രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് ഈജിപ്തിൽ ഊഷ്മള സ്വീകരണം. കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി സുല്‍ത്താനെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. തുടര്‍ന്ന് സുല്‍ത്താനെ ഹാള്‍ ഓഫ് സെറിമണീസിലേക്ക് പ്രസിഡന്റ് അല്‍ സീസി ആനയിച്ചു.
ഈജിപ്ഷ്യന്‍ റിപബ്ലിക്കന്‍ ഗാര്‍ഡ് ഓണററി ഗാര്‍ഡ് നല്‍കി. തുടര്‍ന്ന് സുല്‍ത്താനെ അല്‍ ഇത്തിഹാദിയ്യ കൊട്ടാരത്തിലേക്ക് ആനയിച്ചു. ഡെപ്യൂട്ടി പ്രധാനമന്ത്രി (പ്രതിരോധം) സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സെയ്ദ്, റോയല്‍ കോര്‍ട്ട് ദിവാന്‍ മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫീസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅമാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, ധനമന്ത്രി സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്‌സി, പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് ബിന്‍ സെയ്ദ് അല്‍ ഔഫി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ അബ്ദുസ്സലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ശിദി, വാണിജ്യ മന്ത്രി ഖെയ്‌സ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ്, ഈജിപ്തിലെ ഒമാന്‍ അംബാസഡര്‍ അബ്ദുല്ല ബിന്‍ നാസിര്‍ അല്‍ റഹ്ബി തുടങ്ങിയവരാണ് ഒമാനി സംഘത്തിലുള്ളത്.