മസ്കറ്റ് : മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റ് (നീറ്റ്) പരീക്ഷക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നു ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്തുള്ള എല്ലാ കേന്ദ്രങ്ങളും ഒഴിവാക്കിയ തീരുമാനം ഇന്ത്യൻ പ്രവാസി വിദ്യാര്ഥികളോടുള്ള വെല്ലുവിളിയാണെന്ന് മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി പ്രസിഡന്റ് അഹമ്മ്ദ് റഹീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര എച്ച് ആർ ഡി മിനിസ്റ്റർ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .554 നഗരങ്ങളിലായാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി പരീക്ഷാ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചത്. ഇവയിൽ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശ കേന്ദ്രങ്ങളുടെ പേരുകൾ ഇല്ലാത്ത് ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസി രക്ഷിതാക്കളെയും വിദ്യാർഥകളെയും ഒരുപോലെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒമാൻ ഉൾപ്പെടയുള്ള ആറ് ഗൾഫ് രാജ്യങ്ങളിലേതടക്കം ഇന്ത്യക്ക് പുറത്ത് 12 രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. ഒമാനിലെ പ്രവാസി വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസം നൽകുന്നതായിരുന്നു ഈ തീരുമാനം. ഉയർന്ന വിമാന ചാർജ് നൽകി ഇന്ത്യയിൽ പോയി പരീക്ഷ എഴുതി തിരിച്ചു വരിക എന്നത് പ്രവാസികൾക്ക് വൻ സാമ്പത്തിക ബാധ്യത ആണ്. ഇന്ത്യക്ക് പുറത്തെ കേന്ദ്രങ്ങളെല്ലാം ഒഴിവാക്കിയത് സംബന്ധിച്ച നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ(എൻ.ടി.എ) തീരുമാനം പുന പരിശോധിക്കാൻ കേന്ദ്രം തയ്യാറാവണം. രാജ്യത്തിന്റെ വിദേശ നാണ്യം നേടുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസികളെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിൽ നിന്നും പിന്മാറാൻ എൻ.ടി.എ യും കേന്ദ്ര സർക്കാരും തയ്യാറാകണമെന്നും തീരുമാനത്തിൽ ശക്തമായ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.