അറേബ്യൻ ഗൾഫ് രാജ്യങ്ങളുടെ ” ലോകകപ്പ് ” എന്ന് വിശേഷിപ്പിക്കുന്ന അറേബ്യൻ ഗൾഫ് കപ്പിന് നാളെ മുതൽ ഇറാഖിലെ ബസ്രയിൽ തുടക്കമാകും .
ആദ്യ മത്സരത്തിൽ ഒമാനും ആതിഥേയരായ ഇറാഖും തമ്മിൽ ഏറ്റുമുട്ടും .ഒമാൻ സമയം വൈകുന്നേരം 7 .45 നാണ് കളി . രണ്ടാം മത്സരത്തിൽ യെമനും, സൗദി അറേബിയയും തമ്മിൽ മത്സരിക്കും . ഗ്രൂപ്പ് “എ ” യിൽ ഇറാഖ്, ഒമാൻ, യമൻ , സൗദി അറേബിയ എന്നീ ടീമുകളും ഗ്രൂപ്പ് ” ബി “യിൽ കുവൈറ്റ്, ബഹ്‌റൈൻ , ഖത്തർ , യു.എ .ഇ എന്നീ ടീമുകളും ആണുള്ളത് . ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടു ടീമുകൾ വീതം സെമിഫൈനലിലേക്കു യോഗ്യത നേടും . ഒമാന്റെ മറ്റ് മത്സരങ്ങൾ ജനുവരി ഒൻപതിന് യെമെനുമായും , ജനുവരി 12 ന് സൗദി അറേബിയയും ആയാണ് . ജനുവരി 16 നു സെമിഫൈനലും . 19 ന് ഫൈനലും നടക്കും .
ടൂർണമെന്റിന്റെ ഇരുപത്തിഅഞ്ച് തവണത്തെ ചരിത്രത്തിൽ രണ്ട് തവണയാണ് ഒമാൻ കിരീടം നേടിയിട്ടുള്ളത് .2009 , 2018 വർഷങ്ങളിൽ . 2004 , 2007 വർഷങ്ങളിൽ രണ്ടാം സ്ഥാനക്കാരുമായിരുന്നു . ഇത്തവണ ഏറെ ആത്മവിശ്വാസത്തോട് കൂടിയാണ് ഒമാൻ കിരീട പോരാട്ടത്തിന് ഇറങ്ങുന്നത് .
ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പ് കോച് ബ്രാൻകൊ ഇവൻകോവിക്കിന്റെ നേതൃത്വത്തിൽ യു.എ.ഇ യിൽ നടന്നിരുന്നു . സന്നാഹ മത്സരങ്ങളിൽ സിറിയയെ തോൽപ്പിച്ച ഒമാൻ ഏറെ ആത്മവിശ്വാസത്തിലാണ്.
അറേബ്യൻ ഗൾഫ് കപ്പിലെ മത്സരങ്ങൾ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നുണ്ട് .