"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
നബിദിനത്തോടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ആശംസകൾ നേർന്നു. എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും ഐക്യവും കൊണ്ടുവരട്ടെയെന്നും എംബസി സാമൂഹ്യ മാധ്യമ സന്ദേശത്തിൽ പറഞ്ഞു. വിവിധ മുസ്ലിം പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിപുലമായ നബിദിനആഘോഷപ രിപാടികളാണ് ഒമാനിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. വിവിധ മദ്റസകളിൽ മൗലിദ് പരായണവും കുട്ടികൾക്കുള്ള കലാമത്സര പരിപാടികളും അരങ്ങേറി. മൗലീദ് പാരയണങ്ങളും അന്നദാനങ്ങളും നടന്നു.
രാജ്യമെങ്ങും പ്രവാചക പ്രേമികൾ നബിദിനമാഘോഷിച്ചു. പ്രകീർത്തന സദസുകൾ ഒരുക്കിയും മധുരം വിതരണം ചെയ്തും പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജൻമദിന സന്തോഷം സ്വദേശികളും വിദേശികളും പങ്കുവെച്ചു. വ്യത്യസ്ത പരിപാടികളാണ് നബിദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയത്. സ്വദേശികളുടെ നേതൃത്വത്തിൽ പള്ളികളിൽ മൗലിദ് സദസുകൾ അരങ്ങേറി. വിദേശികളും പങ്കെടുത്ത സദസുകളിൽ വൻ ജനപങ്കാളിത്തമുണ്ടായി.
മലായളികളടക്കമുള്ള പ്രവാസികളും പാക്കിസ്ഥാൻ, സുഡാൻ, ബംഗ്ലാദേശ്, അൾജീരിയ, ഫലസ്തീൻ തുടങ്ങിയ വിദേശരാജ്യങ്ങളിലെ പൗരന്മാരും വ്യത്യസ്തമായ ആഘോഷ പരിപാടികളാണ് നടത്തിയത്. മലയാളി കൂട്ടായ്മകളുടെ മദ്റസകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ പരിപാടികളും ബുർദ ആസ്വാദനം, മദ്ഹുർറസൂൽ പ്രഭാഷണം തുടങ്ങിയ പരിപാടികൾ നടന്നു. മദ്റസകളുടെ നേതൃത്വത്തിലുള്ള കുട്ടികളുടെ പരിപാടികൾ പ്രവാസികൾക്ക് ഗൃഹാതുര സ്മരണ നൽകും. വരും ദിവസങ്ങളിലും വ്യത്യസ്ത ആഘോഷങ്ങൾ അരങ്ങേറും. റബീഉൽ അവ്വൽ മാസം കഴിയുന്നത് വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ നടക്കും.