പള്ളിയിൽ പോകാൻ കഴിയാത്ത ഈ സാഹചര്യത്തിൽ പെരുന്നാൾ ആഘോഷിക്കണോ..?
ഇസ്ലാമിൽ പ്രധാനമായി രണ്ട് ആഘോഷങ്ങളാണുള്ളത്. ഈദുൽ ഫിത്വർ, ഈദുൽ അള്ഹ… ഏത് സാഹചര്യത്തിലും പുതു വസ്ത്രം ധരിച്ചും കുടുംബ ബന്ധം ചേർത്തും സ്നേഹാശംസകൾ പരസ്പരം കൈമാറിയും ആഭാസങ്ങളാക്കാത്ത രൂപത്തിൽ ആഘോഷിക്കൽ മുഅമിനിന്റെ ബാധ്യതയാണ്.
കടംവാങ്ങി ഷോപ്പിംഗ് മാളുകൾ കയറിയിറങ്ങണം എന്നല്ല, മറിച്ച് ഉള്ളതിൽ ഏറ്റവും പുതിയത് ധരിക്കണം എന്നർത്ഥം.
താമസസ്ഥലത്തു പെരുന്നാൾ നിസ്ക്കരിക്കാമോ..?
നിസ്ക്കരിക്കാം. കഴിയുമെങ്കിൽ ജമാഅത്തായും ഇല്ലെങ്കിൽ തനിച്ചും നിസ്ക്കരിക്കൽ ശക്തിയായ സുന്നത്താണ്.
ളുഹ്റിന്റെ മുമ്പ് എപ്പോഴെങ്കിലും നിസ്കരിച്ചാൽ മതിയോ..?
സൂര്യൻ ഉദിച്ച് ഏകദേശം 20 മിനുട്ട് കഴിഞ്ഞത് മുതൽ ളുഹ്ർ വരേയാണ് പെരുന്നാൾ നിസ്ക്കാരത്തിന്റെ അദാആയ സമയം. ഇതിനിടയിൽ എപ്പോഴെങ്കിലും നിസ്ക്കരിച്ചാൽ മതി. എങ്കിലും സൂര്യൻ ഉദിച്ച് 20 മിനുട്ട് കഴിഞ്ഞ ഉടനെ നിസ്ക്കരിക്കലാണ് ഏറ്റവും ശ്രേഷ്ഠമായത്.
പെരുന്നാൾ നിസ്കാരം ഖളാ വീട്ടൽ സുന്നത്തുണ്ടോ..?
അതെ. എന്തെങ്കിലും കാരണം കൊണ്ട് അദാആയി നിസ്ക്കരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഖളാഅ് വീട്ടൽ സുന്നത്താണ്.
പള്ളിയല്ലാത്ത സ്ഥലത്ത് പെരുന്നാൾ നിസ്ക്കരിക്കുമ്പോൾ ഖുതുബ ഓതേണ്ടതുണ്ടോ..?
എവിടെ നിസ്ക്കരിച്ചാലും പുരുഷൻമാർക്ക് ജമാഅത്തായി നിസ്ക്കരിക്കുമ്പോൾ ഖുതുബ സുന്നത്തുണ്ട്. തനിച്ച് നിസ്ക്കരിക്കുമ്പോൾ ഖുതുബ സുന്നത്തില്ല. ഓർക്കുക ”ഏറ്റവും കുറഞ്ഞ ജമാഅത്ത് രണ്ടാളാണ്” ജുമുഅപോലെ നാൽപത് ആളുകൾ എന്ന നിബന്ധന പെരുന്നാൾ ഖുത്ബക്കില്ല.
മൊബൈലിൽ നോക്കി ഖുതുബ ഓതാമോ..?
മൊബൈലിലോ കിതാബിലോ പേപ്പറിലോ എവിടെ നോക്കിയും ഓതാം. ഖുതുബയുടെ നിർബന്ധ നിബന്ധനകൾ പാലിക്കണം എന്നു മാത്രം.
