"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
കെ.എം. ഷാജിയുടെ പ്രതികരണം മുസ്ലിം ലീഗിലെ വിഭാഗീയതയായി കാണേണ്ടതില്ലെന്ന് എം.എസ്.എഫ് മുന് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ. മസ്കറ്റിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഫാത്തിമ തഹ്ലിയ. ഓരോ നേതാക്കൾക്കും അവരുടേതായ സംസാര ശൈലികളും രീതികളുമുണ്ട്. അതിന് ഗ്രൂപ്പ് രാഷ്ട്രീയമായി കാണേണ്ടെന്നും തഹ്ലിയ കൂട്ടിച്ചേർത്തു.
Photo : V K Shafeer
മുസ് ലിം ലീഗ് ഇടതുപക്ഷത്തേക്ക് പോകുമെന്നുള്ളത് മാധ്യമ സൃഷ്ടിയാണ്. മുതിർന്ന നേതാക്കൾ തന്നെ ഇക്കാര്യത്തിൽ വേണ്ട വിശദീകരണം തന്നിട്ടുണ്ട്. . ഊഹാപോഹങ്ങളുടെ പുറത്ത് നടക്കുന്ന ചർച്ചകളാണിതെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ലീഗിൽ വിഭാഗീയതയുണ്ടായെന്ന് തനിക്ക് അഭിപ്രായമില്ല. ആദ്യം കുറച്ച് ആശയകുഴപ്പം ഉണ്ടായെങ്കിലും പ്രചാരണത്തെ അത് ബാധിച്ചിട്ടില്ല. ഒരു തെരഞ്ഞെടുപ്പിൽ നിരവധി ഘടകങ്ങൾ ഉൾപ്പെടുന്നുണ്ട്. കോഴിക്കോട് സൗത്തിലെ തോൽവിയിൽ പാർട്ടി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആ റിപ്പോർട്ട് വന്ന ശേഷം വിഷയം ചർച്ച ചെയ്യാം. ഒരു വനിത മത്സരിച്ചത് കൊണ്ടാണ് പരാജയപ്പെട്ടതെന്ന് പറയാനാവില്ല. വനിതകൾക്ക് അനുകൂലമായ മണ്ഡലങ്ങളിൽ ഒന്നാണ് കോഴിക്കോട് സൗത്ത് എന്നും ഫാത്തിമ തഹ്ലിയ വ്യക്തമാക്കി.
സ്ത്രീകൾ ഒതുക്കപ്പെടുന്നതിൽ ലീഗിനെ മാത്രം കുറ്റപ്പെടുത്താനാകില്ല. പുരുഷാധിപത്യമുള്ള ഒരു സമൂഹത്തിൽ സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നുണ്ട്. ഏറിയോ കുറഞ്ഞോ അളവിൽ സി പി എമ്മിലും ബി ജി പിയിലും ഉൾപ്പെടെ ഇത് കാണാനാകും. തീർച്ചയായും ഇത്തരം കാര്യങ്ങൾ മാറ്റപ്പെടേണ്ടതാണ്. മുസ്ലിം ലീഗിലും ഭാവിയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നത്.
അടുത്ത കാലങ്ങളിൽ ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് മുസ്ലിം സ്ത്രീകൾ അടക്കമുള്ളവർ മുന്നോട്ട് വരുന്നത് വർധിച്ചിട്ടുണ്ട്. അത് എതിർക്കപ്പെടേണ്ട കാര്യമല്ല. ആഘോഷിക്കാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള അവസരം ഒരുക്കണം. മാറിനിൽക്കുന്നവർക്ക് അതിനുള്ള അവസരവും ഒരുക്കണം. അതാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വൈവിധ്യമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
റൂവി കെ എം സി സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഡപുരം, ജനറൽ സെക്രട്ടറി അമീർ കാവനൂർ, ട്രഷറർ മുഹമ്മദ് വാണിമേൽ, സെക്രട്ടറി ഫിറോസ് പരപ്പനങ്ങാടി വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.