മസ്കറ്റ് : പ്രശസ്ത സിനിമ താരം ഭീമൻ രഘു നയിക്കുന്ന ആവേശകരമായ വടംവലി മത്സരം നവംബർ 7നു രാത്രി 9.30നു അൽ അമീറിത്തുള്ള ഒമാൻ ഹോക്കി സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘടകർ അറിയിച്ചു. ഗൾഫ് ഹോക്കി ഫിയസ്റ്റ 2024ന്റെ ഭാഗമായി നടക്കുന്ന ഈ വടം വലി മത്സരത്തിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പുരുഷ – വനിത ടീമുകൾ പങ്കെടുക്കുന്നുണ്ട്. നവംബർ 7,8,9 തീയതികളിൽ നടക്കുന്ന ഗൾഫ് ഹോക്കി ഫീസ്റ്റാ 2024 മത്സരത്തിൽ അന്താരാഷ്ട്ര വനിത ഹോക്കി ടീമുകൾ, ഇന്റർ സ്കൂൾ ടീമുകൾ കൂടാതെ വിവിധ രാജ്യങ്ങളും മാറ്റുരയ്ക്കുന്നുണ്ട്. ഒമാൻ ജനതയുടെ മനസ്സിൽ ഹോക്കിയെ മുൻനിരയിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഫാൻസോൺ പോലെയുള്ള ക്രമീകരണങ്ങൾ കൂടുതൽ ആകർഷകം ആയിരിക്കും. പ്രശസ്ത ഗായിക സജ്ല സലീം നയിക്കുന്ന മാപ്പിളപ്പാട്ടും, കാണികളെ ഹരം കൊള്ളിക്കാൻ മുട്ടിപ്പാട്ടും വേദിയെകൂടുതൽ ആകർഷകമാക്കും. 500ഓളം വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിരയും, കുക്കറി മത്സരവും, കുട്ടികൾക്കായി ചിത്രരചനയും കൂടാതെ മറ്റനേകം വിവിധ കലാപരിപാടികളും അരങ്ങേറുന്ന ഫാൻസോണിൽ വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഫുഡ് സ്ട്രീറ്റുകളും ഉണ്ടായിരിക്കുന്നതാണ് എന്നും അധികൃതർ അറിയിച്ചു
