മികച്ച മെഡിക്കൽ സേവനങ്ങൾ നൽകുന്നതിന് ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ‘ബദർ ട്രീറ്റ്മെന്റ് എബ്രോഡ്’ പദ്ധതിയുടെ (വിദേശത്തുള്ള ബദർ ചികിത്സ പദ്ധതി) ഭാഗമായി ഏഷ്യയിലെ ആദ്യത്തെ ജോയിന്റ് കമ്മീഷൻ ഇന്റർനാഷണൽ) ആശുപത്രിയായ തായ്ലൻഡിലെ ബുംറൻഗ്രാഡ് ഇന്റർനാഷണൽ ഹോസ്പിറ്റലുമായി കരാർ ഒപ്പുവെച്ചു.
ഒമാനിലെ സ്വദേശികൾക്കും വിദേശികൾക്കും നൂതന സാങ്കേതികവിദ്യയും പുതിയ മെഡിക്കൽ പ്രോഗ്രാമുകളും ലഭ്യമാക്കാനുള്ള പരിപാടിയുടെ ഭാഗമായാണിത്. ഷെറാട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പിട്ടത്. ബുംറൻഗ്രാഡിന്റെ ഒ.പി.ഡിയും ശസ്ത്രക്രിയാ സേവനങ്ങളും ഒമാനിൽ ലഭ്യമാക്കുക, തായ്ലൻഡിലെ ബുംറൻഗ്രാഡിൽ ചികിത്സക്ക് തയ്യാറുള്ള രോഗികൾക്ക് സൗകര്യമൊരുക്കുക, ഒമാനിലെ ഡോക്ടർമാർക്കായി ബംറൻഗ്രാഡ് ഡോക്ടർമാർ നടത്തുന്ന വിജ്ഞാന വിനിമയ പരിപാടി എന്നിങ്ങനെ മൂന്ന് വിശാലമായ മേഖലകളിൽ സേവനങ്ങൾ നൽകാനാണ് ധാരണയായിരിക്കുന്നത്.
പ്രത്യേക ചികിത്സക്കും ശസ്ത്രക്രിയാ നടപടിക്രമങ്ങൾക്കുമുള്ള നീണ്ട കാത്തിരിപ്പ് കാരണം ഒമാനികളും പ്രവാസികളും വൈദ്യസഹായം തേടി തായ്ലൻഡ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്ന് ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർ ഡോ. പി. എ മുഹമ്മദ് പറഞ്ഞു. ഇതിന് പരിഹാരമെന്നോണം രാജ്യത്തിനകത്ത് സൗകര്യം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ആവശ്യമുള്ളവർക്ക് തായ്ലൻഡിലെ ബുംറൻഗ്രാഡിൽ ചികിത്സ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നൂതന മെഡിക്കൽ സേവനങ്ങൾ നൽകുന്നതിൽ ബുംറുൻഗ്രാഡിന്റെ ക്ലിനിക്കൽ വൈദഗ്ധ്യം ഒമാനിലെ രോഗികൾക്ക് പ്രയോജനപ്പെടുമെന്ന് മാനേജിങ് ഡയറക്ടർ അബ്ദുൾ ലത്തീഫ് പറഞ്ഞു. ഈ കരാർ കൂടുതൽ ആളുകൾക്ക് നല്ല നിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുകയും തായ്ലൻഡിന്റെ മെഡിക്കൽ ടൂറിസം വിപണിയെ പിന്തുണക്കുകയും ചെയ്യുമെന്ന് ബുംറൻഗ്രാഡ് ഇന്റർനാഷണൽ ഹോസ്പിറ്റലിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആർതിരത് ചാരുകിത്പിപത് പറഞ്ഞു.