മസ്കറ്റ് : അസ്‌ന കൊടുങ്കാറ്റ് അറബിക്കടലിൻ്റെ വടക്കുകിഴക്കായി ഒമാൻ തീരമായ റാസ് അൽ ഹദ്ദ് ൽ നിന്ന് ഏകദേശം 635 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതായി നാഷണൽ മൾട്ടി-ഹാസാർഡ് എർലി വാണിംഗ് സെൻ്ററിൽ നിന്നുള്ള ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും സൂചിപ്പിക്കുന്നു. കേന്ദ്രത്തിന് ചുറ്റുമുള്ള കാറ്റിൻ്റെ വേഗത 35 നോട്ടിക്കൽ മൈലിനും നും 45 നോട്ടിക്കൽ മൈലിനും ഇടയിലാണ്. ഏറ്റവും അടുത്തുള്ള മഴ മേഘം ഒമാൻ സൂറിലെ റാസ് അൽ-ഹദ്ദ് തീരത്ത് നിന്നും 280 കിലോമീറ്റർ അകലെയാണ് . വരുന്ന 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ് ഒമാൻ കടലിലേക്ക് നീങ്ങുന്നത് തുടരുമെന്നും തുടർന്ന് വരുന്ന 48 മണിക്കൂറിൽ തെക്ക്/തെക്ക് പടിഞ്ഞാറ് ദിശയിൽ തെക്കൻ ശർഖിയ തീരങ്ങളിൽ നിന്ന് ക്രമേണ ചിതറിപ്പോകുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മുതൽ തിങ്കൾ വരെ, തെക്കൻ ശർഖിയ, നോർത്ത് ശർഖിയ, മസ്‌കറ്റ്, അൽ വുസ്തയുടെ ചില ഭാഗങ്ങൾ എന്നി ഗവർണറേറ്റുകളെ ബാധിക്കുന്ന 10-30 മില്ലിമീറ്റർ വരെ വ്യത്യസ്‌ത തീവ്രതയുള്ള മഴ ലഭിച്ചേക്കാം. വാദികൾ ഒഴുകുമെന്നും , കടൽ പ്രക്ഷുബ്‌ദമാകുമെന്നും മുന്നറിയിപ്പുണ്ട്. സെപ്‌റ്റംബർ 3 ചൊവ്വാഴ്ച രാവിലെയോടെ ചുഴലിക്കാറ്റിൽ നിന്നുള്ള ആഘാതങ്ങൾ ക്രമേണ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഒമാൻ കാലാവസ്ഥാകേന്ദ്രം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.