മസ്കറ്റ് : തലച്ചോറിൽ ഉണ്ടായ അമിത രക്തശ്രാവത്തെ തുടർന്ന് ഇബ്രി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഗുരുവായൂർ സ്വദേശിയായ സത്യനെ വിദഗ്ദചികിത്സക്കായി നാട്ടിലെത്തിച്ചു.40വർഷമായി ഒമാനിൽ പ്രവാസജീവിതം നയിക്കുന്ന സത്യൻ, ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ഇബ്രി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടത്. വിദഗ്ദ്ധചികിത്സയ്ക്കായി നാട്ടിൽ എത്തിക്കണം എന്ന വീട്ടുകാരുടെ അഭ്യർഥന ഇബ്രിയിലെ സാമൂഹിക പ്രവർത്തകരായ സുഭാഷ്, കുമാർ, തമ്പാൻ, സുനീഷ് എന്നിവർ ഏറ്റെടുത്ത ശേഷം നടത്തിയ കൂട്ടായ പ്രവർത്തനമാണ് എയർലിഫ്റ്റിംഗ് സാധ്യമാക്കിത്. കഴിഞ്ഞ ദിവസം ഒമാൻ എയർ വിമാനത്തിൽ വെന്റിലേറ്റർ സഹായത്തോടെ എയർലിഫ്റ്റ് ചെയ്ത രോഗിയേ പരിചരിക്കാൻ ഡോക്ടർ ഉൾപ്പെടുന്ന മെഡിക്കൽ സംഘവും ഒപ്പം യാത്രയിൽ ഉണ്ടായിരുന്നു. ഇബ്രിയിൽ നിന്നും ആദ്യം മസ്കറ്റിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതും അടുത്ത ദിവസം നാട്ടിലേക്ക് എയർ ലിഫ്റ്റ് ചെയ്യുന്നതുമായ പ്രവർത്തങ്ങൾ കോർഡിനേറ്റ് ചെയ്തത് സാമൂഹ്യ ക്ഷേമ പ്രവർത്തകനായ മനോജ് പെരിങ്ങേത്തിന്റെ നേതൃത്വത്തിലായിരുന്നു. മസ്കറ്റിലെ സാമൂഹ്യക്ഷേമ പ്രവർത്തകരായ സുഗതൻ , സിസാർ , സുബിൻ എന്നിവരും സത്യനെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുന്നപ്രവർത്തനത്തിൽ പങ്കാളികളായി. കൊച്ചി ആസ്റ്റർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സത്യന്റെ ആരോഗ്യനില മെച്ചപെടുത്തുവാൻ വേണ്ട ചികിത്സ ആരംഭിച്ചതായി കുടുംബാംഗങ്ങൾ അറിയിച്ചു.