മസ്കറ്റ് : മസ്കറ്റ് വയനാട് പ്രവാസി അസോസിയേഷന്‍ ഔേദ്യാഗിക ലോഗോ പ്രകാശനം ചെയ്തു. ചടങ്ങില്‍ ചെയര്‍മാന്‍ ലിനു സ്രീനിവാസും പ്രസിഡന്റ് ഷാജി ജോസഫും ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. ഭാരവാഹികളായ ഫൈസല്‍ കോട്ടേക്കാരന്‍, റാസിക്ക് വരിയില്‍, തന്‍വീര്‍ കടവന്‍, ഷൗക്കത്ത് പള്ളിയാല്‍, ഷാഹുല്‍ പാറക്ക, സുനില്‍ സുരേഷ് സംബന്ധിച്ചു.
ഒമാനിലെ വയനാട് ജില്ലക്കാരായ പ്രവാസികളെ പരസ്പരം ബന്ധിപ്പിക്കുന്ന കൂട്ടായ്മയാണ് വയനാട് പ്രവാസി അസോസിയേഷന്‍ എന്നും ജാതി- മത- രാഷ്ട്രീയ ഭേദമന്യേ ഒത്തുചേര്‍ന്ന് പരസ്പരം പിന്തുണ നല്‍കുകയും ആവശ്യഘട്ടങ്ങളില്‍ സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആറു വര്‍ഷങള്‍ക്ക് മുമ്പ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ആയി ആരംഭിച്ച ചെറു സംഘം ഇന്ന് കൂടുതല്‍ വിശാലമായി കൂട്ടായ്മ എന്ന രൂപത്തിലേക്ക് മാറിയിരിക്കുകയാണ്. വയനാട്ടുകാരായ ആര്‍ക്കും ഈ സംഘടനയുടെ ഭാഗമാകാമെന്നും ചെയര്‍മ്മാന്‍ ലിനു ശ്രീനിവാസ് പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വിനോദസഞ്ചാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഒമാനും വയനാടും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ജനങ്ങളുടെ ഉന്നമനവും ലക്ഷ്യമിടുന്നു. മുണ്ടക്കൈ ദുരന്തം പോലുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ ബോധവത്കരിക്കുകയും സഹായിക്കുകയും ചെയ്യുന്നതിനൊപ്പം അവര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും ശ്രമിക്കും.
ഒമാനും വയനാടിനുമിടയില്‍ ടൂറിസവും സാംസ്‌കാരിക വിനിമയവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ നാടിന്റെ സൗന്ദര്യവും കഴിവുകളും പ്രദര്‍ശിപ്പിക്കുക കൂടിയാണ് ലക്ഷ്യമാക്കുന്നതെന്ന് പ്രസിഡന്റ്് ഷാജി ജോസഫ് പറഞ്ഞു. ഒത്തൊരുമിച്ചാല്‍ ഇവിടെയുള്ള സഹോദരങ്ങള്‍ക്കും വയനാടിനും വലിയ നേട്ടങ്ങള്‍ കൈവര്‍ക്കാനാകുമെന്ന് ജനറല്‍ സെക്രട്ടറി ഫൈസല്‍ കോട്ടേക്കാരന്‍ പറഞ്ഞു.