മസ്കറ്റ് : ഒമാനിൽ ബുധനാഴ്ച വരെ ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ മഴ തുടരും. മിക്ക വടക്കൻ ഗവർണറേറ്റുകളിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.മസ്‌കത്ത്, തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റിൽ മഴ ലഭിക്കും. ശക്തമായ കാറ്റു വീശും. തീരദേശങ്ങളിൽ തിരമാല ഉയരും. മഴ ശക്തമായാൽ വാദികൾ നിറഞ്ഞൊഴുകുകയും വെള്ളക്കെട്ടുണ്ടാവുകയും ചെയ്യും. കടൽ പ്രബക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.
ഒമാൻ കടലിന്റെ തീരങ്ങളിൽ തിരമാലകൾ ഉയർന്നേക്കും. എല്ലാവരും ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യർഥിച്ചു. അതേസമയം, ഇബ്ര, ഖാബൂറ, ലിവ, സുഹാർ, ബഹ്‌ല, ഇബ്രി തുടങ്ങിയ പ്രദേശങ്ങളിലും ദോഫാറിന്റെ വ്യത്യസ്ത ഭാഗങ്ങളിലും ഇന്നലെയും ഭാഗികമായി മഴ ലഭിച്ചു. മസ്‌കത്ത് ഉൾപ്പെടെ വിവിധ മേഖലകളിൽ പകൽ സമയങ്ങളിൽ അന്തരീക്ഷം മേഘാവൃതമായിരുന്നു. മഴ ലഭിച്ച സ്ഥലങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. തണുത്ത കാറ്റും അടിച്ചുവീശുന്നതിനാൽ വേനൽ ചൂടിൽ നിന്നും ആശ്വാസം ലഭിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *