ഒമാനിലേക്ക് ആഡംബര കപ്പലുകൾ എത്തിത്തുടങ്ങി,
ഇനി വിനോദസഞ്ചാര മേഖലയുടെ നാളുകൾ

കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിഞ്ഞ ശേഷമുള്ള ആദ്യ ടൂറിസ്റ്റ് സീസണ് തുടക്കമായി . ഈ സീസണിലെ ആദ്യ ആഡംബര കപ്പൽ തീരംതൊട്ടു. മെയ് ഷിഫ് ക്രൂസ് കപ്പലാണ് മത്ര സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തിയത്. 2,178 സഞ്ചാരികളാണ് കപ്പലിലുള്ളത്. കൂടുതൽപേരും ജർമനിയിൽ നിന്നുള്ളവരാണ്. ഇനിയുള്ള നാളുകളിൽ ഒട്ടേറെ ആഡംബര കപ്പലുകൾ തീരത്തെത്തും . 

കപ്പൽ സഞ്ചാരികളെ വരവേൽക്കാൻ മസ്‌കത്ത്, ദോഫാർ, മുസന്ദം ഗവർണറേറ്റുകൾ മികച്ച മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കൊവിഡിന് മുമ്പുള്ള തലത്തിലേക്ക് ക്രൂസ് മേഖല ഈ വർഷമെത്തുമെന്ന് ഏറ്റവും വലിയ ക്രൂസ് ഇൻഡസ്ട്രി ട്രേഡ് അസ്സോസിയേഷനായ ക്രൂയിസ് ലൈൻ ഇന്റർനാഷണൽ അസോസിയേഷന്റെ റിപ്പോർട്ട് പറയുന്നു. കോവിഡ് മൂലം മന്ദഗതിയിൽ ആയിരുന്ന ടൂറിസം മേഖലക്ക് ഇനിയുള്ള കാലം ഉണർവിന്റേതാണ് . അതോടൊപ്പം മത്ര സൂഖ് അടക്കമുള്ള വ്യാപാരികൾക്കും പ്രതീക്ഷയുടെ നാളുകളാണ് 

കൂടുതൽ ക്രൂസ് കപ്പലുകൾ അടുത്തമാസങ്ങളിലായി സുൽത്താനേറ്റിലെത്തും. 2,500 യാത്രക്കാരുമായി നവംബർ മൂന്നിന് ഐഡബെല്ലയും പത്തിന് 930 യാത്രക്കാരുമായി വൈക്കിംഗ് മാർസും എത്തും. മസ്‌കത്ത് സുൽത്താൻ ഖാബൂസ് പോർട്ട്, സലാല, ഖസബ് തുറമുഖങ്ങൾ എന്നിവിടങ്ങളിലാണ് കപ്പലുകൾ നങ്കൂരമിടുക.

മേഖലയിൽ ഏറ്റവും കൂടുതൽ കപ്പൽ സഞ്ചാരികളെത്തുന്ന രാജ്യമാണ് ഒമാൻ. ഒമാന്റെ പൈതൃകവും ഭൂപ്രകൃതിയും ഉല്ലാസ കേന്ദ്രങ്ങളും വിപണിയുമെല്ലാം സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് വേഗമെത്താനുള്ള സൗകര്യം, തുറമുഖങ്ങളിലെ നൂതന സംവിധാനങ്ങൾ, സുരക്ഷിതത്വം തുടങ്ങിയവയും ഒമാനെ പ്രത്യേകമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *