ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിൽ പണമിടപാടിനായി ഇ-പേമെന്‍റ് സംവിധാനം ലഭ്യമാക്കാത്തതുമായി ബന്ധപ്പെട്ടുള്ള മന്ത്രാലയത്തിന്‍റെ പരിശോധന കാമ്പയിൻ തുടരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഒമാനിലെ വിവിധയിടങ്ങളിലായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയ അധികൃതർ നടത്തിയ പരിശോധനയിൽ 78 വാണിജ്യ സ്‌റ്റോറുകൾ ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേമെന്റ് സേവനം നൽകുന്നില്ലെന്ന് കണ്ടെത്തി.
2022 ജനുവരിയിലാണ് ഒമാനിലെ വ്യാപാരസ്ഥാപനങ്ങളിൽ ഇ-പേമെന്‍റ് സംവിധാനം നിർബന്ധമാക്കി തുടങ്ങിയത്. ഇതനുസരിച്ച് പല സ്ഥാപനങ്ങളും ഇ-പേമെൻറ് സംവിധാനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഇതുവരെയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരെയാണ് കർശന നടപടികൾ ഇപ്പോൾ അധികൃതർ എടുത്തുകൊണ്ടിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് ഇ-പേമെന്‍റ് സേവനം നൽകുന്നതുമായി ബന്ധപ്പെട്ട് കട ഉടമകൾക്കായി നിരവധി ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നു.
ഫുഡ് സ്റ്റഫ് സ്ഥാപനങ്ങൾ, സ്വർണം-വെള്ളി വ്യാപാര സ്ഥാപനങ്ങൾ, റസ്റ്റാറൻറുകൾ, കഫേകൾ, പച്ചക്കറി-പഴവർഗ വ്യാപാരസ്ഥാപനങ്ങൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കെട്ടിടനിർമാണ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായ മേഖല, കോംപ്ലക്സുകൾ, മാളുകൾ, ഗിഫ്റ്റ് ഇനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലാണ് ഇ-പേമെൻറ് സംവിധാനം നടപ്പാക്കിയത്.നിലവിൽ ചെറിയ സ്ഥാപനങ്ങൾ അധികവും ഇ-പേമെൻറ് സംവിധാനം നടപ്പാക്കിയിട്ടില്ല. ഇത് നടപ്പിൽ വരുത്തുന്നത് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം അധികൃതരുടെ നടപടി.