"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിലെ മുപ്പത്തിരണ്ട് ചിത്രകാരന്മാർ അണിയിച്ചൊരുക്കിയ ” അവന്യൂസ് ഓഫ് വണ്ടർ അഥവാ അത്ഭുതത്തിന്റെ വഴികൾ ” ചിത്ര പ്രദർശനം വാട്ടർ ഫ്രണ്ട് ബിൽഡിങ്ങിലെ ” ആർട് ആൻഡ് സോൾ ” ഗാലറിയിൽ ആരംഭിച്ചു . രമ ശിവകുമാർ , നന്ദന കോലി എന്നിവർ ക്യൂറേറ്റർമാരായ ചിത്ര പ്രദർശനം ജനാബ് സയ്യിദ മീറ മഷാദ് മാജിദ് അൽ സയീദ് ഉദ്‌ഘാടനം ചെയ്തു .
ബൈത് മുസന്ന ഗാലറി സ്ഥാപകയായ സയ്യിദ സൂസൻ അൽ സയീദ് , ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് എം.ഡി .അബ്ദുൽ ലത്തീഫ് ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരയായ റീന ജെയിൻ , അനൂപ് ബിജലി എന്നിവർ മുഖ്യാതിഥികളായി . മുപ്പത്തിരണ്ട് ചിത്രകാരന്മാരിൽ ഇരുപത്തിനാലു പേർ ഇന്ത്യക്കാരും ഇതിൽ ഒമാനിലെ പ്രമുഖ ചിത്രകാരൻ ഷെഫി തട്ടാരത് ഉൾപ്പടെ അഞ്ചുപേർ മലയാളികളുമാണ് .
ഇതിനു പുറമെ മൂന്ന് സ്വദേശി ചിത്രകാരന്മാരും , സുഡാൻ, ഇറാൻ, ടർക്കി എന്നിവടങ്ങളിൽ നിന്നുള്ള ചിത്രകാരന്മാർ ഉൾപ്പടെ എഴുപതോളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്
പരിമിതികളില്ലാത്ത ഭാവനയാണ് ” അത്ഭുതത്തിന്റെ വഴികൾ ” എന്ന ആശയം മുന്നോട്ട് വെക്കുന്നത് , പ്രപഞ്ചത്തിൽ നമുക്ക് ചുറ്റുമുള്ള എല്ലാം അത്ഭുതമാണ് അത് പ്രപഞ്ച സൃഷ്ടികളായ പർവ്വതങ്ങളും , സമുദ്രങ്ങളും , വനങ്ങളും ആകട്ടെ , പക്ഷി മൃഗാദികൾ ആകട്ടെ , മനുഷ്യൻ ആകട്ടെ എല്ലാം തന്നെ നമ്മിൽ എങ്ങിനെയൊക്കെ അത്ഭുതം സൃഷിടിക്കുന്നു എന്നത് വിവരണാതീതം ആണ് .
ഇത്തരത്തിൽ ഒരു വിഷയം ചിത്രകാരന് മുന്നിൽ അനന്തമായ ഭാവനയുടെ വഴികൾ തുറന്നിടുന്നു അതുകൊണ്ട് തന്നെ ഇതിൽ പങ്കെടുത്ത കലാകാരന്മാരുടെ പങ്കാളിത്തം വിചാരിച്ചതിലും അധികമായിരുന്നു എന്ന് പറയാം . ഭാവിയിൽ ഇത്തരത്തിൽ കൂടുതൽ ചിത്ര പ്രദർശനം സംഘടിപ്പിക്കാൻ പ്രചോദനമാകുന്ന ഒന്നാണ് ഇതെന്ന് ക്യൂറേറ്റർമാരായ രമ ശിവകുമാർ , നന്ദന കോലി എന്നിവർ പറഞ്ഞു .
ഒമാനിലെ മറ്റ് ചിത്രകാരന്മാർ , പൗര പ്രമുഖർ, ഇന്ത്യൻ എംബസ്സി ജീവനക്കാർ , മാധ്യമ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . ഓസ്റ്റിൻ ഡിസിൽവ , ഗീതു, ക്രിഷ് എന്നിവരാണ് പ്രദർശനത്തിന്റെ മേൽനോട്ടം വഹിക്കുന്നത് . ഒമാനിലെ അറിയപ്പെടുന്ന പുല്ലാംകുഴൽ വിദഗ്‌ധൻ പ്രദീപിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഗീത പരിപാടി ചടങ്ങിന്റെ മാറ്റ് കൂട്ടി
ഷാതി അൽ ഖുറമിലെ വാട്ടർ ഫ്രണ്ട് ബിൽഡിങ്ങിൽ ആണ് ആർട് ആൻഡ് സോൾ ഗാലറി പ്രവർത്തിക്കുന്നത് . നവംബർ മൂന്നിന് ആരംഭിച്ച ചിത്രപ്രദർശനം നവംബർ പത്തു വരെ തുടരും രാവിലെ പത്തു മണിമുതൽ രാത്രി പത്തു മണിവരെയാണ് പ്രദർശന സമയം