രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെയാണ് മഴ. ആലിപ്പഴവും വർഷിച്ചു. ജഅലാൻ ബനീ ബൂ അലി, യങ്കൽ, സുവൈഖ്, സുഹാർ, അവാബി, ഖാബൂറ, ഖുറിയാത്ത്, ആമിറാത്ത്, നഖൽ, ഇബ്രി, സമാഇൽ,റുസ്താഖ്, ഇസ്കി തുടങ്ങിയ സ്ഥല ങ്ങളിലാണ് കഴിഞ്ഞ ദിവസം സാമാന്യം നല്ല മഴ ലഭിച്ചത്. രാവിലെ മുതൽ തന്നെ വിവിധ ഇടങ്ങളിൽ മഴ പെയ്തെങ്കിലും ഉച്ചക്ക് ശേഷമാണ് ശക്തിയാർജിച്ചത്.
കഴിഞ്ഞ ദിവസം പാറയിടിഞ്ഞ് വീണ പ്രദേശത്ത് ഗതാഗതം പുനഃസ്ഥാപിച്ചു. അമീറാത്ത്-ഖുറിയത്ത് റോഡിലായിരുന്നു സംഭവം. ആർക്കും പരിക്കില്ല. രണ്ട് വാഹനങ്ങൾക്കായിരുന്നു കേടുപാടു പറ്റിയത്.
വിവിധ ഗവർണറേറ്റുകളിൽ ഇന്നും കൂടി ഒറ്റപ്പെട്ട മഴക്കും മിന്നിലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹാജർ പർവത നിരകളിലും സമീപ പ്രദേശങ്ങളിലും മസ്കത്ത്, ദോഫാർ, അൽ വസ്ത തെക്ക്-വടക്ക്ശർഖിയ ഗവർണറേറ്റുകളിലുമായിരിക്കും മഴ പെയ്യുക.