മസ്കറ്റ് : ഒമാനിലിപ്പോൾ മുന്തിരിക്കാലമാണ്. ജൂണ്‍ മുതല്‍ തുടങ്ങിയ സീസൺ ആഗസ്റ്റ് വരെ തുടരും. ഒമാനിലെ വിവിധ വിലായത്തുകളിൽ വ്യാപകമായി മുന്തിരി കൃഷി നടക്കുന്നുണ്ട് ദോഫാർ, ദാഖിലിയ, തെക്ക് – വടക്ക് ബാത്തിന, തെക്ക് – വടക്ക് ഷർഖിയ എന്നീ ഗവർണറേറ്റുകളിലൊക്കെ ധാരാളമായി മുന്തിരി കൃഷിയുണ്ട്. വേനൽക്കാലത്ത് മിതമായ താപനിലയുള്ള പർവത പ്രദേശങ്ങളിലാണ് മുന്തിരി ധാരാളമായി വിളയുന്നത്. രാജ്യത്ത് ഏകദേശം 200 ഏക്കർ മുന്തിരി കൃഷിയിൽ നിന്നും 1,000 ടണ്‍ മുന്തിരി ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് പ്രാദേശിക മുന്തിരി ഉപഭോഗത്തിന്റെ 4.2 ശതമാനം മാത്രമാന് .ഇതു മുഖേനയുള്ള വരുമാനം ഏകദേശം 1.5 ദശലക്ഷം ഒമാനി റിയാലാണ്. കനത്ത ചൂടുള്ള വേനൽ കാലത്ത് രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തിരക്കൊഴിഞ്ഞ് കിടക്കുമ്പോള്‍ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ് ഒമാനിലെ മുന്തിരത്തോട്ടങ്ങള്‍. മുദൈബിയിലെ അല്‍ റൗദ, റുസ്താഖിലെ വക്കാന്‍, നഖലിലെ വാദി ബനീ ഖറാസ് എന്നീ ഗ്രാമങ്ങളില്‍ എല്ലാം തന്നെ ധാരാളം പേരാണ് മുന്തിരിത്തോട്ടങ്ങള്‍ സന്ദര്‍ശിക്കാനും തോട്ടങ്ങളില്‍നിന്ന് പറിച്ചെടുക്കുന്ന മധുരമേറിയ മുന്തിരി വാങ്ങി കൊണ്ടുപോകാനും എത്തുന്നത്. 24 ഇനം മുന്തിരികളാ ണ് ഒമാനിൽ വിളയിക്കുന്നത്. പരമ്പരാഗത ജലസേചന പദ്ധതിയായ ഫലജു കളിലെയും കിണറുകളിലെയും വെള്ളമാണ് പൊതുവെ മുന്തിരി കൃഷിക്ക് ഉപയോഗിക്കുന്നത്. ഒമാനില്‍ ഏറ്റവും കൂടുതല്‍ മുന്തിരി ഉല്‍പാദി പ്പിക്കുന്നത് മുദൈബി വിലായത്തിലെ അല്‍ റൗദയിലാണ്. എട്ട് ഏക്കര്‍ സ്ഥലത്തെ കൃഷിയിൽ നിന്നും 60 ടണ്‍ മുന്തിരിയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. സുല്‍ത്താനേറ്റില്‍ മുന്തിരി കൃഷിയും ഉല്‍പാദനവും വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ, ദാഖിലിയ, വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍ മുന്തിരിക്കായി രണ്ട് ജീന്‍ ബാങ്കുകള്‍ , വിവിധ ഗവര്‍ണറേറ്റുകളില്‍ 25 ഏക്കര്‍ വിസ്തൃതിയില്‍ 25 മുന്തിരി ഫാമുകള്‍ എന്നിവക്ക് പുറമെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഇബ്ര വിലായത്തില്‍ 100 ഏക്കറി ല്‍ 10 മാതൃക മുന്തിരി ഫാമുകള്‍ സ്ഥാപിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. മുന്തിരി കൃഷി വ്യാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും കാര്‍ഷിക മന്ത്രാലയം വന്‍ പിന്തുണയാണ് കൃഷിക്കാര്‍ക്ക് നല്‍കുന്നത്.