പ്രളയം ബാധിച്ച ബാത്തിന മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി റുവി കെ.എം.സി.സി. ചെളിയും വെള്ളവും നിറഞ്ഞ് തികച്ചും ഉപയോഗ ശൂന്യമായ പാർപ്പിട കേന്ദ്രങ്ങളിലേക്ക് തൊഴിലാളികളുൾപ്പെടുന്ന അമ്പതംഗ സംഘത്തെ എത്തിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അത്യാവശ്യമായി ഈ പ്രദേശത്തുകാർക്ക് ലഭിക്കേണ്ട വെള്ളവും ഭക്ഷ്യ വിഭവങ്ങളും, കിടക്ക, മറ്റ് അത്യാവശ്യ സാമഗ്രികൾ ഇന്ന് വൈകുന്നേരം ആവശ്യക്കാരെ കണ്ടെത്തി വിതരണം ചെയ്യുമെന്ന് റുവി കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
ദുരിത ബാധിതരായ ഇന്ത്യക്കാരെ സന്ദർശ്ശിച്ച ഇന്ത്യൻ എംബസി അധികൃതരെ കെ.എം.സി.സി അനുഗമിച്ചു. റുവി കെ.എം.സി.സിയുടെ അടിയന്തിര സഹായം വലിയ ആശ്വാസമായെന്ന് പ്രദേശവാസികൾ പറഞ്ഞു. വയനാട് ജില്ലാ കെ.എം.സി. സി ജനറൽ സെക്രട്ടറി റിയാസ് വയനാട്, ബിദായ കെ.എം.സി.സി നേതാവ് ഇസ്മായിൽ സി. എച്ച്, മസ്കത്ത് കെ.എം.സി.സി സീനിയർ നേതാവ് പി.ടി.എ റഷീദ്, സഹം കെ.എം.സി.സി നേതാക്കളായ ഷുകൂർ സഹം, റഷീദ്, ഗഫാർ, സുബൈർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഏറ്റവും കൂടുതൽ ദുരിതങ്ങൾ സംഭവിച്ച ബിദായ പ്രദേശത്ത് ക്യാമ്പ് ചെയ്ത് കൊണ്ട് പ്രവർത്തനങ്ങൾ തുടരുമെന്ന് നേതാക്കൾ അറിയിച്ചു.