നിലപാട് കൊണ്ടും ദീർഘ ദൃഷ്ടികൊണ്ടും നേതാക്കന്മാരെയും അണികളെയും വിസ്മയിപ്പിച്ച നേതാവായിരുന്നു മർഹൂം പണാറത്ത് കുഞ്ഞിമുഹമ്മദ് സാഹിബെന്ന് മസ്ക്കറ്റ് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. റൂവി കെ. എം. സി. സി ഹാളിൽ നടന്ന പണാറത്ത് അനുസ്മരണ സംഗമം കേന്ദ്ര കമ്മിറ്റി ജ. സെക്രട്ടറി റഹീം വറ്റല്ലൂർ ഉൽഘാടനം ചെയ്തു.
ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് പൊയിക്കര അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ലീഗ് വിരുദ്ധർ ആസൂത്രണം ചെയ്തു കൊണ്ടിരുന്ന രാഷ്ട്രീയ കെണിയിൽ വീണു പോകാതിരിക്കാൻ പണാറത്ത് സ്വീകരിച്ച നിശ്ചയദാര്ഢ്യം നാദാപുരത്തിന്റെ മണ്ണിൽ മുസ്ലിം ലീഗ് പാർട്ടിയെ ജനകീയമാക്കാൻ സഹായകമായെന്ന് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ച മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി ടി. കെ.ഖാലിദ് മാസ്റ്റർ അഭിപ്രായപ്പെട്ടു. പി.ടി.കെ ഷമീർ മുഖ്യ പ്രഭാഷണം നടത്തി.
മുഖ്യാതിഥിയായി എത്തിയ ടി.കെ ഖാലിദ് മാസ്റ്ററെ കെഎംസിസി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് അശ്റഫ് കിണവക്കലും മണ്ഡലം കെഎംസിസി വൈസ് പ്രസിഡണ്ട് നൗഫൽ ഉണ്ണികണ്ടിയും ഉപഹാരം നൽകി ആദരിച്ചു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് തെരെഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം വരിച്ച പി.ടി. കെ ഷമീറിനുള്ള മണ്ഡലം കമ്മറ്റിയുടെ ഉപഹാര സമർപ്പണം അഷറഫ് നാദാപുരവും അനസുദ്ധീൻ കുറ്റ്യാടിയും ചേർന്നു കൈമാറി.
അബ്ദുറഹിമാൻ ചന്ദ്രിക, അറഫാത്ത് നരിപ്പറ്റ, ഫിറോസ് പരപ്പനങ്ങാടി, എന്നിവർ സംസാരിച്ചു. മണ്ഡലം, ജില്ലാ നേതാക്കളായ കെ.പി മുനീർ തളീക്കര, അഷ്രഫ് നിടുന്തോൾ, അനസ് കെ.പി, തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി മുഹമ്മദ് വാണിമേൽ സ്വാഗതവും, അബ്ദുള്ള പാറക്കടവ് നന്ദിയും പറഞ്ഞു.