മസ്കറ്റ് 

ഒമാനിൽ സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കിടയിൽ പ്രവാസി തൊഴിലാളികളെ ഇനി മുതൽ ഉപാധികളോടെ കൈമാറാം. രാജകീയ ഉത്തരവ് അടിസ്ഥാനപ്പെടുത്തി തൊഴിൽ മന്ത്രിയാണ് ഇത് സംബന്ധിച്ച് തീരുമാനം പുറപ്പെടുവിച്ചത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ സംവിധാനം പ്രാബല്യത്തിൽ വരും.

ഒമാനിലെ നിശ്ചിത നിബന്ധനകൾ പാലിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് തൊഴിലാളികളെ പരസ്പരം താത്കാലികമായി കൈമാറാൻ സാധിക്കുക. തൊഴിലാളി നിലവിൽ ജോലി ചെയ്യുന്ന അതേ പ്രഫഷനിലേക്ക് മാത്രമെ കൈ മാറാൻ പാടുള്ളൂ.സ്വദേശിവത്കരിച്ച തൊഴിലുകളിലേക്ക് ജീവനക്കാരെ കൈമാറാൻ പാടില്ല. കൈമാറ്റം ചെയ്യുന്നതിന് തൊഴിലാളിയുടെ സമ്മതം ഉണ്ടായിരിക്കണം. 

തൊഴിൽ മാറ്റം ലഭിച്ച സ്ഥലത്ത് ചുരുങ്ങിയത് ആറ് മാസമെങ്കിലും ജോലി ചെയ്തിരിക്കണമെന്നും കുറഞ്ഞത് ആറ് മാസത്തെ വിസാ കാലാവധി ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്. രണ്ട് സ്ഥാപനങ്ങളുടെയും സേവനങ്ങൾ മന്ത്രാലയം നിർത്തിവെച്ചതാകരുത്. വർഷത്തില് ആറ് മാസക്കാലം മാത്രമേ ഇത്തരത്തിൽ താത്കാലിക കൈമാറ്റം പാടുള്ളൂവെന്നും മന്ത്രിതല ഉത്തരവിൽ പറയുന്നു.

രണ്ട് സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാൻ പാടില്ല. കൂടാതെ നിർദിഷ്ട സ്വദേശിവത്കരണ നിരക്കുകൾ പാലിച്ചിരിക്കണം. ഒരു കമ്പനിയുടെ ആകെ തൊഴിലാളികളിൽ 50 ശതമാനത്തിൽ അധികം ജീവനക്കാരെ ഒരേ സമയം കൈമാറ്റം ചെയ്യാൻ പാടില്ല. മാറ്റപ്പെടുന്ന കമ്പനികളിലും രജിസ്റ്റർ ചെയ്ത തൊഴിലാളികളെക്കാൾ 50 ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ മറ്റൊരു സ്ഥാപനത്തിൽ നിന്നും സ്വീകരിക്കാൻ പാടില്ല.

താത്കാലികമായി തൊഴിലാളിയെ സ്ഥലം മാറ്റുന്ന ഘട്ടത്തിൽ ട്രാൻസ്ഫർ കാലയളവ് അവസാനിച്ചതിന് ശേഷവും ഇവിടെ ജോലി ചെയ്യിപ്പിക്കരുത്. തൊഴിൽ മാറ്റ കാലയളവിൽ തൊഴിലാളിക്ക് നിശ്ചയിച്ചിട്ടുള്ള മുഴുവൻ അവകാശങ്ങളും കടമകളും വേതന വ്യവസ്ഥകളും പുതിയ സ്ഥപനവും ഉറപ്പുവരുത്തണം. .

പുതിയ സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കുകയാണെങ്കിൽ സ്ഥലം മാറ്റം ലഭിച്ച സ്ഥാപനത്തെ തൊഴിലാളി ഉടൻ അറിയിക്കുകയും ഇതിനുള്ള തെളിവ് ഹാജറാക്കുകയും വേണം കൂടാതെ, ജോലി ഉപേക്ഷിക്കുന്നതിനുള്ള നോട്ടീസ് രണ്ടാമത്തെ സ്ഥാപനം മന്ത്രാലയത്തിൽ സമർപ്പിക്കുകയും വേണം. തൊഴിലാളിയുടെ താത്കാലിക സ്ഥലം മാറ്റം കാലയളവും അയാളുടെ യഥാർത്ഥ സേവന കാലയളവായി കണക്കാക്കുമെന്നും തൊഴിൽ മന്ത്രാലയം പുറത്തിറയ ഉത്തരവിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *