മസ്കറ്റ്: നിലവിലെ വർത്തമാന ഇന്ത്യൻ യാഥാർഥ്യങ്ങളിലെക്കു ഒരുപാട് ചോദ്യങ്ങൾ ഉയർത്തികൊണ്ട് തീയേറ്റർ ഗ്രൂപ്പ് മസ്കറ്റിന്റെ ഏഴാമത് നാടകം ‘സഫലമീയാത്ര’ റൂവി അൽഫലാജ് ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസിൽ അരങ്ങേറി . കേരള സംസ്ഥാന അവാർഡ് നേതാവ് ജയൻ തിരുമനയുടെ രചനയിൽ, തീയേറ്റർ ഗ്രൂപ്പ് മസ്കത്തിനുവേണ്ടി എല്ലാ നാടകങ്ങളും സംവിധാനം നിർവഹിച്ചിട്ടുള്ള അൻസാർ ഇബ്രാഹിം തന്നെയാണ് സഫലമീയാത്രക്കും രംഗഭാഷ ഒരുക്കിയത് . വർത്തമാന ഭാരതത്തിലെ അവഗണിക്കപ്പെട്ടവരുടെയും അകറ്റിനിർത്തുന്നവരുടെയും വേദനയുടെ ഒറ്റയടിപാതയിലൂടെയാണ് നാടകം സഞ്ചരിക്കുന്നത് .വർത്തമാനകാലത്തിന്റെ ദുഖങ്ങളും സന്തോഷങ്ങളും നമ്മൾ ചോദിക്കാൻ മനസ്സിൽ സൂക്ഷിച്ച ചോദ്യങ്ങളും അതിന് ആരോ തരേണ്ട മറുപടിയും നാടകത്തിൽ ചേർത്തുവെച്ചിട്ടുണ്ട് . ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന തീവ്രമായ അസഹിഷ്ണുതയെയും മനുഷ്യത്വത്തെ ഹനിക്കുന്ന കിരാതശക്തികളെയും വരച്ചു കാട്ടുന്നതിൽ രചയിതാവ് ജയൻ തിരുമനയും സംവിധായകനും വിജയിച്ചു എന്ന് തെന്നെ പറയാം , അതിനേക്കാളുപരി നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു വിഷയം ഉറക്കെ പറയുവാനുള്ള ആർജ്ജവമാണ് രചയിതാവിനെയും , സംവിധായകനെയും വേറിട്ടതാക്കുന്നതു . ബഹുസ്വരത എന്ന മഹത്തായ ആശയത്തിൽ നിന്നുകൊണ്ട് സ്നേഹം മാത്രം കൊടുത്തു വാങ്ങി വിത്യാസങ്ങളറിയാതെ കഴിഞ്ഞിരുന്ന ഒരു സമൂഹത്തിൽ നിന്നും പശുവിന്റെ പേരിൽ നരഹത്യ നടക്കുന്ന സമൂഹത്തിലേക്കുള്ള ദൂരമാണ് ഇവിടെ വരച്ചു കാട്ടുന്നത് . ഓരോ പൗരനും ഭരണഘടന ഉറപ്പു നൽകുന്ന വോട്ടവകാശം അടക്കമുള്ള മൗലികമായ അവകാശങ്ങൾ പോലും ഭീഷണിക്കും , ജാതിബോധത്തിനും മുന്നിൽ അടിയറവെക്കുമ്പോൾ എല്ലാ അനീതികൾക്കും , അടിച്ചമർത്തലുകൾക്കും മേൽ ഒരുനാൾ ഉയർത്തെഴുനേൽക്കും എന്ന് കഥാപാത്രങ്ങൾ കൃത്യമായി തന്നെ പറയുന്നു . നാടകാസ്വാദനം എന്നതിലുപരി വരാൻപോകുന്ന വിപത്തിന്റെ സൂചനകൾക്കൊപ്പം, സ്നേഹമെന്ന മഹാമുദ്രാവാക്യം മുഴക്കി തിന്മക്കെതിരെയുള്ള നന്മയുടെ വിജയം ഉറപ്പിച്ച് സമസ്തവിശ്വാസങ്ങൾക്കും ഇടമുള്ള മനുഷ്യന്റെ സ്നേഹം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു ജനതയും അവർക്കു തണലായി ഒരിന്ത്യയും ഇവിടെയുണ്ടാവണമെന്ന സന്ദേശമാണ് നാടകം നൽകിയത് . മതേതരത്വം , ബഹുസ്വരത, അഭിപ്രായ സ്വാതന്ത്ര്യം ഇതെല്ലാം ഉള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അതുപോലെ നിലനിന്നു കാണാൻ ആഗ്രഹിക്കുന്ന ഓരോ ഭാരതീയനും, കണ്ണുകൾ നനയാതെ കണ്ടു തീർക്കാനാവില്ല ഈ നാടകം . ഇന്ത്യയുടെ മനുഷ്യഭൂപടം ഒട്ടും ചോരാതെ മതേതരത്വത്തിന്റെ ദൃശ്യഭംഗി അതുപോലെ കാണികളിലേക്കെത്തിച്ച കലാരത്ന ആർട്ടിസ്റ്റ് സുജാതൻ മാസ്റ്റർ വയനാടൻ ചുരത്തിലേക്കും ഗോതമ്പിന്റെ നിറമുള്ള ഉത്തരേന്ത്യൻ പാട ശേഖരത്തിലേക്കും പ്രേക്ഷകരെ കൂട്ടികൊണ്ട് പോയി . അനിൽ കടയ്ക്കാവൂർ, ബാബു എരുമേലി , മനോഹരൻ ഗുരുവായൂർ, ശ്രാവൺ രവീന്ദ്രൻ , അലംകൃത ലിജോ അലക്സ് , സലോമി ചാക്കോ , അനിത രാജൻ, സുധ രഘുനാഥ് , ശ്രീവിദ്യ, ഇന്ദു ബാബുരാജ് ,ശ്രീദേവി കിഴക്കനേല ,സബിത , ഉദയൻ തൃക്കുന്നപ്പുഴ, അൻസാർ AJ ,അനുരാജ് , പ്രതീപ് കല്ലറ , വിൻസെന്റ് ആറ്റുവരമ്പിൽ, ജിനോ മാഷ് , ബിനു എണ്ണക്കാട് , അനീഷ് .എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത് . ഓരോ കഥാപാത്രങ്ങളും തങ്ങളുടെ ദൗത്യം പൂർണമായും നിറവേറ്റി. ലേഖ സജീവ് (സ്ക്രിപ്റ്റ് കണ്ട്രോൾ), റെജി പുത്തൂർ (രംഗോപകരണം, ചമയം), ഷാൻ ഹരി (സ്റ്റേജ് & പ്രോപ്പർട്ടി മാനേജ്‌മെന്റ്), മുജീബ് മജീദ് (അവതാരകൻ), സുരേഷ് ഹരിപ്പാട്, രവി പാലിശ്ശേരി, കരിക്കകം മണിലാൽ (സ്റ്റേജ് മാനേജ്മെന്റ്), രഞ്ജീവ് പുഷ്കരാനന്ദൻ, സജിമോൻ ഗോപാലകൃഷ്ണൻ, പ്രിയരാജ് (പ്രോപ്പർട്ടി മാനേജ്‌മെന്റ്) എന്നിവരാണ് പിന്നണിയിൽ പ്രവർത്തിച്ചത് . നേരെത്തെ ഔപചാരിക ഉദ്‌ഘാടനത്തിൽ ജയൻ തിരുമന , ആർട്ടിസ്റ്റ് സുജാതൻ മാസ്റ്റർ, അൻസാർ ഇബ്രാഹിം എന്നിവരെ ആദരിച്ചു . നാടകത്തിനു ശേഷം അഭിനേതാക്കളെയും , സാങ്കേതിക പ്രവർത്തകരെയും സദസിന് പരിചയപ്പെടുത്തികൊണ്ട് ആദരിച്ചു . 2015 ൽ മലയാളത്തിലെ എക്കാലത്തെയും ക്‌ളാസ്സിക്ക് നാടകമായ ” അശ്വമേധം ” എന്ന നാടകവുമായി അരങ്ങേറ്റം കുറിച്ച തിയേറ്റർ ഗ്രൂപ്പ് പിന്നീടുള്ള ഓരോ വർഷവും നാടകം അവതരിപ്പിച്ചരുന്നു എന്നാൽ 2019 ൽ എന്റെ മകനാണ് ശരി എന്ന നാടകം അരങ്ങിലെത്തിച്ച ശേഷം , കോവിഡ് മഹാമാരി മൂലം ഉണ്ടായ സാമൂഹിക അന്തരീക്ഷം മൂലം പിന്നീടുള്ള വർഷങ്ങളിൽ നാടകങ്ങൾ അവതരിപ്പിച്ചിരുന്നില്ല, പിന്നീട് നാല് വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മുഴുനീള നാടകവുമായി തിയേറ്റർ ഗ്രൂപ്പ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയത് . മസ്കറ്റ് പഞ്ചവാദ്യ സംഘത്തിന്റെ കലാകാരൻമാർ ആണ് സ്റ്റേജ് മാനേജ്‌മന്റ് നിയന്ത്രിച്ചത്