"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
രണ്ട് പതിറ്റാണ്ടിലേറെ കാലമായി ഒമാനിലെ ഇന്ത്യൻ സമൂഹത്തിന് നിസ്വാർത്ഥമായ സേവനം ചെയ്യുകയാണ് ഷമീർ പി ടി കെ എന്ന സാമൂഹിക പ്രവർത്തകൻ. ആയിരക്കണക്കിന് മൃത ദേഹങ്ങളാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി പി ടി കെ ഷമീർ ഇതുവരെ മാതൃരാജ്യത്തേക്ക് അയച്ചിട്ടുള്ളത്. ഇപ്പോഴും അത് തുടർന്ന് കൊണ്ടേ ഇരിക്കുന്നു
രാവും പകലും ഷമീറിനെ അന്വേഷിച്ചുകൊണ്ട് സഹജീവികളുടെ ഫോൺ വിളികളെത്തും. സഹായ അഭ്യർത്ഥനയും മൃതദേഹങ്ങൾക്ക് വേണ്ട നടപടി ക്രമങ്ങളും അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങളുമായി ഷമീർ എപ്പോഴും തിരക്കിലാണ്. ഓരോ ആഴ്ചയും രണ്ടോ മൂന്നോ മൃതദേഹങ്ങളെങ്കിലും നാട്ടിലെത്തിക്കാൻ സഹായിക്കുന്ന ഷമീർ പറയുന്നതനുസരിച്ച്, ഒരു പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ധാരാളം പേപ്പർ വർക്കുകൾ ആവശ്യമാണ്. 1998 മുതൽ, ഷമീർ ഒമാനിൽ നിന്ന് കണക്കില്ലാതെ ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചിട്ടുണ്ട്.
ഒമാനിൽ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും സാംസ്കാരിക മേഖലകളിലും ജീവകാരുണ്യ പ്രവ ർത്തനങ്ങളിലും സജീവ സാന്നിധ്യമായ ഷമീർ നിലവിൽ വിവിധ സാമൂഹിക, സാംസ്കാരിക സംഘനടകളിലും കൂട്ടായ്മകളിലും നിരവധി ഉത്തരവാദിത്വങ്ങൾ നിർവഹിച്ചു വരുന്നുണ്ട്. ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമ സെക്രട്ടറിയായി ഷമീർ പി ടി കെയെ തിരഞ്ഞെടുത്തു. ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തിരഞ്ഞെ ടുപ്പിലും ഷമീർ പി ടി കെമത്സര രംഗത്തുണ്ട്
ജീവിത യാഥാർഥ്യങ്ങൾക്ക് മുൻപിൽ പകച്ചു നിൽക്കുമ്പോൾ പി ടി കെ യെ വിളിച്ചാൽ എല്ലാം ശെരിയാകും എന്ന വിശ്വാസമാണ് ഒമാനിലുള്ള ഓരോ പ്രവാസിയുടെയും ആശ്വാസം. പണമോ പാരിതോഷികമോ അദ്ദേഹം വാങ്ങാറില്ല. പലപ്പോഴും കൈയിൽ നിന്നും പണം ചെലവഴിച്ചാണ് പലതും ചെയ്യുന്നത്. ഒരു നന്ദി വാക്ക് പോലും പ്രതീക്ഷിക്കാതെ സാമൂഹിക സേവനം തന്റെ ഉത്തരവാദിത്വമായി കണ്ടുകൊണ്ട് നിറവേറ്റുന്ന ഷമീർ പി ടി കെ എന്ന മനുഷ്യസ്നേഹി എല്ലാ സാമൂഹിക പ്രവർത്തകർക്കും ഒരു മാതൃകയാണ്.
പി ടി കെ യുടെ ഫോണിനും പി ടി കെ ക്കും വിശ്രമമില്ല. പ്രവാസികളുടെ ആവലാതികൾ കേൾക്കാനും അവർക്ക് പരിഹാരം നൽകാനും സദാ ജാഗ്രതയോടെ കാത്തിരിക്കുകയാണ് ഈ മനുഷ്യസ്നേഹി.