ജോർദാൻ : ആടു ജീവിതം എന്ന സിനിമയിൽ അഭിനയിച്ചതിൽ താൻ ഖേദിക്കുന്നുവെന്നും സൗദി സമൂഹത്തോട് മാപ്പു പറയുന്നതായും ആടുജീവിതം സിനിമയിലെ ജോർദാനി നടൻ ആകിഫ് നജം. സൗദി അറേബ്യയെയും അവിടുത്തെ അന്തസ്സുറ്റ ജനങ്ങളെയും മികച്ച അവസ്ഥയില്‍ കാണിക്കാനുള്ള ആഗ്രഹത്താലാണ് സിനിമയിൽ അഭിനയിച്ചത്. എന്നാൽ സിനിമ പുറത്തുവന്നതോടെയാണ് യഥാർത്ഥ കഥ അറിഞ്ഞത്.
സൗദികളുടെ ധീരതയും മനുഷ്യത്വവും പ്രതിഫലിപ്പിക്കുന്ന കഥാപാത്രമായതിനാലാണ് ആ വേഷം ചെയ്യാന്‍ താന്‍ സമ്മതിച്ചത്. തിരക്കഥ പൂര്‍ണമായും താന്‍ വായിച്ചിരുന്നില്ല. മറ്റുള്ളവരെ പോലെ സിനിമ കണ്ടപ്പോഴാണ് സിനിമയിലെ സൗദി വിരുദ്ധത മനസിലായത്. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിഞ്ഞിരുന്നെങ്കില്‍ ഒരു സാഹചര്യത്തിലും അഭിനയിക്കുമായിരുന്നില്ല. ജോര്‍ദാന്‍ ജനതക്ക് സൗദി ഭരണാധികാരികളുമായും ജനങ്ങളുമായും സാഹോദര്യ, കുടുംബബന്ധങ്ങളുമുണ്ട്. ആടുജീവിതത്തില്‍ വേഷമിട്ടതിന് സൗദി ജനതയോട് ക്ഷമാപണം നടത്തുന്നതായും ആകിഫ് നജം സാമൂഹ്യ മാധ്യമത്തിൽ പറഞ്ഞു.
നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി ഈ പോസ്റ്റിന് കമന്റുകൾ നൽകിയത്.