മസ്കറ്റ് : അധികാരം ഇല്ലാതെ മുസ്ലിം ലീഗിന് നിലനിൽക്കാൻ കഴിയില്ല എന്ന് പറയുന്ന ആളുകൾ ചരിത്രം പഠിക്കാത്തവരാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എം എ സലാം. മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നു മേഖലകളിലായി നടന്ന അഭിമാന സൗധത്തിനു മസ്കറ്റ് കെഎംസിസിയും എന്ന പരിപാടിയുടെ സമാപന സമ്മേളനം അൽഖൂദിൽ ഉൽഘാടനം ചെയ്തുകൊണ്ട് മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.പത്തുകൊല്ലം ഉണ്ടായിരുന്ന കേന്ദ്രഭരണം നഷ്ടപ്പെട്ടു. ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും തിരിച്ചുകിട്ടുമായിരുന്ന കേരളം ഭരണം ഇത്തവണ കിട്ടിയിട്ടുമില്ല. രാഷ്ട്രീയമായി മുസ്ലിം ലീഗിനെ സംബന്ധിച്ച് പ്രതിസന്ധികളും വെല്ലുവിളികളും സൗകര്യം ഇല്ലായ്മയും ഒക്കെയുള്ള കർക്കിടകമാസം ആണെങ്കിലും, മുസ്ലിം ലീഗിന് അധികാരം ഇല്ലാത്ത കാലത്താണ് കൂടുതൽ ശക്തമായി നിലനിൽക്കാൻ കഴിയുക എന്നത് ചരിത്രം സാക്ഷിയാക്കുന്ന കാര്യം ആണ്. മുസ്ലിം ലീഗിന്റെ മെമ്പർഷിപ്പ് കാമ്പയിനിലൂടെ ഇത്തവണ മെമ്പർഷിപ്പ് എടുത്തത് ഇരുപത്തിയഞ്ചു ലക്ഷം ആളുകളാണ്. ലീഗിന് അധികാരവും ചെങ്കോലും ഉണ്ടായിരുന്ന കാലത്തു ലീഗിന്റെ മെമ്പർഷിപ്പ് ഇരുപത്തിയൊന്ന് ലക്ഷം ആയിരുന്നു. നാല് ലക്ഷം മെമ്പർമാർ കർക്കിടകമാസത്തിൽ കൂടിയ പാർട്ടിയാണ് മുസ്ലിം ലീഗ്. മുസ്ലിം ലീഗ് നിലനിൽക്കുന്നത് അധികാരത്തിനു വേണ്ടിയല്ല. മുസ്ലിം ലീഗ് പാർട്ടി രൂപീകൃതമായി ഇരുപതുകൊല്ലക്കാലം ലീഗിന് അധികാരം ഉണ്ടായിരുന്നില്ല, എന്ന് മാത്രമല്ല ഏതെങ്കിലും ഒരു കാലത്തു അധികാരത്തിൽ വരും എന്ന പ്രതീക്ഷ പോലും ഉണ്ടായിരുന്നില്ല. ലീഗിന് ആത്മാർത്ഥതയുള്ള അണികളാണുള്ളതെന്നും അതുകൊണ്ട് തന്നെ രാഷ്ട്രീയ എതിരാളികൾ പോലും ലീഗിനെ ഇപ്പോഴും പുകഴ്ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടു ദിവസങ്ങളിലായി ഷർക്കിയ,ബാത്തിന , മസ്കറ്റ് മേഖലകൾ തിരിച്ചു കൊണ്ടായിരുന്നു മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സംഗമം. ഷർക്കിയ മേഖലാ സംഗമം നിസ്വയിലും ബാത്തിനാ മേഖലാ സംഗമം ഖാബൂറയിലും മസ്കറ്റ് മേഖല സംഗമം അൽ ഖൂദിലും ആണ് നടന്നത്. സമാപന സമ്മേളനത്തിൽ മസ്കറ്റ് കെഎംസിസി ആക്ടിങ് പ്രസിഡന്റ് സയ്യിദ് എ കെ കെ തങ്ങൾ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടരി പി എം ഏ ഷമീർ ,മസ്കത്ത് കെ എം സി സി ജനറൽ സെക്രട്ടരി റഹീം വറ്റല്ലൂർ, ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് അംഗം അബ്ദുൽ ലതീഫ് ഉപ്പള, മുഹമ്മദ് ബദർ അൽസമ, കൂടാതെ വിവിധ ഏരിയാ സംഗമങ്ങളിലായി സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതിയംഗങ്ങളായ സി കെ വി യൂസഫ്, മുഹമ്മദ് മാസ്റ്റർ കൊടുവള്ളി, മസ്കത്ത് കെ എം സി സി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ വാഹിദ് ബർക്ക, മുജീബ് കടലുണ്ടി, ഷാനവാസ് മുവ്വാറ്റുപുഴ, നൗഷാദ് കാക്കേരി, ഷമീർ പാറയിൽ, ഉസ്മാൻ പന്തല്ലൂർ, ഇബ്രാഹിം ഒറ്റപ്പാലം, പിടിപി ഹാരിസ്, ഏരിയാ പ്രതിനിധികളായ ഫൈസൽ മുണ്ടൂർ, ഹാരിസ് മേത്തല, അബ്ദുൽ ഹഖ് ,റഊഫ് ആയിപ്പുഴ, അലി നാദാപുരം തുടങ്ങിയവർ സംസാരിച്ചു.

മസ്കറ്റ് കെഎംസിസി ക്കു കീഴിലുള്ള മുപ്പത്തിമൂന്നു ഏരിയാ കമ്മറ്റികളും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം ഏ സലാമിൽ നിന്നും പ്രശസ്തി പത്രം ഏറ്റുവാങ്ങി.

പി ടി കെ ഷമീർ സ്വാഗതവും അശ്റഫ് കിണവക്കൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *