ലൈസന്സില്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ മാർക്കറ്റിങ്, പ്രമോഷനൽ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയുമായി അധികൃതർ. ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിച്ച വ്യക്തികളെ വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോത്സാഹന മന്ത്രാലയം വിളിപ്പിച്ചു.

നിരവധി പേർ ലൈസന്സില്ലാതെ പ്രമോഷനൽ, മാർക്കറ്റിങ് പ്രവർത്തനങ്ങൾ നടത്തുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മാർക്കറ്റിങ്, പ്രമോഷനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ലൈസൻസ് നേടേണ്ടതാണെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോത്സാഹന മന്ത്രാലയം ഓർമ്മിപ്പിച്ചു

സമൂഹ മാധ്യമങ്ങൾ വഴിയുള്ള ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പ്രമോട്ടർമാർ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ വാണിജ്യ കാര്യ, ഇലക്ട്രോണിക് ട്രേഡ് വകുപ്പിൽനിന്നാണ് ലൈസൻസ് എടുക്കേണ്ടത്. ഇൻവെസ്റ്റ് ഈസി പോർട്ടലിലൂടെ ലൈസൻസിന് അപേക്ഷിക്കാം. ആവശ്യമായ രേഖകൾ സമർപ്പിച്ച് ഒരുവർഷം മുതൽ മൂന്നുവർഷം വരെയുള്ള ലൈസൻസ് കാലയളവ് തിരഞ്ഞെടുക്കാം. കമ്പനി വാണിജ്യ രജിസ്ട്രേഷൻ നടത്തിയതായിരിക്കണം. മാർക്കറ്റിങ്, വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നൽകിയ ലൈസൻസ് മുമ്പ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്തിരിക്കരുത്.

ചാരിറ്റി അല്ലെങ്കിൽ സന്നദ്ധ സേവനങ്ങൾ പോലെയുള്ള ലാഭേച്ഛയില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ, വ്യാപാരി തന്‍റെ ഉൽപന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമില്ല. അപേക്ഷയിന്മേൽ 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *