ഖത്വർ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് ജർമൻ ടീം നാളെ ഒമാനിലെത്തുന്നത്

ഖത്വർ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ജർമൻ ടീം നാളെ ഒമാനിലെത്തും. ജർമൻ ദേശീയ ടീം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജർമനിയിലും വിവിധ രാഷ്ട്രങ്ങളിലും ടൂർണമെന്റുകളിൽ കളിക്കുന്ന താരങ്ങളും ടീം ടെക്നിക്കൽ സ്റ്റാഫും വിവിധ സംഘമായാണ് മസ്‌കത്തിലെത്തുക. നവംബർ 14 മുതൽ 18 വരെ ബൗശർ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് ജർമനി ടീം ക്യാമ്പ്. തുടർന്ന് ടീം ഖത്വറിലേക്ക് പറക്കും.

നവംബർ 16ന് ഒമാൻ ദേശീയ ടീമുമായി ജർമനി സന്നാഹ മത്സരം കളിക്കും. ബുധനാഴ്ച രാത്രി ഒമ്പത് മണി മുതൽ ബൗശർ സ്‌റ്റേഡിയത്തിലാണ് മത്സരം. ഇതിന് മുന്നോടിയായി ഒമാൻ ദേശീയ ടീം മസ്‌കത്തിൽ ക്യാമ്പ് ആരംഭിച്ചു. ഒമാൻ-ജർമനി കളി കാണുന്നതിന് ആരാധകർക്കും അവസരമുണ്ട്. മത്സരത്തിന്റെ ആദ്യഘട്ട ടിക്കറ്റ് വിൽപന കഴിഞ്ഞ ദിവസം നടന്നിരുന്നു. നൂറ് കണക്കിന് ആരാധകരാണ് ടിക്കറ്റുകൾ സ്വന്തമാക്കിയത്.

സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ ജർമൻ ടീമിന്റെ പരിശീലനത്തിനായി മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. മേഖലയിലെ തന്നെ ഏറ്റവും മികച്ച ഗ്രൗണ്ട് ആണ് ബൗശറിലേത്. അതു തന്നെയാണ് ജർമൻ ടീം മുന്നൊരുക്ക ക്യാമ്പിന് മസ്‌കത്ത് തിരഞ്ഞെടുക്കാൻ കാരണം. ടീമിന്റെ പരിശീലനം നേരിൽ കാണാൻ ആരാധർക്ക് അവസരമുണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. എങ്കിലും പ്രതീക്ഷയിലാണ് ജർമൻ ടീം ഫാൻസ്.

പ്രമുഖ താരങ്ങളെല്ലാം ലോകകപ്പ് ഫുട്‌ബോളിനുള്ള ജർമനി ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. 2014ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനക്കെതിരെ ജർമനിക്കായി എക്‌സ്ട്രാ ടൈമിൽ ഗോൾഡൻ ഗോളടിച്ച മരിയോ ഗോട്‌സെ ഏഴ് വർഷത്തിനുശേഷം ദേശീയ ടീമിൽ തിരിച്ചെത്തിയപ്പോൾ 17കാരൻ സ്‌ട്രൈക്കർ യൂസോഫ മൗക്കോക്കുവും ജർമനിയുടെ 26 അംഗ ടീമിൽ ഇടം നേടി.
അതേസമയം, ബൊറൂസിയ ഡോർട്മുണ്ട് താരങ്ങളായ മാർക്കോ റൂസിനും മാറ്റ്‌സ് ഹമ്മൽസിനും കോച്ച് ഹൻസി ഫ്‌ലിക്ക് പ്രഖ്യാപിച്ച ടീമിൽ ഇടം നേടാനായില്ല. ബൊറൂസിയ ഡോർട്മുണ്ടിനായി ഈ സീസണിൽ 13 മത്സരങ്ങളിൽ ആറ് ഗോളടിച്ച മൗക്കോക്കു നാല് അസിസ്റ്റും നൽകി. ഈ പ്രകടനമാണ് കൗമാരതാരത്തിന് ദേശീയ ടീമിലേക്കുള്ള വാതിൽ തുറന്നത്.
വെർഡൻ ബ്രെമൻ ഫോർവേർഡായ നിക്ലാസ് ഫുൾക്രുഗ് ആണ് ടീമിലെ മറ്റൊരു സർപ്രൈസ് എൻട്രി. പരിക്കേറ്റ ടിമോ വെർണറുടെ ഒഴിവിലാണ് ഫുൽക്രുഗ് ടീമിലെത്തിയത്. ഗ്രൂപ്പ് ഇയിൽ സ്‌പെയിൻ, ജപ്പാൻ, കോസ്റ്റോറിക്ക ടീമുകൾക്കൊപ്പമാണ് ജർമനി. 23ന് ജപ്പാനെതിരെയാണ് ജർമനിയുടെ ആദ്യ മത്സരം.
Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *