ന്യൂന മർദ്ദത്തിന്റെ ഭാഗമായി മുസന്ദം, വടക്കൻ ബാത്തിന, ബുറൈമി, തെക്കൻ ബാത്തിന, മസ്കത്ത്, ദാഹിറ ഗവർണറേറ്റുകളിൽ ഞായറാഴ്ചവരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ 10മുതൽ 40.മീ.മീറ്റർവരെ മഴ ലഭിച്ചേക്കും.
മണിക്കൂറിൽ 28മുതൽ 45 കി.മീറ്റർവരെ വേഗതയിലായിരിക്കും കാറ്റിന്റെ വേഗത. മുസന്ദം, വടക്കൻ ബാത്തിന ഗവർണറേറ്റകളുടെ തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. ഒമാന്റെ തീര പ്രദേശങ്ങളിൽ 30മുതൽ 50 മി.മീറ്റർവരെ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരമാലകൾ രണ്ട് മുതൽ മൂന്നുമീറ്റർവരെ ഉയരാനും സാധ്യതയുണ്ട്.
കടലിൽ ഇറങ്ങറരുതെന്നും വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. കലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാൻ സ്വദേശികളും വിദേശികളും തയ്യാറാകണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) ആവശ്യപ്പെട്ടു.
അതെ സമയം ന്യൂന മർദ്ദത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ മുസന്ദം ഗവർണറേറ്റിലെ വാദികൾ നിറഞ്ഞൊഴുകി. റോഡുകളിൽ പലയിടത്തും വെള്ളം കയറുകയും ചെയ്തു. ഖസബ് വിലായത്തിലെ വാദിയില്‍ കുടുങ്ങിയ മൂന്നംഗ കുടുംബത്തെ രക്ഷിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. വാദികളിൽ ഇറങ്ങരുതെന്നും വാദികൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.