പ്രവാസികൾ അറിയേണ്ടതിലേക്ക്…. ഗൗരവംപൂർവ്വം ശ്രദ്ധിക്കുക. കുറ്റമെന്തെന്ന് പോലും അറിയാതെ ജയിലിൽ പോകേണ്ടി വരും
പ്രമുഖ അഭിഭാഷകൻ അഡ്വക്കറ്റ് മുബഷിർ അലി ഇരിക്കൂർ എഴുതുന്നു
രണ്ടാഴ്ച മുൻപ് എന്നെ ഒരു കക്ഷി വിളിച്ചു. അവന്റെ ഫെഡറൽ ബാങ്കിലെ അക്കൗണ്ട് നാലഞ്ചു ദിവസമായി ഉപയോഗിക്കുവാൻ കഴിയുന്നില്ല. അതെ തുടർന്ന് അയാൾ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു തകരാർ പരിഹരിച്ചു തരാൻ ആവശ്യപ്പെട്ടു. അവർ അന്വേഷിച്ചു വിവരം അറിയിക്കാമെന്നു പറഞ്ഞു. കുറച്ച് കഴിഞ്ഞ ശേഷം അവർ വിളിച്ചു. നിങ്ങളുടെ അക്കൗണ്ട് ഇപ്പോൾ ഫ്രീസ് ചെയ്തിട്ടാനുള്ളതെന്നും നിങ്ങളുടെ അക്കൗണ്ടിൽ ഫ്രോഡ്ലെന്റു ഇടപാട് നടന്നിട്ടുണ്ടെന്നും ബാങ്കിൽ നേരിട്ട് ബന്ധപ്പെടണമെന്നും അറിയിച്ചു. അതുപ്രകാരം അദ്ദേഹം ബാങ്കിൽ പോയി കാര്യം അന്വേഷിച്ചു. അപ്പോൾ ആണ് ഞെട്ടിപ്പിക്കുന്ന വിവരം അറിയുന്നത്. എന്റെ കക്ഷിയുടെ അക്കൗണ്ടിലേക്ക് ഒരു ഫ്രോഡായ തുക വന്നിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രാദേശിലെ വിശാഖപ്പട്ടണം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ക്രൈം ഉണ്ടെന്നും അതിൽ നിങ്ങൾ പ്രതിയാണെന്നും അവിടെ നിന്നും അക്കൗണ്ട് ഫ്രീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കത്ത് ലഭിച്ചെന്നും പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് വിളിച്ചെന്നും അക്കൗണ്ട് ഫ്രീസ് ചെയ്തത് ആ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം ആണെന്നും അറിയിച്ചു. ഇത് കേട്ട അദ്ദേഹം ആകെ ഞെട്ടിപ്പോകുകയും ഉടൻ തന്നെ എന്നെ ബന്ധപ്പെടുകയും ചെയ്തു.എന്റെ കക്ഷിക്ക് സംസ്ഥാനത്തിന് പുറത്ത് ബിസിനസ്സൊന്നും ഇല്ല. അക്കൗണ്ടിൽ അത്തരം ഫണ്ടുകളൊന്നും വരുത്താറില്ല. ആകെ ശമ്പളയിനത്തിൽ ലഭിച്ച ഏതാണ്ട് ഒരു ലക്ഷത്തി എഴുപതിനായിരം രൂപ ഉണ്ടായിരുന്നു. സംശയമുള്ള ഒരു ഇടപാടും അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ കണ്ടിട്ടില്ല. ഞാൻ ബാങ്ക് മാനേജെറുമായി ഫോണിൽ ബന്ധപ്പെട്ടു. കാര്യം അന്വേഷിച്ചു. അദ്ദേഹം ക്രൈം നമ്പറും മറ്റും എനിക്ക് നൽകി. ഒപ്പം ഈ കേസ് അന്വേഷിക്കുന്ന പോലീസ് ഓഫിസറുടെ ഫോൺ നമ്പറും നൽകി. ഞാൻ ഉടൻ തന്നെ ആ ഓഫിസറെ ഫോണിൽ വിളിച്ച് സംസാരിച്ചു. വളരെ മാന്യമായി അവർ കാര്യങ്ങൾ വിശദീകരിച്ചു. അവർ ചില ഡാറ്റകൾ എനിക്ക് നൽകി. ഒരു സ്ത്രീക്ക് ഒരു ടെലിവിഷൻ പരിപാടിയിൽ സമ്മാനമായി കിട്ടിയ 6500000/-(അറുപത്തഞ്ചു ലക്ഷം രൂപ) ഒരാൾ ഓൺലൈനായി തട്ടിയെടുത്തതായും ഈ സംഖ്യ രാജ്യത്തെ നിരവധി ബാങ്ക് അക്കൗണ്ടകളിലായി ട്രാൻഫർ ചെയ്തിട്ടുണ്ടെന്നും അതിൽ 11500/- രൂപ എന്റെ കക്ഷിയുടെ അക്കൗണ്ടിലേക്ക് 2021 ഫെബ്രുവരി മാസം 20 ന് വന്നിട്ടുണ്ടെന്നും അത് പ്രകാരം ആണ് ഇയാളെ കേസിൽ പ്രതിയാക്കിയതെന്നും അവിടത്തെ പ്രമാദമായ കേസ് ആണിതെന്നും പ്രതികളെ അറസ്റ്റ് ചെയ്യാനും തുക വീണ്ടെടുക്കാനും കടുത്ത സമ്മർദ്ദമുണ്ടെന്നും സഹകരിക്കണമെന്നും അവർ എന്നോട് ആവശ്യപ്പെട്ടു. അതുപ്രകാരം ഞാൻ എന്റെ കക്ഷിയുമായി ഈ വിവരങ്ങൾ ചർച്ച ചെയ്തപ്പോൾ പോലീസുകാർ പറഞ്ഞത് പ്രകാരമുള്ള സംഖ്യ അക്കൗണ്ടിൽ വന്നിട്ടുണ്ട്. അത് ഇയാളുടെ സഹോദരൻ ഗൾഫിൽ നിന്നും ഒരിക്കൽ അടിയന്തിര ആവശ്യത്തിനായി അയച്ചുകൊടുത്തതാണെന്നും അറിയിച്ചു. പരിശോധനയിൽ ഈ സംഖ്യ വന്നത് paytm ട്രാൻഫർ ആയിട്ടാണ് എന്ന് മനസ്സിലായപ്പോൾ ഞാൻ കൂടുതൽ അന്വേഷണം നടത്തി. ഈ സംഖ്യ വന്ന മാർഗ്ഗം സംബന്ധിച്ച കാര്യങ്ങൾ വിദേശത്തുള്ള ഇയാളുടെ ജ്യേഷ്ഠനോട് അന്വേഷിച്ചു. അപ്പോൾ അറിഞ്ഞത് അയാൾ അയാളുടെ ഒരു സുഹൃത്തിനോട് ഇത്രയും സംഖ്യ അയക്കാൻ ആവശ്യപ്പെട്ടുവെന്നും ദിർഹം കൈമാറിയെന്നും അയാൾ വേറെ ഒരാളോട് പണമായക്കാൻ ചുമതലപ്പെടുത്തിയെന്നും അതുപ്രകാരം ഇന്ത്യയിലെ മറ്റേതൊരു ടീമിന് നിർദ്ദേശം കിട്ടിയത് പ്രകാരം അവർ ആണ് paytm ട്രാൻഫറായി ഫണ്ട് അയച്ചതെന്നും മനസ്സിലായി. ഈ വിഷയം വളരെ ഗുരുതരമായ ചതിക്കുഴി ആണെന്ന് മനസ്സിലാക്കി കൂടുതൽ ആളുകളിലേക്ക് ബന്ധപ്പെട്ടു. അപ്പോൾ ചില സൂചനകൾ ലഭിച്ചു. ചില ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ അവർ തട്ടിയെടുത്ത സംഖ്യ വിപണിയിലിറക്കാൻ ഗൾഫു മലയാളികളെ ഉപയോഗിക്കുന്നുവെന്നും ഇതുകാരണം മാന്യമായി ജോലി ചെയ്തു സമ്പാതിച്ചു ജീവിക്കുന്ന നിരപരാധികൾ അറിയാതെ കേസിൽ പ്രതിയാക്കപ്പെടന്നുവെന്നും അവരുടെ പണം നഷ്ടപ്പെടുന്നുവെന്നും മനസ്സിലാക്കുന്നത്.