മസ്കറ്റ് :  ജോയ് ആലുക്കാസ് എക്സ്ചേഞ്ച് , ഇൻസ്റ്റന്റ് ക്യാഷുമായി ചേർന്ന് എല്ലാവർഷവും സംഘടിപ്പിക്കുന്ന വനിതാ വോളിബാൾ ടൂർണമെന്റിന്റെ മൂന്നാം സീസണ്‌ ആവേശകരമായ പരിസമാപ്തി .  ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബോഷറിലെ, ബോഷർ ക്ലബ്ബിൽ വെച്ച്  നടന്ന ടൂർണമെന്റിൽ  പത്തു രാജ്യങ്ങളിൽ നിന്നും , ഇരുപത്തിമൂന്ന് ടീമുകളിൽ നിന്നായി മുന്നൂറിലേറെ കളിക്കാരാണ് മത്സരങ്ങളിൽ  മാറ്റുരച്ചത് . ആവേശകരമായ ഫൈനലിൽ മിക്സെർസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി  ഫോക്സ് ഹാർഡ് ജേതാക്കളായി . മിക്സെർസ് ഒന്നാം റണ്ണറപ്പായും , ക്രൂസേഡേർസ് രണ്ടാം റണ്ണറപ്പുമായി . മികച്ച സ്പൈക്കറായി ഫോക്സ് ഹാർഡിലെ   നെഗാ സലഷോറിയും , മികച്ച കളിക്കാരിയായി  മിക്സറിലെ സെപിറ്റ ഇസ്മായിലിയും , മികച്ച സെറ്ററായി  ഫോക്സ് ഹാർഡിലെ ഐദ തവക്കോലിയും , മികച്ച സെർവർ ആയി മിക്സറിലെ ഫതേമേ ബിഗ്‌ദെലിയും തിരഞ്ഞെടുക്കപ്പെട്ടു . ജേതാക്കൾക്ക് ക്യാഷ് അവാർഡും , ട്രോഫിയും, മെഡലുകളും സമ്മാനിച്ചു .  ജേതാക്കൾക്ക് ഒമാനിലെ ഫിലിപ്പീൻസ് എംബസ്സിയിലെ തൊഴിൽ വിഭാഗം സെക്രട്ടറി ഗ്രിഗറിയോ അബലോസ് , ഒമാൻ വോളിബാൾ അസോസിയേഷൻ ബോർഡ് അംഗം ആയിഷ  എന്നിവർ  ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. കാണികൾക്ക് നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങളും വിതരണം ചെയ്തു .   രാവിലെ നടന്ന  ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങു ഒമാനിലെ ഫിലിപ്പീൻസ് അംബാസഡർ  റൗൾ  എസ് ഹെർണാണ്ടസ് ഉദ്‌ഘാടനം ചെയ്തു . സ്വന്തം രാജ്യത്ത് എന്നപോലെ ഒമാനിലും വോളിബാളിനെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കളിക്കാരെ അഭിവാദ്യം ചെയ്യുന്നതായും , ഇതിനു മുൻകൈ എടുക്കുന്ന  ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഭാരവാഹികളെ അഭിനന്ദിക്കുന്നതായും , അതോടൊപ്പം അടുത്ത ലോസ് ഏഞ്ചലസ് ഒളിമ്പ്കസിൽ പങ്കെടുക്കാൻ ഇന്നത്തെ  കളിക്കാർക്ക് കഴിയട്ടെ എന്നും അംബാസഡർ  റൗൾ   എസ് ഹെർണാണ്ടസ് ആശംസിച്ചു . ചടങ്ങിൽ  ഇൻസ്റ്റന്റ് ക്യാഷ് ഒമാൻ കൺട്രി  ഹെഡ് നിയാസ് നൂറുദീൻ, ഒമാനിലെ ഉഗാണ്ടൻ സമൂഹത്തിന്റെ സോഷ്യൽ ക്ളബ്ബ് സെക്രട്ടറി നടാഷ പമേല ആഹാബ്‌വെ , ആസ്റ്റർ റോയൽ ഹോസ്പിറ്റലിലെ എല്ല് രോഗ വിദഗ്ദൻ ഡോക്ടർ കല്യാൺ ശൃങ്കാവരപ്പ് , ഒമാനിലെ ജോയ് ആലുക്കാസ് ജ്വല്ലറി റീജിയണൽ വിഭാഗം തലവൻ ആന്റോ ഇഗ്‌നേഷ്യസ് , ഒമാൻ വോളിബോൾ അസോസിയേഷൻ വിഭാഗം തലവൻ ഖലീൽ അൽ ബലൂഷി , ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഹ്യൂമൻ റിസോഴ്സ് വിഭാഗം തലവൻ ഫഹദ് അൽ ഹബ്സി എന്നിവർ ആശംസകൾ നേർന്നു  . ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്‌സൺ ബേബി സ്വാഗതവും , അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ നന്ദിയും പറഞ്ഞു  
2022 ൽ ആദ്യമായി ആരംഭിച്ച വനിതാ വോളിബോൾ ടൂർണമെന്റിന് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ലഭിച്ച ആവേശകരമായ പ്രതികരണം തന്നെയാണ് ഇത്തവണയും  ലഭിച്ചതെന്നും പങ്കെടുക്കുന്ന രാജ്യങ്ങളും  ടീമുകളും , വർദ്ധിച്ചത് തങ്ങളെ കൂടുതൽ വിപുലമായി ടൂർണമെന്റ് സംഘടിപ്പിക്കാൻ പ്രചോദനമാണെന്നും  ജനറൽ മാനേജർ നിക്‌സൺ ബേബി പറഞ്ഞു . സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ഒമാനിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ വനിതാ വോളിബാൾ ടൂർണമെന്റ് മൂന്നു സീസൺ പൂർത്തിയാക്കുന്നത് എന്നും നിക്‌സൺ ബേബി കൂട്ടിച്ചേർത്തു . വനിതകൾക്ക് വേണ്ടി ഒമാനിൽ നടക്കുന്ന ഏറ്റവും വലിയ കായികമത്സരത്തിൽ പങ്കെടുത്ത കളിക്കാരെയും, ജേതാക്കളെയും അഭിനന്ദിക്കുന്നതായും , ടൂർണമെന്റ് വിജയകരമായി നടത്താൻ സഹായിച്ച  വോളിബാൾ അസോസിയേഷൻ , റഫറിമാർ , ഗ്രൗണ്ട് ജീവനക്കാർ, ഒഫീഷ്യൽസ്, മെഡിക്കൽ ടീം, മാധ്യമ പ്രവർത്തകർ , കാണികൾ എന്നിവർക്ക് ഹൃദയപൂർവം നന്ദി അറിയിക്കുന്നതായി  ജോയ് ആലുക്കാസ് എക്സ്ചേഞ്ച്   അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു .

അടുത്ത വർഷം മലയാളികളുടെ സ്വന്തം ടീം …..
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വനിതാ വോളിക്ക് ഓരോ വർഷവും ടീമുകളും , കളിക്കാരും വർദ്ധിക്കുമ്പോൾ കേരളത്തിൽ നിന്നും മലയാളികളുടെ ഒരു സ്വന്തം ടീം ഇല്ലാത്തതു തങ്ങൾ ഗൗരവമായി കാണുന്നു എന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഭാരവാഹികൾ പറഞ്ഞു   . അതിനാൽ അടുത്ത സീസണിൽ മലയാളികളുടെ സ്വന്തം വനിതാ ടീമിനെ ടൂർണമെൻറിൽ പങ്കെടുപ്പിക്കാൻ എല്ലാവിധ സഹായവും ചെയുന്നതാണെന്നും മാനേജ്‌മന്റ് ഭാരവാഹികൾ അറിയിച്ചു . വനിതാ വോളിബാളിൽ കേരളത്തിന് മഹത്തായ പാരമ്പര്യം ഉണ്ട് , ദേശീയ അന്തർ ദേശീയ തലങ്ങളിൽ വരെയുള്ള താരങ്ങളെ സംഭാവന ചെയ്ത മണ്ണാണ് കേരളത്തിന്റേത് ആ പാരമ്പര്യം പേറുന്ന കളിക്കാർ ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്നവരിൽ ഉണ്ടാകും എന്നും അതിനാൽ വനിതാ വോളിബാൾ കളിക്കാർ സ്വന്തം ടീമുമായി മുന്നോട്ട് വരണം എന്നും മാനേജ്‌മന്റ് ഭാരവാഹികൾ അറിയിച്ചു . ഇരുപത്തിമൂന്ന് ടീമുകൾ പങ്കെടുത്തിട്ടും കേരളത്തിന്റ ഒരു വനിതാ ടീം ഇല്ലാഞ്ഞത് തങ്ങളെ നിരാശപ്പെടുത്തിയെന്ന് കാണികളും അഭിപ്രായപ്പെട്ടു , അടുത്ത വർഷം കേരളത്തിന്റെ ടീം ഉണ്ടാകുമെന്നു പ്രത്യാശിക്കുന്നതായും അവർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *