മസ്കറ്റ് : ആടുജീവിതം സിനിമയെ കുറിച്ച് അറബ് ലോകത്ത് വിമർശനങ്ങൾ തുടരുമ്പോഴും നിലപാടിൽ ഉറച്ച് ഒമാനി നടൻ ഡോക്ടർ താലിബ് അൽ ബലൂഷി. ഈ സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ താൻ സന്തുഷ്ടനാന്നെന്നും എന്നാൽ അറബ് സാമൂഹ്യ മാധ്യമ ലോകത്ത് നടക്കുന്ന കാര്യങ്ങളിൽ താൻ ദുഖിതനാണെന്നും അദ്ദേഹം പറഞ്ഞു. മസ്കറ്റിൽ റൂവി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഫാമിലി മീറ്റിൽ മുഖ്യ അതിഥി ആയി പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.സോഷ്യൽ മീഡിയയിൽ ചിലർ ഈ സിനിമയുടെ കഥയും താൻ ഈ സിനിമയിൽ അഭിനയിച്ചതും ഇഷ്ടപ്പെടുന്നില്ല. ചിത്രം സംസാരിക്കുന്നത് കേവലം സൗദിഅറേബ്യയോ, ഒമാനൊ അതുപോലെ ഏതെങ്കിലും അറബ് രാജ്യങ്ങളിൽ മാത്രമുള്ള വിഷയത്തെക്കുറിച്ചല്ലെന്നും ലോകത്തെവിടെയും സംഭവിക്കുന്ന തൊഴിലാളി പ്രശനത്തെയാണ് സിനിമ പ്രതിനിധാനം ചെയ്യുന്നതെന്നുമെന്നാണ് വിമര്ശകരോട് പറയാനുള്ളതെന്നും താലിബ് വ്യക്തമാക്കി.ലോകം മുഴുവനും മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നും തൊഴിൽ പ്രശനങ്ങൾ പരിഹരിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നത് കൊണ്ടാണ് ഞങ്ങൾ ഈ സിനിമ ചെയ്തത്. ഈ ചിത്രം നൽകുന്ന വലിയ സന്ദേശവും അത് തന്നെയാണ്. മനുഷ്യത്തത്തെ കുറിച്ചു വലിയ സന്ദേശം നൽകുന്ന സിനിമയാണ് ആടുജീവിതം. ഏതു രാജ്യക്കാരായാലും , മനുഷ്യരെ കുറിച്ചും അവരുടെ പ്രശനങ്ങളെ കുറിച്ചും സംസാരിക്കുന്ന കൂടുതൽ ചിത്രങ്ങൾ ഭാവിയിൽ ഉണ്ടാവട്ടെയെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ചിത്രം നെട്ഫ്ലിക്സിൽ റിലീസ് ചെയ്തതോടെ അതിന്റെ അറബിക് ട്രാൻസിലേഷൻ പുറത്തിറങ്ങി. അതാണ് ഈ വിഷയം അറബ് ലോകത്ത് ചർച്ച തുടങ്ങാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.