ഖുത്ബയുടെ നിർബന്ധ നിബന്ധനകൾ എന്തൊക്കെ..?
ഒരു ഖുത്ബ ശരിയാകണമെങ്കിൽ അതിന് അഞ്ചു നിബന്ധനകൾ പാലിക്കണം…
1) പ്രപഞ്ചനാഥനായ അല്ലാഹുﷻവിനെ സ്തുതിച്ചുകൊണ്ടായിരിക്കണം ഖുത്ബ തുടങ്ങേണ്ടത്.
2) അന്ത്യപ്രവാചകനായ മുഹമ്മദു നബിﷺയുടെ പേരിൽ സ്വലാത്ത് ചൊല്ലുക.
3) തഖ് വ (ദൈവഭക്തി) കൊണ്ട് വസ്വിയത്ത് ചെയ്യുക.
4) ഖുർആനിൽ നിന്ന് ഒരു ആയത്തെങ്കിലും ഓതുക.
5) ലോക മുസ്ലിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക.
സ്ത്രീകൾക്ക് പെരുന്നാൾ നിസ്കാരത്തിൽ ജമാഅത്തും ഖുതുബയും സുന്നത്തുണ്ടോ..?
ജമാഅത്ത് സുന്നത്തുണ്ട്. ഖുതുബ സുന്നത്തില്ല.
പെരുന്നാൾ നിസ്ക്കാരത്തിൽ തക്ബീർ മറന്നാൽ എന്ത് ചെയ്യണം..?
ഒന്നാമത്തെ റക്അത്തിൽ ഫാതിഹക്ക് മുമ്പ് ഏഴും, രണ്ടാം റക് അത്തിൽ അഞ്ചും തക്ബീർ സുന്നത്താണ്. തക്ബീർ മറന്ന് ഫാതിഹ തുടങ്ങിയാൽ തക്ബീറിലേക്ക് മടങ്ങാൻ പാടില്ല. പകരം സഹ്‌വിന്റെ സുജൂദ് ചെയ്യൽ സുന്നത്തില്ല.
ഈ മഹാമാരി കാലത്തു നാടിന്റെയ് നിയമങ്ങൾ അനുസരിച്ചു പെരുന്നാൾ ആഘോഷിച്ചു നമുക്ക് നല്ലൊരു നാളേക്കായി സർവെശ്വരനോട് പ്രാർത്ഥിക്കാം.
എല്ലാവര്ക്കും ഇന്സൈഡ് ഓമന്റെയ് ഈദ് ആശംസകൾ.
പെരുന്നാൾ നിസ്ക്കാരം, പൂർണ്ണ രൂപം
പെരുന്നാൾ നിസ്കാരം അതിപ്രബലങ്ങളായ സുന്നത്ത് നിസ്കാരങ്ങളിലൊന്നാകുന്നു. മുസ്ലിംകൾക്ക് രണ്ടേ രണ്ട് പെരുന്നാളുകളാണുള്ളത്.
1) ഈദുല്‍ ഫിത്ർ
(ചെറിയ പെരുന്നാള്‍)
2) ഈദുല്‍ അള്ഹാ
(വലിയ പെരുന്നാള്‍)
മനുഷ്യ സമൂഹത്തിന് സത്യത്തിന്റെയും നീതിയുടെയും വിജയത്തിന്റെയും മാർഗ്ഗം കാണിച്ചു കൊടുക്കാൻ വേണ്ടി അവതീർണ്ണമായ അവസാനത്തെ വേദഗ്രന്ഥമാണല്ലൊ വിശുദ്ധ ഖുർആൻ. അതിന്റെ അവതരണം ആരംഭിച്ചത് റമളാൻ മാസത്തിലാണ്. മനുഷ്യസമൂഹത്തെ സംബന്ധിച്ചിടത്തോളം അതി മഹത്തായ ഒരു സംഭവമായിരുന്നു അത്. അതിന്റെ നന്ദി സൂചകമായി അല്ലാഹുﷻവിന്റെ ആജ്ഞയനുസരണം മുസ്ലീംകൾ എല്ലാ വർഷവും റമളാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുകയും മറ്റു ആരാധനാ കർമ്മങ്ങളിൽ നിരതരാവുകയും ചെയ്യുന്നു. ഇതിന്റെ വിജകരമായ പരിസമാപ്തിയെയാണ് ശവ്വാൽ മാസം ഒന്നിന് ഈദുൽ ഫിത്റായി നാം ആഘോഷിക്കുന്നത്…
ഇസ്ലാമിന്റെ അഞ്ചാമത്തെ ഫർളും അതിമഹത്തായ ഒരു ആരാധനാ കർമ്മവുമാണ് ഹജ്ജ്. അല്ലാഹുﷻവിന്റെ ആജ്ഞയനുസരിച്ച് ഇബ്റാഹീം നബി (അ) തന്റെ പുത്രൻ ഇസ്മാഈൽ നബി (അ)നെ ബലി കൊടുക്കാൻ തയ്യാറായതുൾപ്പെടെ നിരവധി ചരിത്ര സംഭവങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് ഹജ്ജ് കർമ്മം…
ലോകത്തിന്റെ നാനാഭാഗത്തു നിന്നുമായി ദശലക്ഷക്കണക്കിന് മുസ്ലിംകൾ ഒരേ വിശ്വാസത്തോടും ഒരേ ഉദ്ദേശ്യത്തോടും ഒരേ ലക്ഷ്യത്തോടും കൂടി ഒത്തു ചേരുന്ന ഹജ്ജ് കർമ്മം ജീവിതത്തിന്റെ നാനാമേഖലകളിലും ഒട്ടേറെ പ്രയോജനങ്ങൾ നേടിത്തരുന്ന ഒന്നാണ്. ഇതിന്റെ വിജയകരമായ പരിസമാപ്തിയിലുള്ള സന്തോഷ സൂചകമായി ദുൽഹജ്ജ് മാസം 10 നു മുസ്ലിംകൾ ബലി പെരുന്നാൾ ആഘോഷിക്കുന്നു.
പെരുന്നാള്‍ നിസ്കാരം പള്ളിയില്‍ വെച്ച് നിര്‍വ്വഹിക്കണ് ഏറ്റവും ശ്രേഷ്ഠത. പള്ളിയില്‍ സൗകര്യക്കുറവാണെങ്കില്‍ വിശാലമായ തുറന്ന മൈതാനങ്ങളില്‍ നിസ്കരിക്കാം.
വലിയ പെരുന്നാളിന് നിസ്കാരത്തിന് മുമ്പ് ഭക്ഷണം കഴിക്കാതിരിക്കലും, ചെറിയ പെരുന്നാളിന് നിസ്കാരത്തിന് മുമ്പ് ഭക്ഷണം കഴിക്കലുമാണ് സുന്നത്ത്.
പെരുന്നാളുകള്‍ വന്നാല്‍ പുലര്‍ച്ചതന്നെ കുളിച്ച് ഏറ്റവും നല്ല വസ്ത്രങ്ങള്‍ ധരിച്ച് സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് പള്ളിയിലേക്ക് പുറപ്പെടണം. ഏറ്റവും നേരത്തെ പോവുക, പള്ളിയിലേക്ക് പോകുന്നതും മടങ്ങുന്നതും രണ്ടു വഴികളില്‍കൂടിയാവുക തുടങ്ങിയതെല്ലാം സുന്നത്താണ്.
ഈ രണ്ട് ആഘോഷ ദിനങ്ങളിലും പ്രതിഫലാര്‍ഹമായ നിരവധി കര്‍മ്മങ്ങള്‍ നമുക്ക് ചെയ്യാനുണ്ട്…
രണ്ടു പെരുന്നാളിനും ഈ രണ്ട് റക്അത്ത് നിസ്കാരം സുന്നത്തുണ്ട്. പ്രായഭേദമന്യേ എല്ലാവരും ഇത് നിസ്കരിക്കല്‍ ശക്തമായ സുന്നത്താണ്.
പെരുന്നാള്‍ നിസ്കാരത്തിന്റെ സമയം സൂര്യന്‍ ഉദിച്ച് അല്‍പം കഴിഞ്ഞതു മുതല്‍ ഉച്ചതിരിയുന്നതു വരെയാണ്. എന്നാലും സൂര്യൻ ഒരു ശൂലത്തോളം ഉയർന്നതിന് ശേഷം നിസ്കരിക്കുന്നതാണ് ഏറ്റവും ഉത്തമം.
ചെറിയ പെരുന്നാളിനു ചെറിയ പെരുന്നാല്‍ നിസ്കാരമെന്നും, വലിയ പെരുന്നാളിന് വലിയ പെരുന്നാള്‍ നിസ്കാരമെന്നും നിയ്യത്ത് ചെയ്ത് തക്ബീർ ചൊല്ലി കൈ കെട്ടണം. പിന്നീട് പ്രാരംഭ പ്രാർത്ഥന (വജ്ജഹ്തു) ചൊല്ലുക. അതിന് ശേഷം ഏഴു പ്രാവശ്യം തക്ബീർ ചൊല്ലണം. “അല്ലാഹു അക്ബർ ” എന്നാണ് തക്ബീർ ചൊല്ലേണ്ടത്. ഓരോ തക്ബീർ ചൊല്ലുമ്പോഴും കൈ ഉയർത്തുകയും പിന്നീട് താഴ്ത്തിക്കെട്ടുകയും വേണം. രണ്ടാമത്തെ റക്അത്തില്‍ ഫാത്വിഹാക്ക് മുമ്പ് അഞ്ച് തക്ബീറുകളാണ് ചൊല്ലേണ്ടത്. സുജൂദിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ചൊല്ലുന്ന തക്ബീറിന് പുറമേയാണ് ഈ അഞ്ച് തക്ബീറുകൾ ചൊല്ലേണ്ടത്. രണ്ട് റക്അത്തുകളിലും മേൽപറഞ്ഞ തക്ബീറുകൾക്കിടിയിൽ ഈ ദിക്റ് ചൊല്ലുന്നത് സുന്നത്താണ്.
سُبْحَانَ اللهِ وَالْحَمْدُ للهِ وَلاَ إِلٰهَ إلاَّ اللهُ اللهُ أكْبَرْ
(സുബ്ഹാനള്ളാഹി വല്‍ഹംദുലില്ലാഹി വലാ ഇലാഹ ഇല്ലള്ളാഹു അള്ളാഹു അക്ബര്‍)
അർത്ഥം :- അല്ലാഹു പരിശുദ്ധൻ. സർവ്വസ്തുതിയും അല്ലാഹുവിന്നാകുന്നു. അല്ലാഹു ഒഴികെ ഒരു ആരാധ്യനുമില്ല. അല്ലാഹു ഏറ്റവും വലിയവനാണ്.
രണ്ട് റക്അത്തുകളിലും അവസാനത്തെ തക്ബീർ ചൊല്ലുന്നതോടെത്തന്ന അഊദു ഓതി ഫാതിഹ ചൊല്ലുക. ആദ്യത്തെ റക്അത്തില്‍ ഫാതിഹക്ക് ശേഷം “سَبِّحِ اسْمَ رَبِّكَ الْأَعْلَى ” എന്ന് തുടങ്ങുന്ന സൂറത്ത് ഓതുക. രണ്ടാമത്തെ റക്അത്തില്‍ ഫാതിഹക്ക് ശേഷം “هَلْ أَتَاكَ حَدِيثُ الْغَاشِيَةِ ” എന്ന് തുടങ്ങുന്ന സൂറത്തും ഓതേണ്ടതാണ്. മറ്റു സൂറത്തുകളും ഓതാവുന്നതാണ്. ഒറ്റക്ക് നിസ്കരിക്കുന്നവരും ഇമാമും ഉറക്കെയാണ് തക്ബീറുകളും ഫാതിഹയും സൂറത്തും. ഓതേണ്ടത്. മുതിർന്നവരും കുട്ടികളും വൃദ്ധൻമാരും എല്ലാം അതിൽ പങ്കെടുക്കേണ്ടതാണ്…
നിസ്കാരത്തിനു ശേഷം ജുമുഅയുടെ ഖുത്തുബ പോലെ രണ്ടു ഖുത്തുബ ഓതണം. ആദ്യത്തെ ഖുത്തുബക്ക് മുമ്പ് ഒമ്പതും, രണ്ടാമത്തെ ഖുത്തുബക്ക് മുമ്പ് ഏഴും തക്ബീറുകള്‍ ചൊല്ലണം. ഖുതുബ ഹൃസ്വവും കാര്യമാത്ര പ്രസക്തവുമായിരിക്കണം. ദാനധർമ്മങ്ങൾക്കും ജനസേവനത്തിനും പ്രേരണ നൽകുന്നതും മുസ്ലിംകളെ ബാധിക്കുന്ന ആനുകാലിക പ്രശ്നങ്ങൾ പരാമർശിക്കുന്നതുമായിരിക്കണം…
ചെറിയ പെരുന്നാളിന്റെ തലേ ദിവസം ചന്ദ്രനെ കണ്ടത് മുതൽ പെരുന്നാൾ നിസ്കാരം വരെയും, ബലി പെരുന്നാളിന് ദുൽഹജ്ജ് മാസം 9-നു സുബ്ഹ് മുതൽ 13-നു അസ്വർ വരെയും സംഘം ചേർന്നും ഒറ്റക്കും തക്ബീർ ചൊല്ലുന്നത് പ്രബലമായ സുന്നത്താണ് …
തക്ബീറിന്റെ പൂർണ്ണരൂപം ഈ പറയുന്നതാണ് …
اللّهُ أكبر اللّهُ أكبر اللّهُ أكبر
لا إلَهَ الا اللّه اللّهُ أكبر اللّهُ
اكبر و لِلّه الحمدَ
( അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍
ലാഇലാഹ ഇല്ലള്ളാഹു അള്ളാഹു അക്ബര്‍
അള്ളാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്. )
അർത്ഥം :- അല്ലാഹുവാണ് ഏറ്റവും വലിയവൻ. അല്ലാഹു അല്ലാതെ ഒരു ആരാധ്യനും ഇല്ല. അല്ലാഹു ആണ് ഏറ്റവും വലിയവൻ. സർവ്വസ്തുതിയും അല്ലാഹുവിന്നാകുന്നു…
പെരുന്നാൾ ദിവസങ്ങളിൽ തക്ബീർ, നിസ്കാരം, ദാനധർമ്മങ്ങൾ, ബലി കർമ്മം തുടങ്ങിയ പുണ്യകർമ്മങ്ങൾ ചെയ്യാൻ നാം പരമാവധി ശ്രമിക്കേണ്ടിയിരിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് സുന്നത്തായ മറ്റു പല കാര്യങ്ങളുമുണ്ട്. അവയൊക്കെ അനുഷ്ഠിക്കാൻ നാം ഉത്സാഹം കാണിക്കണം. നിഷിദ്ധ കാര്യങ്ങൾ ചെയ്ത് പെരുന്നാളിന്റെ പവിത്രത നശിപ്പിക്കാൻ നാം തുനിയരുത്.
അല്ലാഹു സുബ്ഹാനഹുവതാല അമലുകൾ സൂക്ഷ്മതയോടുകൂടി ചെയ്യാനും, അത് നിലനിർത്തിപ്പോരാനും തൗഫീഖ് ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീന്‍
I love this kids coding concept by WhiteHat Jr–and thought it would be great for your Kid! – Get an exclusive FREE Trial Class using my unique link:
https://code.whitehatjr.com/trial/register?ref=RAF1917938
Adv.