വെള്ളിവളയങ്ങളിലൊന്നിൽ സിന്ധു നദീതട, ഹാരപ്പൻ സംസ്കാരത്തിന്റെ സൂചനകൾ

ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിൽ മൂന്ന് സഹസ്രാബ്ദത്തോളം പഴക്കമുള്ള പുരാവസ്തു സ്ഥലം കണ്ടെത്തി. സഹം വിലായത്തിലെ ദഹ്‌വ മേഖലയിലാണ് വെങ്കലയുഗത്തിലെ ആദ്യകാല പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുള്ളതെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു.ഒമാനി അമേരിക്കൻ സംയുക്ത പുരാവസ്തു ഗവേഷണ സംഘം നടത്തിയ പര്യവേക്ഷണത്തിലാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. വെങ്കലയുഗത്തിലെ ജനങ്ങൾ കൂടുതൽ കൗശലക്കാരും സാങ്കേതികമായി പുരോഗമിച്ചവരുമാണെന്ന് സ്ഥിരീകരിക്കുന്നതാണ് കണ്ടെത്തലുകൾ

ഇവിടെയുള്ള ശവകുടീരത്തിൽനിന്ന് വെള്ളി ആഭരണങ്ങളുടെ അപുർവ്വ ശേഖരവും കണ്ടെത്താനായി.
മുത്തുകൾ, വളയങ്ങൾ തുടങ്ങിയ നെക്ലേസുകളുടെ ഭാഗങ്ങൾ തുടങ്ങിയവയാണ് ലഭിച്ചത്. വെള്ളിവളയങ്ങളിലൊന്നിൽ ഇന്ത്യൻ കാട്ടുപോത്തിന്റെ രൂപം പതിച്ചിട്ടുണ്ട്. സിന്ധുനദീതട, ഹാരപ്പൻ സംസ്‌കാരങ്ങളിൽ കാണപ്പെടുന്ന സവിശേഷതകളിലൊന്നാണിത്.
വ്യാപാരികൾ അക്കാലത്ത് അന്തർദേശീയ വ്യാപാരത്തിൽ സജീവമായിരുന്നുവെന്ന്‌ സൂചന നൽകുന്നതെന്ന് അമേരിക്കയിലെ വിസ്‌കോൺസിൻ മാഡിസൺ സർവകലാശാല പ്രഫ. ജോനാഥൻ മാർക്ക് പറഞ്ഞു.
സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ പുരാവസ്തു വകുപ്പിലെ ഡോ. ഖാലിദ് ഡഗ്ലസ്, പ്രഫസർ ഡോ. നാസർ അൽ ജഹ്‌വരി, യു എസിലെ ഫിലാഡൽഫിയയിലെ ടെമ്പിൾ യൂനിവേഴ്‌സിറ്റിയിൽ നിന്നുള്ള കിംബർലി വില്യംസ് എന്നിവരായിരുന്നു ഖനനങ്ങൾ നടന്നിരുന്നത്.
വെങ്കലയുഗത്തിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ദഹ്‌വ പുരാവസ്തു സൈറ്റെന്ന് പ്രഫസർ ഡോ. നാസർ അൽ ജഹ്‌വരി പറഞ്ഞു. പൈതൃക- ടൂറിസം മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സംയുക്ത ഒമാനി- അമേരിക്കൻ പുരാവസ്തു ഗവേഷണ സംഘം 2013ൽ ആരംഭിച്ച് 2021വരെ തുടർന്ന സർവേയുടെയും പര്യവേക്ഷണത്തിന്റെയും ഫലമായാണ് ഇവ കണ്ടെത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *