മസ്കറ്റ്: മസ്കറ്റ് കെഎംസിസിയുടെ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ നിരക്കിൽ ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് ഒമാനിലെ എൻ എം സി ആശുപത്രി ഗ്രൂപ്പും മസ്കറ്റ് കെഎംസിസി യും ധാരണയിലെത്തി. ഏറ്റവും നൂതനമായ സാങ്കേതിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്ന ഒമാനിലെ ആരോഗ്യ സേവന ദാതാക്കളായ എൻ എം സി ഗ്രൂപ്പിന്റെ ഒമാനിലുടനീളമുള്ള വിവിധ ആശുപത്രികളിലാവും പദ്ധതിയുടെ ഭാഗമായി നിരക്കിളവ് ലഭ്യമാകുക. എൻ എം സി ഹെൽത്ത്‌ കെയർ ജനറൽ മാനേജർ മുഹമ്മദ്‌ റാഷിദ്‌ അൽ ഷിബിലിയും മസ്കറ്റ് കെഎംസിസി സെക്രട്ടറിയും കെയർ വിംഗ് ചെയർമാനു മായ ഇബ്രാഹിം ഒറ്റപ്പാലം എന്നിവർ ധാരണാ പത്രത്തിൽ ഒപ്പ് വെച്ചു. ഹെഡ് ഓഫ് ഓപ്പറേഷൻ അജിംഷ പി എ, രാഹുൽ മസ്കറ്റ് കെ എം സി സി വൈസ് പ്രസിഡന്റ്റുമാരായ നവാസ് ചെങ്കള, നൗഷാദ് കാക്കേരി, സെക്രട്ടറി ബി എസ്സ് ഷാജഹാൻ എന്നിവർ സന്നിഹ്തരായിരുന്നു.കുറഞ്ഞ നിരക്കിൽ ആരോഗ്യസേവനം ലഭ്യമാക്കുന്നതിലൂടെ സാധാരണക്കാരായ പ്രവാസികളെ ചേർത്ത് നിർത്തുകയാണ് എൻ എം സി ചെയ്യുന്നതെന്നും ഇത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണെന്നും മസ്കറ്റ് കെഎംസിസി ഭാരവാഹികൾ പറഞ്ഞു. മസ്കറ്റ് കെഎംസിസി യോട് ചേർന്ന് ഇത്തരത്തിൽ സൗജന്യ സേവനം പ്രഖ്യാപിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും എല്ലാ പ്രവാസികൾക്ക് മികച്ച ആരോഗ്യ സേവനം ഉറപ്പുവരുത്തുമെന്നും, പരമാവധി നിരക്കിളവ് ലഭ്യമാക്കുമെന്നും എൻ എം സി മാനേജ്‌മെന്റ് വ്യക്തമാക്കി. ഇതിന്റെ ആനുകൂല്യം ഉടൻ തന്നെ പ്രവർത്തകർക്ക് ലഭ്യമായി തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *