യാത്ര വിലക്കുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും NEET പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് മസ്‌ക്കറ്റ് കെഎംസിസി അധ്യക്ഷൻ അഹമ്മദ് റയീസ് ആവശ്യപ്പെട്ടു.
നിലവിൽ ഒരുപാട് വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതാൻ വേണ്ടി കാത്തിരിക്കുകയാണ്, നിർഭാഗ്യകരം എന്ന് തന്നെ പറയട്ടെ നിലവിലെ ലോക്ക്ഡോണും യാത്രാവിലക്കും , ക്വാറന്റൈനും , നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഒരു പാട് ബുദ്ദിമുട്ടുണ്ടാകുന്നുണ്ട്
ഈ വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാകേണ്ടത് നമ്മുടെ കടമയാണ് , അതുകൊണ്ടു തന്നെ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ ഒമാനിലും മറ്റു യാത്ര വിലക്കുള്ള രാജ്യങ്ങളിലും എത്രയും പെട്ടെന്ന് അനുവദിച്ചു തരുവാൻ വേണ്ടി ബന്ധപ്പെട്ട വകുപ്പുകളോട് അദ്ദേഹം ചർച്ച നടത്തുകയുണ്ടായി .
” നീറ്റ് ” പരീക്ഷക്ക് ഒമാനിലും സെന്റർ അനുവദിക്കണം എന്ന് രക്ഷിതാക്കളും, പരീക്ഷാർത്ഥികളും .
സെപ്റ്റംബർ 12ന് നടക്കുന്ന നീറ്റ് പരീക്ഷക്ക് ഒമാനിലും കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യം. ഈ ആവശ്യമുന്നയിച്ച് പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര മന്ത്രി വി.മുരളീധരനും നിവേദനം നൽകി. കുവൈത്തിലും യു.എ.ഇയിലും സെന്‍ററുകൾ അനുവദിച്ച സാഹചര്യത്തിൽ ഒമാനിൽ നിന്നുള്ള അഞ്ഞൂറിൽ പരം പരീക്ഷാർഥികളുടെ കാര്യത്തിലും അനുഭാവപൂർണ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും രക്ഷിതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രവാസികൾ ഏറ്റവും കൂടുതലുള്ള രാഷ്ട്രങ്ങളിൽ നീറ്റ് പരീക്ഷാകേന്ദ്രങ്ങൾ വേണമെന്നത് നേരത്തേയുള്ള ആവശ്യമാണ്. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക – സാമൂഹിക പ്രശ്നങ്ങൾ മൂലം പ്രവാസികൾക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. നാട്ടിലേക്കുള്ള സാധാരണ പോക്കുവരവുകൾ പോലും അനിശ്ചിതത്വത്തിൽ ആണെന്നിരിക്കെ പരീക്ഷക്കായി പോകാനും, തിരിച്ചുവരുവാനും ഒട്ടേറെ പ്രതിബന്ധങ്ങളുണ്ട്. ഈ അന്തരീക്ഷത്തിൽ നാട്ടിൽ പോയാൽ തിരിച്ചു വരുവാൻ പോലും പറ്റുമോ എന്ന ആശങ്കയാണ് പല രക്ഷിതാക്കൾക്കും ഉള്ളത്. രാജ്യത്ത് 21 ഇന്ത്യൻ സ്കൂളുകളുണ്ട്, കൂടാതെ 500 ൽ കൂടുതൽ നീറ്റ് പരീക്ഷാർത്ഥികളും ഉണ്ട്. ഗൾഫ് രാജ്യങ്ങളിലെ യാത്രാവിലക്ക് ഉൾപ്പടെ കാര്യങ്ങൾ അനന്തമായി നീണ്ടുപോവുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ ആത്മവിശ്വാസത്തോടെ, ജീവിതത്തിലെ നിർണായക പരീക്ഷയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കാൻ ഒമാനിൽ ഒരു പരീക്ഷാ കേന്ദ്രം അനുവദിക്കേണ്ടത് അത്യാവശ്യമാണെന്നും രക്ഷിതാക്കൾ പറഞ്ഞു.
കുവൈറ്റിനും യു.എ.ഇക്കും നൽകിയ പരിഗണന ഒമാനും നൽകണം. ഒമാനിലെ പരീക്ഷാർത്ഥികളുടെ ന്യായമായ ആവശ്യത്തിൽ കേന്ദ്രം അനുകൂല തീരുമാനം കൈക്കൊള്ളും എന്നാണ് പ്രതീക്ഷയെന്നും രക്ഷിതാക്കൾ പറഞ്ഞു. നിലവിൽ മസ്കത്തിൽ ജെ.ഇ.ഇക്കായി ഒരു പരീക്ഷാ കേന്ദ്രം ഉണ്ട്. വിഷയത്തിൽ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
വിഷയം നിയമസഭയിലും, പാർലമെന്‍റിലും ഉന്നയിക്കാൻ അംഗങ്ങളെ സമീപിക്കുന്നതിനും ആലോചിക്കുന്നുണ്ട്. രക്ഷിതാക്കളായ എം.ടി ഷാജി, പ്രദീപ്, മുഷ്താഖ്, നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന മാളവിക ഷാജി, കെവിൻ സാമുവൽ, ഇഷ്ഹാക് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.