മസ്കറ്റ്

ഒമാനിൽ ഉള്ളിവില മേലോട്ട് തന്നെ തുടരുന്ന സാഹചര്യത്തിൽ പ്രാദേശികമായി ഉള്ളി ഉൽപ്പാദനം വർധിപ്പിക്കുമെന്ന് ഒമാൻ. ഇന്ത്യൻ ഉള്ളി നിലച്ചതോടെ പാകിസ്താൻ ഉള്ളിയാണ് വിപണി പിടിച്ചിരുന്നത്. എന്നാൽ, പാകിസ്താൻ ഉള്ളിയുടെ വരവും കുറഞ്ഞതായി ഒമാനിലെ വ്യാപാരികൾ പറയുന്നു. ഒമാനിൽ ഉള്ളിവില അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ പ്രാദേശികമായി ഉള്ളി ഉൽപാദനം വർധിപ്പിക്കുമെന്നും വിവിധ ഗവർണറേറ്റുകളിൽ ഉള്ളി കൃഷി വ്യാപിപ്പിക്കുമെന്നും ഒമാനിലെ കാർഷിക, മത്സ്യ ജല വിഭവ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതിക്ക് നിരോധനം എർപ്പെടുത്തിയതാണ് ഒമാനിൽ ഉള്ളിവില വർധിക്കാനുള്ള കാരണം. ഒമാൻ ഇറക്കുമതി ചെയ്യുന്ന ഉള്ളിയുടെ 44 ശതമാനവും ഇന്ത്യയിൽ നിന്നാണ്. അതേസമയം ഉള്ളി കയറ്റുമതി നയത്തിൽ യാതൊരു മാറ്റവുമില്ലെന്നും കയറ്റുമതി നിരോധന മാർച്ച് 31വരെ തുടരുമെന്നുമുള്ള ഇന്ത്യൻ ഉപഭോക്തൃ കാര്യ സെക്രട്ടറി റോഹിത് കുമാർ സിങ്ങിന്‍റെ പ്രസ്താവന ഒമാനിൽ വീണ്ടും ഉള്ളി വില ഉയരാൻ കാരണമായേക്കും. റമദാൻ ആരംഭിക്കുന്നതോടെ ഉള്ളിയുടെ ഉപയോഗം ഗണ്യമായി ഉയരും. അതിനാൽ ഇന്ത്യയുടെ കയറ്റുമതി നിരോധന അവസാനിപ്പിച്ചില്ലെങ്കിൽ വില ഇനിയും ഉയർന്നേക്കുമെന്നും വ്യാപാരികൾ പറയുന്നു. ഡിസംബർ എട്ട് മുതലാണ് ഒമാനിൽ ഉള്ളി പ്രശ്നം ആരംഭിച്ചത്. മാർച്ച് വരെ പ്രതിസന്ധി തുടരുമെന്നാണ് കരുതുന്നത്. ഓരോ വർഷവും 43,000 ടൺ ഉള്ളിയാണ് ഇന്ത്യയിൽ നിന്നും ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഒമാനിൽ വർഷം തോറും 14,866 ടൺ ഉള്ളി മാത്രമാണ് ഒമാന്റെ ആഭ്യന്തര ഉൽപ്പാദനം . വില വർധനവ് നേരിടാൻ ഇറാൻ, തുർക്കി, ഈജിപ്ത്, പാകിസ്താൻ, യമൻ എന്നീ രാജ്യങ്ങളിൽനിന്ന് കൂടുതൽ ഉള്ളി ഇറക്കുമതി ചെയ്യാൻ സംവിധാനങ്ങളുണ്ടാക്കിയിട്ടുണ്ട്.എങ്കിലും കഴിഞ്ഞവർഷം ഈജിപ്ത്, യമൻ എന്നീ രാജ്യങ്ങളും ഉള്ളി കയറ്റുമതി നിരോധനം നടപ്പാക്കിയിരുന്നു. ഉള്ളി ഉൽപാദനത്തിൽ സ്വയം പര്യാപ്തത നേടുകയാണ് ഒമാന്റെ ലക്ഷ്യം. നിലവിൽ ഒമാനിൽ വിതരണം ചെയ്യുന്ന ഉള്ളിയുടെ 14 ശതമാനം മാത്രമാണ് ഒമാനിൽ കൃഷി ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *