ഒരു മാസത്തെ റമദാൻ വ്രതത്തിലൂടെ  ആർജിച്ചെടുത്ത പുത്തൻ ഊർജവുമായി ഒമാനിലെ വിശ്വാസികൾ ഇന്ന് ഈദുൽഫിത്ർ ആഘോഷിക്കുന്നു

വ്യാഴാഴ്ച്ച ഓമനിലെവിടെയും ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഏപ്രിൽ 22 നായിരിക്കും ഈദുൽ ഫിത്വർ എന്ന് ഒമാൻ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

പെരുന്നാൾ രാവ് അണഞ്ഞതോടെ ഒമാനിൽ എങ്ങും തക്ബീർ ധ്വനികൾ ഉയർന്നു. ആഘോഷത്തിനുള്ള തയാറെടുപ്പുകൾ. തക്ബീർ അകലയൊലികൾ തീർത്ത ആവേശത്തിൽ വിശ്വാസികൾ ഇന്നു പുലർച്ചെ പെരുന്നാൾ നമസ്കാരത്തിനായി പള്ളികളിലേക്കും ഈദ് ഗാഹുകളിലേക്കും പുറപ്പെടും.

ഒമാനിലെ സ്വദേശികളും വിദേശികളും മസ്ജിദുകളിലും വിവിധ ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കരിക്കും. ഒമാനിൽ വിവിധ മലയാളി സംഘടനകൾ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്.

വ്രതാനുഷ്ഠാനത്തിലൂടെ വിശപ്പിന്റെയും കരുണയുടെയും പങ്കുവയ്ക്കലിന്റെയും ക്ഷമയുടെയും പുതിയ പാഠങ്ങൾ  ഉൾക്കൊണ്ടാണ് പെരുന്നാളിനെ വരവേൽക്കുന്നത്.

നീണ്ട എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം റമളാനിൽ അഞ്ചു ജുമാ നമസ്‍കാരങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിൽ ആയിരുന്നു ഒമാനിലെ വിശ്വാസികൾ. കഴിഞ്ഞ ഒരുമാസം കൊണ്ട് നേടിയെടുത്ത ആത്മ സംസ്കരണം വരും നാളുകളിലും തുടരാൻ ഇമാമുമാർ ഉദ്ബോധിപ്പിച്ചു .

റമദാൻ നോമ്പിന്റെ തെറ്റുകുറ്റങ്ങൾ പൊറുക്കുന്നതിനായി അള്ളാഹു നിശ്ചയിച്ച ഫിത്ർ സകാത്ത് നേരത്തെ തന്നെ നൽകി. ഇനിയും നൽകാത്തവർ അർഹരുടെ കൈകളിൽ എത്തിച്ചുവെന്ന് ഉറപ്പുവരുത്തി. പുലർച്ചെ നടക്കുന്ന പെരുനാൾ നമസ്കാരത്തിന്റെ മുന്നറിയിപ്പായി പള്ളികളിൽനിന്ന് തക്ബീർ ധ്വനി (ദൈവ പ്രകീർത്തനങ്ങൾ) ഉയരും.

ഒമാനിലെ സർക്കാർ, സ്വകാര്യ ജീവനക്കാർക്ക് 5 ദിവസത്തെ അവധി ലഭിച്ചതോടെ ആഘോഷം അടിച്ചുപൊളിക്കാനുള്ള തയാറെടുപ്പിലാണ് പ്രവാസി മലയാളികൾ. പലരും ഇതിനോടകം വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് തിരിച്ചിട്ടുണ്ട്. നാട്ടിലേക്കും മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് പോയവരും നിരവധി.

വ്യാഴാഴ്ച മുതൽ തന്നെ ഒമാനിൽ പെരുന്നാൾ അവധി ആരംഭിച്ചു.  ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ചയായിരുന്നു ചെറിയ പെരുന്നാൾ. സൗദി അറേബ്യയിലെ തുമൈറിൽ ശവ്വാൽ മാസപ്പിറ കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്ർ പ്രഖ്യാപിച്ചത്.

വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒട്ടേറെ ഈദ് പ്രോഗ്രാമുകളും ഒമാനിൽ ഒരുക്കിയിട്ടുണ്ട്. പെരുന്നാൾ ഉറപ്പിച്ചതോടെ ഇന്നലെ നോമ്പ് തുറന്നത് മുതൽ വനിതകളും കുട്ടികളും മൈലാഞ്ചി അണിയുന്നതിന്റെ തിരക്കിലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളുമെല്ലാം ചേർന്ന് മൈലാഞ്ചിച്ചോപ്പിൽ മതസൗഹാർദത്തിന്റെ മൊഞ്ച് പകർന്നു.

ഹെന്ന വിദഗ്ധരായ കൂട്ടുകാരെ ബുക്ക് ചെയ്തുവച്ചവരും ഏറെ. കൈകളിൽ വർണപ്രപഞ്ചം തീർക്കുന്നതിൽ മതത്തിന്റെ അതിർവരമ്പുകളില്ല. വിവിധ മതസ്ഥർ ഒത്തുചേർന്നു മൈലാഞ്ചിയണിയുമ്പോൾ ഒമാനിലെ ഈദ് ആഘോഷത്തിന് ലഭിക്കുന്നതാകട്ടെ സ്നേഹ സൗഹർത്തതിന്റെ മൊഞ്ചും .

ഹെന്ന മോഡൽ : ഹൈഫ ഫൈസൽ, മബെല സൗത്ത്

Leave a Reply

Your email address will not be published. Required fields are marked *