍കരുതല്‍ ലംഘിച്ചാല്‍ പള്ളികളുടെ തുറക്കുവാനുള്ള അനുമതി പിന്‍വലിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മസ്ജിദില്‍ പ്രാര്‍ഥനക്ക് പോവുന്നവര്‍ക്ക് കര്‍ശന നിബന്ധനകളാണ് അധികൃതര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഓരോ പ്രാര്‍ഥന സമയത്തും പരമാവധി 25 മിനിറ്റ് മാത്രമാണ് പള്ളികള്‍ തുറക്കുക. കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരോ കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉള്ളവരോ രോഗിയുമായി ഇടപഴകിയവരോ മസ്ജിദില്‍ പ്രവേശിക്കരുത്. പ്രാര്‍ഥന കഴിഞ്ഞ ഉടനെ പിരിഞ്ഞുപോവുകയും വേണം. പള്ളികളിലെ ഖുര്‍ആന്‍ പാരായണത്തിന് ഉപയോഗിക്കരുത്. വാട്ടര്‍ കൂളര്‍ പ്രവര്‍ത്തിപ്പിക്കരുത്. എല്ലാ ശൗചാലയങ്ങളും അടച്ചിടും. പ്രാര്‍ഥനക്കെത്തുന്നവര്‍ നമസ്‌കാര പായ കരുതണം. പ്രാര്‍ഥനക്കെത്തുന്നവര്‍ മസ്ജിദില്‍ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ അണുനശീകരണം നടത്തണം. മസ്ജിദിനുള്ളില്‍ എല്ലാ സമയവും മാസ്‌ക് ധരിച്ചിരിക്കണം. പ്രാര്‍ഥന നടത്തുമ്പോള്‍ ഒന്നര മീറ്റര്‍ അകലം പാലിച്ചിരിക്കണം. മസ്ജിദുകളില്‍ പ്രവേശിക്കുന്നവര്‍ ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പള്ളി നടത്തിപ്പുകാരുടെ ഉത്തരവാദിത്തമാണ്.