പുതിയ അധ്യായന വർഷത്തിൽ ഫീ വർധിപ്പിക്കാനുള്ള തീരുമാനം സൂർ ഇന്ത്യൻ സ്‌കൂൾ മരവിപ്പിച്ചു. ഇൻഫ്രാസ്ട്രക്ചർ ഫീസ് ആയി പത്ത് റിയാലും ഈടാക്കില്ല. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ വിളിച്ചുചേർത്ത യോഗത്തിലാണ് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും പ്രിൻസിപ്പലും തീരുമാനം അറിയിച്ചത്.
രക്ഷിതാക്കളുടെ പരാതികൾ ബി ഒ ഡിയെ അറിയിക്കുമെന്നും മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കി.
2023-2024 അധ്യായന വർഷം വർധിപ്പിച്ച ഫീസ് ഈടാക്കുമെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കൾക്ക് സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സർക്കുലർ അയച്ചത്.
കെ ജി മുതൽ പത്താം തരം വരെയുള്ള ക്ലാസുകളിൽ ഓരോ മാസവും രണ്ട് റിയാൽ വീതമാണ് ട്യൂഷൻ ഫീ ഉയർത്തിയിരുന്നത്. ഇതിന് പുറമെ ഓരോ അധ്യായന വർഷവും ഇൻഫ്രാസ്ട്രക്ചർ ഫീസ് ആയി പത്ത് റിയാൽ വീതം വിദ്യാർഥികളിൽ നിന്നും ഈടാക്കുമെന്നും എസ് എം സി പ്രസിഡന്റ് രക്ഷിതാക്കൾക്ക് നൽകിയ സർക്കുലറിൽ അറിയിച്ചിരുന്നു. ഫീസ് വർധനക്കെതിരെ രക്ഷിതാക്കൾ പ്രതിഷേധം ആരംഭിക്കുകയും കൂട്ട ഒപ്പുശേഖരണം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ നടത്തുകയും ചെയ്തിരുന്നു. അധിക ഫീസ് അടയ്ക്കില്ലെന്നും ഫീസ് കുറയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നുമുള്ള നിലപാടിലാണ് രക്ഷിതാക്കൾ.