തുടർ അന്വേഷണത്തിൽ കൂടുതൽ അപകടകരമായ സംഭവങ്ങൾ ഓൺലൈൻ തട്ടിപ്പിലൂടെ നടക്കുന്നതയും ബോധ്യപ്പെട്ടു. സമാന സംഭവങ്ങൾ എന്റെ കക്ഷിയെ പോലെ നിരവധി പേർക്ക് നിലവിൽ സംഭവിച്ചതായി അറിയുവാൻ കഴിഞ്ഞു. വിശാഖപട്ടണം പോലീസുമായി വീണ്ടും ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞത് വലിയ തുക തട്ടിയെടുത്ത കേസുകൾ വേറെയുമുണ്ടെന്നും അത് കണ്ണൂർ ജില്ലയിൽ തന്നെ ഉണ്ടെന്നും ഗവണ്മെന്റ് പറയുന്നത് രാജ്യദ്രോഹവും യൂ എ പി എ ചുമത്തണമെന്നും ഒരു വാഹനത്തിൽ കണ്ണൂരിൽ വന്ന് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുമൊക്ക ആണെന്നും ലോക്ഡോൺ ആയതുകൊണ്ടാണ് പോലീസ് ടീം ഇപ്പോൾ ഇങ്ങോട്ട് വരാത്തതെന്നും അവർ അറിയിച്ചു. ഇത്തരത്തിലുള്ള തട്ടിപ്പ് സംഖ്യകൾ ഗൾഫ് മലയാളികളിലൂടെ കേരളത്തിൽ വിതരണം ചെയ്യപ്പെട്ട് തട്ടിപ്പ് സംഘങ്ങൾ നിയമസംവിധാനങ്ങളെ വെറും കാഴ്ചക്കാരാക്കി യത് എന്റെ പ്രിയപ്പെട്ട പ്രവാസികൾ മനസ്സിലാക്കണം. ഇപ്പോളും അക്കൗണ്ട് അൺഫ്രീസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. സ്വന്തം സഹോദരൻ ഗൾഫിൽ നിന്നും വളരെ അത്യാവശ്യമായി അയച്ച പണം ഈ രൂപത്തിൽ തട്ടിപ്പ് സംഘങ്ങളുടെ കയ്യിലൂടെ നിയമവിരുദ്ധ പ്രവർത്തങ്ങളിലൂടെ paytm പോലെയുള്ള റിസർവ് ബാങ്കിന്റെ അനുമതിയില്ലാത്ത ആ പ്പുകളിലൂടെ വന്ന് ഇങ്ങനെ ഒരു ദുരന്തം സമ്മാനിക്കുന്നത് ഒരു സാധാരണക്കാരന്റെ ജീവിതം തന്നെ തകർക്കും വിധം മാരകമായി മാറിക്കൊണ്ടിരിക്കുന്നു. അക്കൗണ്ടിൽ വന്ന സംഖ്യ തിരിച്ചു നൽകി പോലീസുമായി അന്വേഷണത്തിൽ സഹകരിച്ച് നിരപരാധിത്തം അവരെ ബോധ്യപ്പെടുത്തി തല്ക്കാലം അക്കൗണ്ട് അൺഫ്രീസ് ചെയ്തു കിട്ടാനുള്ള ശ്രമത്തിലാണിപ്പോൾ. അത് കഴിഞ്ഞാൽ കേസിൽ ഉടൻ വിശാഖപട്ടണത്ത് പോയി ജമ്മ്യം എടുക്കണം. പിന്നെയും തുടരണം നിയമനടപടികൾ കേസിൽ നിന്നും രക്ഷപ്പെടാൻ. ഇതൊരു സഹോദരന്റെ അവസ്ഥ.ഇതുപോലെ സംഭവിക്കാതിരിക്കുവാൻ പ്രവാസികൾ നാട്ടിലേക്കു പണം അയക്കുമ്പോൾ നിയമപാരമായ സംവിധാനം ഉപയോഗിച്ച് ജാഗ്രതപാലിക്കുക. പ്രവാസി സംഘടനകൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ പ്രവാസികൾക്കിടയിൽ ബോധവൽക്കരണം നടത്തണം. അല്ലെങ്കിൽ ഒരു തീവ്രദിയെപ്പോലെ നമ്മുടെ സഹോദരങ്ങൾ ജയിലിലേക്ക് വരിവരിയായി പോകേണ്ടിവരും. അതും ചെയ്യാത്ത തെറ്റിനുവേണ്ടി. ദയവ് ചെയ്തു അതിന് ഇടവരുത്താതിരിക്കുക.
പ്രവാസികളോട് സ്നേഹ പൂർവ്വം.
അഡ്വ. പി പി മുബശ്ശിർ അലി ഇരിക്കൂർ
അഡ്വക്കേറ്റ് & നോട്ടറി, കണ്ണൂർ
07-06-2021