മസ്കറ്റ് : ഒമാൻ കൃഷിക്കൂട്ടം ഈ വർഷത്തെ കൃഷിക്കുള്ള വിത്തുകൾ വിതരണം ചെയ്തു. തക്കാളി, മുളക്, ചീര,ക്യാരറ്റ്,, ബീറ്റ്റൂട്ട് തുടങ്ങി 19 ഇനം വിത്തുകൾ അടങ്ങിയ പാക്കറ്റും ചെടി തൈകളും കമ്പുകളും രജിസ്റ്റർ ചെയ്ത കൃഷിക്കൂട്ടം അംഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തു. ഒമാനിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന ആർക്കും വിത്തുകൾ ഇല്ലാതിരിക്കരുത് എന്ന ആശയം മുന്നിൽ കണ്ട് കഴിഞ്ഞ 11 വർഷങ്ങളായി സീസൺ തുടങ്ങുന്നതിനു മുൻപേ ഒമാൻ കൃഷിക്കൂട്ടം വിത്തുകൾ വിതരണം ചെയ്തു വരുന്നുണ്ട് .
ഒമാൻ കൃഷിക്കൂട്ടം അംഗം ജോർജ് മാത്യുവിന് വിത്തു പാക്കറ്റ് നൽകിക്കൊണ്ട് അഡ്മിൻ സന്തോഷ് വിത്ത് വിതരണം ഉത്ഘാടനം ചെയ്തു. അഡ്മിൻമാരായ സുനിശ്യാം, സെൽവി സുമേഷ് , രശ്മി സന്ദീപ് , വിദ്യപ്രിയ എന്നിവരുടെ നേതൃത്വത്തിൽ കൃഷിയെ പറ്റിയുളള സംശയ നിവാരണവും നടന്നു.
ഒമാൻ കൃഷിക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഷൈജു വേതോട്ടിൽ വിശദീകരിച്ചു. ഇരുനൂറോളം അംഗങ്ങൾ പങ്കെടുത്ത
ചടങ്ങിൽ അൻവർ സ്വാഗതവും അജീഷ് നന്ദിയും പറഞ്ഞു.
വരും ദിവസങ്ങളിൽ സോഹാർ, ബുറൈമി റീജിയനുകളിൽ വിത്തു വിതരണം നടക്കും. ഇനിയും വിത്തുകൾ ആവശ്യമുള്ളവർക്ക് 9380 0143 ബന്ധപ്പെടാവുന്നതാണ്