വിദേശത്തുവെച്ച് മരണപ്പെടുന്ന ഇന്ത്യൻ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുവരുന്നതടക്കമുള്ള ആവശ്യങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗപ്പെടുത്താൻ വിദേശ എംബസികളിലെ ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയെയാണ് ഇക്കാര്യം അറിയിച്ചത്.
മൃതദേഹങ്ങളെയും സ്ട്രെച്ചറിൽ കൊണ്ടുവരേണ്ട രോഗികളെയും നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച് ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിന് വേണ്ടിവരുന്ന ഫണ്ട് ആവശ്യാനുസരണം ഒരു അക്കൗണ്ടിൽനിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്. സ്ട്രെച്ചറിൽ യാത്ര ചെയ്യുന്ന രോഗികൾക്ക് വിമാനക്കമ്പനികളുമായി ചേർന്ന് എംബസികൾ വേണ്ട സഹായം നൽകിവരുന്നതായും മന്ത്രി അറിയിച്ചു.

