"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
സെപ്തംബർ ഒന്ന് മുതൽ ഒമാൻ ഇന്ത്യക്കാർക്കുൾപ്പടെ പ്രവേശനാനുമതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. കേരള സെക്ടറുകളിൽ നിന്ന് മസ്കത്തിലേക്ക് അഞ്ചിരട്ടിയോളം നിരക്ക് വർധിച്ചു. ആദ്യ ദിവസങ്ങളിൽ ടിക്കറ്റ് ലഭിക്കാനില്ലാത്ത സാഹചര്യമാണ്. എയർ ബബിൾ കരാർ പ്രകാരമുള്ള സർവീസുകൾ മാത്രമാണ് നിലവിലുള്ളത് എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഒമാനിൽ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കിലും നേരിയ വർധനവുണ്ടായി.
സെപ്തംബർ ആദ്യ വാരങ്ങളിൽ കൊച്ചിയിൽ നിന്ന് മസ്കത്തിലേക്ക് 235 ഒമാൻ റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക്. സെപ്തംബർ 15ന് ശേഷം മാത്രമാണ് ടിക്കറ്റ് നിരക്ക് കുറയുന്നത്. അപ്പോഴും 150 റിയാലിന് മുകളിൽ നൽകണം. തുടർന്നുള്ള ദിവസങ്ങളിൽ നേരിയ തോതിൽ നിരക്ക് കുറയുണ്ടെങ്കിലും 100 റിയാലിന് മുകളിലാണ് നിരക്ക്.
മടങ്ങിവരാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിൽ കഴിയുന്ന പ്രവാസികൾക്ക് ഒമാനിലേക്കുള്ള ഉയർന്ന ടിക്കറ്റ് നിരക്ക് തിരിച്ചടിയാകും. കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ ഏർപ്പെടുത്തിയ യാത്രാ വിലക്ക് പിൻവലിച്ചപ്പോഴാണ് ഇതിന് മുമ്പ് ഇത്രയും ഉയർന്ന ടിക്കറ്റ് നിരക്ക് നൽകേണ്ടിവന്നത്. കുറഞ്ഞ സർവീസുകൾ മാത്രമാണ് ഇന്ത്യക്കും ഒമാനും ഇടയിൽ നിലവിലുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് നിരക്ക് കുറയുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രവാസികൾ.