നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരെയുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നടപടി തുടരുന്നു. ബൗഷർ വിലായത്തിലെ വാണിജ്യ, പാർപ്പിട മേഖലകളിൽ ഉപേക്ഷിക്കപ്പെട്ട നിരവധി വാഹനങ്ങൾ നീക്കം ചെയ്തു

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ അവയുടെ ഉടമകൾക്ക് കൊണ്ടുപോകാൻ നൽകിയ സമയപരിധി കഴിഞ്ഞതിന് ശേഷമാണ് നടപടിയെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു. വാണിജ്യ, പാർപ്പിട മേഖലകളിൽ കാറുകൾ ഉപേക്ഷിക്കുന്നത് നിയമ വിരുദ്ധമാണെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.നിരവധി വാഹനങ്ങളാണ് നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ടിട്ടുള്ളത്. പലതും മാസങ്ങൾ കഴിഞ്ഞവയാണ്.

ഇങ്ങനെ കാറുകൾ ദീർഘകാലത്തേക്ക് ഉപേക്ഷിക്കപ്പെടുമ്പോൾ, മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും അവ പ്രാണികളുടെയും എലികളുടെയും സങ്കേതമായി മാറുകയും ചെയ്യുന്നു. സാമൂഹിക വിരുദ്ധരും ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്. കൂടുതൽ സമയം വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ തീപിടുത്തത്തിന് ഇടയാക്കിയേക്കുമെന്നും വാഹനമേഖലയിലുള്ളവർ ചൂണ്ടികാണിക്കുന്നു.

എടുത്തുകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വാഹനത്തിൽ 14 ദിവസത്തേക്ക് മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും. ഇക്കാലയളവിൽ ഉടമ വാഹനം എടുത്തുകൊണ്ടുപോകണം. ഇല്ലങ്കിൽ 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും പിന്നീട് പൊതുലേലത്തിൽ വെക്കുകയും ചെയ്യും. ഉപേക്ഷിക്കപ്പെടുന്ന കാറുകളും ബസുകൾ പിടിച്ചെടുക്കുമ്പോൾ ഉടമകളുടെ പേരിൽ 200 റിയാൽ പഴയും ചുമത്തും.

Leave a Reply

Your email address will not be published. Required fields are marked *