സലാല : ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാല മലയാള വിഭാഗത്തിൻ്റെ ഈ വർഷത്തെ ഓണസദ്യ സെപ്തമ്പർ 20 വെള്ളിയാഴ്ച കാലത്ത് 11.30 മുതൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. പ്രസിദ്ധ പാചക വിദഗ്ധൻ ശ്രീ. പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന സദ്യയാണ് ഈ വർഷത്തെ പ്രത്യേകത.മലയാള വിഭാഗം അംഗങ്ങൾക്ക് സദ്യ സൗജന്യമാണ്. സലാല മലയാളികൾക്ക് പഴയിടത്തിൻ്റെ സദ്യ ആസ്വദിക്കാനായി മലയാള വിഭാഗം സൗകര്യമൊരുക്കുന്നുണ്ട്. സദ്യയുടെ പ്രവേശന കൂപ്പൺ സലാലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാണ്. കേരളപ്പിറവി ആഘോഷവും, ബാലകലോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനവും നവമ്പർ 1 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ വെച്ച് നടക്കും.സുപ്രസിദ്ധ സിനിമാ പിന്നണി ഗായകനും, എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ.വി.ടി.മുരളി പരിപാടി ഉദ്ഘാടനം ചെയ്യും.വിവിധ ചാനൽ പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതനായ ശ്രീ.പ്രദീപ് പൂലാനിയുടെ സ്റ്റേജ് ഷോ, സലാലയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങിന് മിഴിവേകും.സലാലയിലെ ഇന്ത്യാക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടി മലയാള വിഭാഗം നടത്തി വരുന്ന ബാലകലോത്സവത്തിൻ്റെ മത്സരങ്ങൾ ഒക്ടോബർ 18 മുതൽ ആരംഭിക്കും. മത്സരാർത്ഥികൾക്കുള്ള ഗൂഗ്ൾ ഫോം വഴിയുള്ള റജിസേ‌ട്രേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്. റജിസ്ട്രേഷൻ സ്വീകരിക്കുന്ന അവസാന ദിനം ഓഗസ്റ്റ് 30 ആണ്. LKG, UKG,1, 2, 3 എന്നീ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ കഥാകഥനം, ആംഗ്യപ്പാട്ട് എന്നീ ഇനങ്ങൾ ഈ വർഷം പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് വൈ. പ്രസിഡണ്ട് സണ്ണി ജേക്കബ്ബ്, മലയാള വിഭാഗം കൺവീനർ എ പി കരുണൻ, കോ കൺവീനർ റഷീദ് കൽപ്പറ്റ, ട്രഷറർ സജീബ് ജലാൽ, കൾച്ചറൽ സെക്രട്ടറി പ്രശാന്ത് നമ്പ്യാർ, ബാല കലോത്സവം സെക്രട്ടറി ഷജിൽ കോട്ടായി, സ്പോർട്സ് സെക്രട്ടറി മണികണ്ഠൻ ആർ നായർ, ജോ. ട്രഷറർ ഡെന്നി ജോൺ, എക്സി.അംഗം ദിൽ രാജ് ആർ നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *