മൂന്നു ദിവസത്തെ ശ്ലൈഹിക സന്ദർശനത്തിനായി ഒമാനിലെത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് മസ്കത്ത് വിമാനത്താവളത്തിൽ സ്വീകരണം നൽകി. മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം.
ഇടവക വികാരി ഫാ. വർഗീസ് ടിജു ഐപ്പ്, അസോസിയേറ്റ് വികാരി ഫാ. എബി ചാക്കോ, ഫാ. സജോ ജോഷ്വാ മാത്യു, എക്സിക്യൂട്ടീവ് സമിതി, ഭരണ സമിതി, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സലാല സെന്റ്. സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക ആതിഥ്യമരുളുന്ന പരിശുദ്ധ ബാവാ തിരുമേനിയുടെ ശ്ലൈഹിക സന്ദർശന വേളയിൽ ഇന്ന് സലാല ക്രിസ്ത്യൻ സെന്ററിൽ ഇടവകയുടെ ആഭിമുഖ്യത്തിൽ പരമ്പരാഗത ചടങ്ങുകളോടെ ഊഷ്മളമായ സ്വീകരണമൊരുക്കിയിട്ടുണ്ട്.
നാളെ നടക്കുന്ന ക്രിസ്മസ് ശുഷ്രൂഷകൾക്ക് പരിശുദ്ധ ബാവ തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും. സലാല ഇടവക ഒരുക്കുന്ന വിവിധ പരിപാടികളിലും പരിശുദ്ധ ബാവാ തിരുമേനി മുഖ്യാതിഥിയാകും.