ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ ഒമാനിലെ ഒന്നാം കാർഷിക വിളയായ ഈത്തപ്പഴത്തിന്റെ വിളവെടുപ്പ് സജീവമാവുന്നു. മേയ് അവസാനത്തോടെ വിളവെടുപ്പ് ആരംഭിച്ചെങ്കിലും രാജ്യത്തെ ഏറ്റവും മധുരമുള്ളതും രുചിയുള്ളതുമായ ഇനമായ അൽ കുനൈസി വിളവെടുപ്പ് ആരംഭിച്ചതോടെ ഈത്തപ്പഴ മധുരമാണ് എങ്ങും. ജൂലൈ ആദ്യത്തോടെയാണ് അൽ കുനൈസിയുടെ വിളവ് ആരംഭിക്കുന്നത്. മധുരമൂറും രുചിയാണ് ഈ ഈത്തപ്പഴത്തെ വ്യത്യസ്തമാക്കുന്നത്. ഈത്തപ്പഴം തേൻ നിർമിക്കുന്നതിന് കർഷകർ ഖുനൈസി ഉപയോഗിക്കുന്നു.
രാജ്യത്തെ എല്ലാ വിലായതുകളിലുമായി 4.40 ലക്ഷം ഖുനൈസി ഈത്തപ്പനകളുണ്ട്. ഒരു പനയിൽ നിന്ന് ശരാശരി 46.58 കിലോ ഈത്തപ്പഴം ലഭിക്കും. ഖുനൈസി ഇനത്തിന്റെ രാജ്യത്തെ ശരാശരി ഉത്പാദനം 20,000 ടൺ ആണ്. രാജ്യത്തെ മൊത്തം ഈത്തപ്പഴ ഉത്പാദനത്തിന്റെ 5.69 ശതമാനം വരുമിത്.
ചുവന്ന നിറമാണ് ഈ പഴത്തെ വ്യത്യസ്തമാക്കുന്നത്. ഇതിൽ 86 ശതമാനവും പഞ്ചസാരയുടെ അംശമാണ്. 3.6 പ്രോട്ടീനും മറ്റ് ഘടകങ്ങളുമുണ്ട്. പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നിഷ്യം, ഇരുമ്പ്, സിങ്ക്, സോഡിയം എന്നിവയും ഈത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
ആദ്യം ഒമാനി മാർക്കറ്റിലെത്തുന്ന ഈത്തപ്പഴത്തിന് ആവശ്യക്കാരേറെയാണ്. അതിനാൽ സീസണിൽ ആദ്യം വിപണിയിലെത്തുന്ന ഈത്തപ്പഴത്തിന് വില കൂടുകയും ചെയ്യും. . സീസൺ സജീവമാവുന്നതോടെ വില കുറയും. ഫഞ്ചയിലാണ് ആദ്യം ഈത്തപ്പഴം കായ്ക്കുന്നതും വിളവെടുക്കുന്നതും. ആശ് പത്താഷ്, അൽ നഗൽ എന്നിവയാണ് ആദ്യം മാർക്കറ്റിലെത്തുന്നത്. രാജ്യത്തെ ഓരോ ഗവർണറേറ്റുകളും. ഒമാനി മാർക്കറ്റുകളിൽ അൽ റതബ് എന്ന ഫ്രഷ് ഒമാനി ഈ്ത്തപ്പഴത്തിന്റെ വിൽപ്പനയും വാങ്ങലും ഓരോ വർഷവും വർധിക്കുകയാണ്. മഞ്ഞയും ചുവപ്പും ഈത്തപ്പഴങ്ങളുണ്ട്. ഗുണമേന്മയിലും രുചിയിലും ഈ വ്യത്യാസം കാണാനാകും. ലോകത്തെ പ്രശസ്ത ഈത്തപ്പഴ ഇനങ്ങളോടൊപ്പം ഒമാനി ഇനങ്ങളും പേരുകേട്ടതാണ്
നൂറ്റാണ്ടുകളായി ഒമാനി ജീവിതത്തിൽ ഈത്തപ്പഴത്തിനു വലിയ പ്രാധാന്യമുണ്ട്. ഈത്തപ്പനകളിൽ നിന്നുള്ള സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി നേട്ടങ്ങൾ പരമാവധിയാക്കാൻ സുൽത്താനേറ്റ് വലിയ ശ്രമം നടത്തുന്നു.

